Followers

Tuesday, November 25, 2014

ദൈവദശകത്തിലെ ദൈവം

എം.കെ.ഹരികുമാർ

(യോഗനാദത്തിന്റെ പത്രാധിപരായ ശ്രീ വിജയറാം സർ ആണ് എന്നോട് രണ്ടു മാസം മുൻപ്  ‘ദൈവദശക’ത്തെപ്പറ്റി ഒരു ലേഖനം എഴുതി തരണമെന്ന് ആവശ്യപ്പെട്ടത്.വീടു മാറുന്ന തിരക്കിലായതിനാൽ ഞാൻ ക്ളേശിച്ചു.അദ്ദേഹം വീണ്ടും വിളിച്ചു സമയപരിധി നിശ്ചയിച്ചു. അങ്ങനെ എഴുതിയതാണ് ഈ ലേഖനം . ഇത് യോഗനാദത്തിൽ ജൂലായിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.)
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
ബുദ്ധമതത്തിൽ ഒരു ദൈവവുമില്ല; അതിൽ ആത്മാവുമില്ല. അതായത്‌, ദൈവമില്ലാതെയും മതത്തിനു നിൽക്കാം. എന്നാൽ അപാരമായ, വിസ്മയകരമായ ഒരു ജൈവാവസ്ഥയും അസ്തിത്വത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള സൂക്ഷ്മബോധവും നീതിയെക്കുറിച്ചുള്ള തീവ്രമായ വിചാരവും ബുദ്ധമതത്തിലുണ്ട്. മതത്തിന്‌ സദാചാരമോ ധാർമ്മികതയോ വേണമെന്നില്ല. റോമൻ, ഗ്രീക്ക്‌ മതാനുയായികൾ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ മനുഷ്യബലി നടത്തിയിരുന്നു. നമ്മുടെ നാട്ടിൽ തന്നെ ഇപ്പോഴും, ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കോഴികളെയും മറ്റും ബലി കൊടുക്കുന്നു. ദൈവങ്ങളെ നമ്മൾ സൃഷ്ടിച്ചാൽ, നമുക്ക്‌ തന്നെ അതിനാവശ്യമായ നീതിസാരവും ഉണ്ടാക്കേണ്ടി വരും. പലമതങ്ങളിലും ദൈവങ്ങളെ സ്വാർത്ഥലാഭത്തോടെ കണ്ടുപിടിച്ചിട്ടുണ്ട്‌. ദൈവങ്ങളുടെ പ്രീതിയും അപ്രീതിയും സമൂഹത്തിലെ അധികാരഘടനയുമായി ചേർന്നു നിൽക്കുന്നതാണ്. അധഃസ്ഥിതനായ ഒരുവന്റെ ജീവിതത്തെ നിർണയിക്കുന്നതിനു, ദൈവത്തിന്റെ തന്നെ ഉദ്ധരണികൾ കൂട്ടിനുണ്ടെങ്കിലോ? ഏത്‌ അസുരനാണെങ്കിലും അവന്‌ നന്മ ചെയ്യാൻ അവകാശമുണ്ടായിരിക്കണം. അവൻ അംഗീകരിക്കപ്പെടണം. അവനെ സ്നേഹിക്കാനുള്ള ഒരു മനസ്സ്‌ ഈ പ്രപഞ്ചത്തിലെവിടെയോ ഉണ്ട്. വർഗരഹിതമായ ഒരു കാഴ്ചയുടെ അർത്ഥത്തിലേക്കാണ്‌ ദൈവചിന്ത നമ്മെ കൊണ്ടുപോകേണ്ടത്‌.
ദൈവത്തിനു മതമില്ല, എന്നാൽ മനുഷ്യനു മതമുണ്ട്‌. ദൈവത്തിനു മുകളിൽ നിന്ന്‌ മാത്രമല്ല, നമ്മളിലൂടെയും നോക്കാൻ കഴിയുന്നു. നമ്മളായിട്ട്‌ ദൈവം അഭിനയിക്കുന്നു. നമ്മൾ എത്ര വൈവിധ്യമുള്ളവരാണ്‌! നമ്മളിൽ എത്രയോ മുഖങ്ങളും ജീവിതങ്ങളുമുണ്ട്‌. അതെല്ലാം ദൈവവും ജീവിക്കുന്നു. തീർച്ചയായും നമ്മെ കൊണ്ടുനടക്കുന്നതിനായി, നമ്മുടെ എല്ലാ നടപ്പുകളും ദൈവത്തിനും ഏറ്റെടുക്കേണ്ടി വരുന്നു. ദൈവികമായ ഏകീഭാവത്തിലെത്തുന്നതിനു പകരം, നമ്മൾ നാനാവിധമായ വഴികളിലൂടെ അനേകം ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ട്‌ പിറവിയിൽ നിന്ന്‌ അകന്നുപോകുകയാണ്‌ ചെയ്യുന്നത്‌.

ഒരു ജാതിയിലുമില്ലാത്ത മാനുഷ്യാവസ്ഥ
മാനവരാശിയുടെ ചരിത്രത്തിൽ, മിക്കപ്പോഴും ദൈവത്തിന്റെ പേരിൽ വർഗ്ഗത്തെ സൃഷ്ടിച്ചിരുന്നു. അതെല്ലാം മനുഷ്യന്റെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. ദൈവനിർമ്മാണത്തിൽ മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും അവരുടേതായ പങ്കുണ്ട്‌. സമ്പന്നതകൊണ്ട്‌ പ്രീതിപ്പെടുന്ന ദൈവം, പണമുള്ളവൻ കൈനീട്ടിപ്പിടിക്കുന്ന ദൈവം മുതലാളിത്തത്തിനു ആവശ്യമാണ്‌. എന്നാൽ കമ്മ്യൂണിസ്റ്റുകാരന്റെ ദൈവം യുക്തിവാദിയാണ്‌. ആ ദൈവം അധ്വാനിക്കുന്നവനെയാണ്‌ കാണുന്നത്‌. അധ്വാനിക്കാത്തവനെ ശിക്ഷിക്കുന്നു.
ഇവിടെയാണ്‌ ശ്രീനാരായണഗുരുവിന്റെ ദൈവദശകം പരിശോധിക്കപ്പെടേണ്ടത്‌. ഗുരു എപ്പോഴും അനുകമ്പയാണ്‌ തന്റെ ജാതിയായി സ്വീകരിച്ചിട്ടുള്ളത്‌. അനുകമ്പയില്ലാത്തവർ മനുഷ്യത്വമില്ലാത്തവരാണ്‌. ഗുരുവിന്റെ മനുഷ്യത്വം സമ്പൂർണ്ണമാകുന്നത്‌ അനുകമ്പയിലാണ്‌. ഗുരുവിന്റെ മുന്നിൽ മനുഷ്യജാതികളോ വർഗ്ഗങ്ങളോ ഇല്ല; ചരിത്രത്തിലെ ഏറ്റവും അസാധാരണവും വിശുദ്ധവുമായ ഏകീകരണമാണ്‌ ഗുരു നിർവഹിക്കുന്നത്‌. മനുഷ്യനെ ഇത്ര കാരുണ്യത്തോടെ സ്നേഹത്തോടെ എങ്ങനെ കാണാനാകുന്നു എന്ന്‌ ചിന്തിക്കേണ്ടതാണ്‌. എല്ലാത്തരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും അപ്പുറത്തുള്ള ഒരു മനുഷ്യസ്ഥലം ഗുരു കണ്ടുപിടിക്കുകയാണ്‌. ഭഗവത്ഗീതയെപ്പറ്റിയൊക്കെ പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്‌. അത്‌ മനസ്സിൽ അക്രമവാസനയുണ്ടാക്കുന്നു എന്ന്‌ ഒരാൾ ഈയിടെ എഴുതിക്കണ്ടു. ഒരു പ്രത്യേക വർഗ്ഗത്തിന്റെ നിലനിൽപിനു വേണ്ടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ദൈവശാസ്ത്രമാണതെന്ന്‌ ആ ലേഖകൻ അഭിപ്രായപ്പെടുന്നു.
ഗുരു ഈ വിപരീത ധ്രുവങ്ങളിൽ നിന്നെല്ലാം മനുഷ്യരാശിയെ മോചിപ്പിക്കുന്നു. ഒരു ജാതിയിലുമില്ലാത്ത മാനുഷ്യാവസ്ഥയുടെ മഹനീയത വീണ്ടെടുക്കുന്നു. ഒരു വലിയ ജനതയ്ക്ക്‌ ദൈവശാസ്ത്രത്തിൽ പ്രവേശനം നൽകണമെങ്കിൽ ദൈവദശകം പോലെ ഉദ്ഗ്രഥനാത്മകവും നിഷ്കളങ്കവും ത്യാഗനിർഭരവും വിനയാന്വിതവുമായ പ്രാർത്ഥനയാണ്‌ വേണ്ടത്‌. പുറമേ ഇത്‌ പ്രാർത്ഥനയായി നിൽക്കുമ്പോഴും, ഇത്‌ മതിലുകളില്ലാത്ത മനുഷ്യാവസ്ഥയുടെ വിസ്തൃതമായ കാലത്തെ അനുഭവിപ്പിക്കുകയാണ്‌. ദൈവദശകം ഒരു മതത്തിന്റെയും പ്രത്യേകമായ പ്രാർത്ഥനയല്ല;, എല്ലാ സംഘടിത മതങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന പ്രാർത്ഥനയാണ്‌. ഗുരു മിക്കപ്പോഴും ഉപയോഗിക്കുന്ന പദമാണ്‌ മനുഷ്യൻ! മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം ‘മനുഷ്യന്‌’- ഈ മനുഷ്യനെ ഗുരു കണ്ടുപിടിക്കുകയായിരുന്നു. അതുവരെ ഈ മനുഷ്യൻ പ്രാർത്ഥനകളിലോ മതങ്ങളിലോ ഇല്ലായിരുന്നു. മതങ്ങൾക്ക്‌ അവരുടെ അനുയായികളെയാണ്‌ വേണ്ടത്‌. മതനിയമങ്ങൾക്കകത്ത്‌ വിശ്വാസപൂർവം നങ്കൂരമിടുന്നവരാണ്‌ അഭിസംബോധന ചെയ്യപ്പെടാറുള്ളത്‌. മനുഷ്യൻ എന്ന പേരിന്‌, അതുവരെയില്ലാതിരുന്ന ഒരു നവപ്രതീതി ഇവിടെ കൈവരുകയാണ്.

ജീവിതമാകുന്ന ശിൽപത്തിന്റെ നിർമ്മാണം
ദൈവദശകത്തിൽ, ഒരു ചെറിയ സസ്യത്തെപ്പോലെ നിഷ്കളങ്കമായി ദൈവശാസ്ത്രം വികസിപ്പിക്കുന്നു. മനുഷ്യൻ ദൈവത്തിന്റെ മറ്റെല്ലാ സൃഷ്ടികളും പോലെയാണ്‌. ദൈവം സ്രഷ്ടാവാണ്‌; എന്നാൽ സൃഷ്ടിയുമാണ്‌. സൃഷ്ടിയിൽ നിന്ന്‌ , സ്രഷ്ടാവിൽ നിന്ന്‌ വേർപെടുത്താൻ കഴിയാതെ വരുന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. ഈ അദ്വൈതത്തിന്‌ മതത്തിന്റെയോ ജാതിയുടെയോ കളങ്കമില്ല. അത്‌ എല്ലാത്തിലും നിറഞ്ഞു തുളുമ്പി പരന്നൊഴുകുന്നു. അത്‌ ഉള്ളടക്കവും രൂപവുമാണ്‌. പൂവ്‌ ഒരു സൃഷ്ടിയാണെങ്കിൽ, അതിന്റെ സ്രഷ്ടാവായ സസ്യവും അതുതന്നെയാണ്‌, പൂവും ചെടിയും ഒന്നാണ്‌. ആ ചെടിയുടെ സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും ഒന്നാണ്‌. ആ ചെടിയെയും ജനിപ്പിച്ചത് അതു തന്നെയാണ്. ആ ചെടി, അതിന്റെ പൂവ്‌ എല്ലാം ഒന്നു തന്നെയാണ്‌. സൃഷ്ടി നടത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ദൈവമാണെന്ന്‌ അറിയണം. ഇത്‌ പരമമായ അറിവും വിനയവുമാണ്‌. എല്ലാറ്റിനെയും നാം വണങ്ങണം. കാരണം എല്ലാറ്റിലും ഏതൊന്നിന്റെയോ സൃഷ്ടിയുണ്ട്‌. എല്ലാം അതാതിന്റെ സാമഗ്രിയാണ്‌. എല്ലാ അസംസ്കൃത വസ്തുക്കളും ദൈവികകണങ്ങളാൽ നിറഞ്ഞിരിക്കയാണ്‌. അപ്പോൾ, ആ ദൈവം ഒരു വ്യക്തിയല്ല; ഒരു പ്രപഞ്ച ഊർജ്ജമോ, വ്യവസ്ഥയോ കണമോ ആണ്‌. ഒരു പക്ഷേ ‘അത്‌ ചിത്‌ എന്ന വസ്തുവാകാം’ നമ്മളിലും അതുണ്ട്‌. നാം തന്നെ നമ്മുടെ സ്രഷ്ടാവാണ്‌. നമ്മുടെ സൃഷ്ടിയുടെ സാമഗ്രിയും നാം തന്നെ. നാം നമ്മെത്തന്നെ നിർമ്മിക്കുന്നു; എങ്ങനെ? ജീവിതത്തിലെ ഓരോ തീരുമാനവും ഓരോ നിർമ്മാണ പ്രക്രിയയാണ്‌. അതിലെ കരുവും നിർമ്മാതാവും നാം തന്നെ. നമുക്ക്‌ ഒരു ജീവിതത്തിൽ അനേകം അവസരങ്ങളിലൂടെ നമ്മെത്തന്നെ വിഭാഗീയമായ രീതിയിൽ തിരഞ്ഞെടുക്കാം. നീണ്ടുപോകുന്ന ആ വ്യവഹാരത്തിലെവിടെയും ദൈവം നിറഞ്ഞു നിൽക്കുകയാണ്‌. ഏതാണ്‌ തിരഞ്ഞെടുക്കുന്നത്‌ എന്നതിനെ ആശ്രയിച്ച്‌ നമ്മുടെ ജീവിതം മാറി മറിയുന്നു. അതായത്‌, നമ്മുടെ തിരഞ്ഞെടുപ്പിൽ സാർവത്രികമായ ദൈവികതയുണ്ട്‌. എന്നാൽ അത്‌ നമുക്ക്‌ അനുകൂലമാകുന്നതിൽ നാം എന്ന സൃഷ്ടാവിന്റെ കൈ പ്രധാനമാണ്‌. മനസ്സിന്റെ ജീവിതം അവന്റെ ശുദ്ധീകരണത്തിലൂടെ ഉണ്ടായിത്തീരേണ്ടതാണ്‌. സൃഷ്ടി കർത്താവെന്ന നിലയിൽ നമുക്ക്‌ ഉത്തരവാദിത്തം നിറവേറ്റാനുള്ളത്‌ നമ്മോടു തന്നെയാണ്‌. കാരണം നാം ഒരു ശിൽപനിർമ്മാണത്തിലാണ്‌. ജീവിതമാകുന്ന ശിൽപത്തിന്റെ നിർമ്മാണം .ആ ശിൽപത്തിനു എന്ത്‌ രൂപം വേണമെന്ന്‌ നിശ്ചയിക്കാനുള്ള അവസരം നമുക്ക്‌ വന്നുചേർന്നിരിക്കുകയാണ്‌. ഇതിന്റെയർത്ഥം, ജീവിതത്തിൽ നാം ചെയ്യുന്ന നന്മയുടെയും തിന്മയുടെയും അനുഭവഫലങ്ങളുടെ ഉത്തരവാദിത്തം നാം തന്നെ ഏറ്റെടുക്കണമെന്നാണ്‌. കാരണം നാം എന്ന സൃഷ്ടിയും നാം എന്ന സ്രഷ്ടാവും ഒന്നുതന്നെയാണ്‌. നമ്മുടെ അനുഭവങ്ങളാകുന്ന സാമഗ്രികൾക്ക്‌ മറ്റെന്താണ്‌ ഏറ്റെടുക്കാനുള്ളത്‌? അതുകൊണ്ട്‌ വിവേകിയായ ഒരു മനുഷ്യൻ, തന്റെ കർമ്മങ്ങളുടെ അർത്ഥവും അതിന്റെ പരിണാമവും അന്വേഷിക്കേണ്ടതാണ്‌. പ്രാപഞ്ചികമായ ആയിത്തീരലുകളുടെ ഉണ്മയെ പ്രാപിക്കുന്നതിനായി,  യുക്തിയും മനനവും ആവശ്യമായിവരുന്നു.എന്തുകൊണ്ടാണ് ഒരേ സാഹചര്യങ്ങളിൽ നാം വ്യത്യസ്തമായി പെരുമാറുന്നത്?എന്തുകൊണ്ട് നാം നമ്മെ സ്നേഹിക്കുന്നവരെ വെറുക്കുന്നു? വെറുപ്പിൽ നിന്ന് നമുക്ക് മോചനമില്ലേ? നാം നമ്മുടെ തന്നെ രഹസ്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല. നമ്മുടെ വിവേകമില്ലാത്ത പെരുമാറ്റങ്ങൾഎവിടെ നിന്നു വരുന്നു?
ഏറ്റവും സൂക്ഷ്മമായ അപഗ്രഥനവും നിർമ്മാണകലയുമാണ്‌ നമ്മെ പരസ്പരപൊരുത്തത്തോടെ നിലനിർത്തുന്നതെന്ന്‌ ഗുരു ഉദ്ബോധിപ്പിക്കുന്നു.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.

എങ്ങനെയാണ്‌ സത്യവും ജ്ഞാനവും വാക്കും പ്രവൃത്തിയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം ഒരാളായിരിക്കുന്നത്‌? അങ്ങനെ ഭേദമില്ലാത്ത ഒരു ലോകത്ത്‌ നാമെങ്ങനെ വേർപെട്ടു ജീവിക്കുന്നു? അവിടെയാണ്‌ ദൈവികതയുടെ ഡൈനാമിസം പ്രവർത്തിക്കുന്നത്‌. ജ്ഞാനവും വാക്കും അവിടുന്നാണ്‌. അവിടുന്ന്‌ സൃഷ്ടിയുമാണ്‌. വാക്ക്‌ നിർമ്മിക്കുന്ന നാമോരോരുത്തരും, പരമമായ അറിവാണ്‌. എങ്കിൽ ആ വാക്കിന്റെ അർത്ഥം എത്രമാത്രം പവിത്രമായിരിക്കണം. നമ്മുടെ ജ്ഞാനത്തെ ഏറ്റവും ഉയർന്ന വിതാനത്തിൽ എത്തിക്കുന്നതിനാവശ്യമായ വാക്കാണ്‌ ചേരുന്നത്‌. അപ്പോഴാണ്‌ ജ്ഞാനം എന്ന നിലയിലും സത്യം  എന്ന നിലയിലും നാം മനസ്സിലാക്കുന്നതെല്ലാം ഒന്നായിത്തീരുന്നത് . നമുക്കെല്ലാം ജീവിതത്തിലെ കാര്യങ്ങളറിയാം. ശരിയേത്‌ തെറ്റേത്‌ എന്നറിയാം. മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിൽ, കാര്യഗൗരവം വളരെ കൂടുതലാണ്‌. തെറ്റുകളെക്കുറിച്ചുള്ള അവബോധം, അന്യരുടെ ജീവിതത്തിലാണെങ്കിൽ ഇരട്ടിക്കും. സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട സംഗതിയാണെങ്കിൽ , നന്മയുടെ ചിന്ത വരുക അപൂർവമായിരിക്കും. എല്ലാ അറിവുകളുമുള്ള നാം വലിയ വഞ്ചകരും നന്ദിയില്ലാത്തവനുമായി മാറുന്നത് ദുരൂഹമായ സാഹചര്യത്തിലാണ്. നൊടിനേരം കൊണ്ട് അഹങ്കാരം തിളച്ചു പൊന്തി നമ്മെ അന്ധകാരത്തിലേക്ക് വലിച്ചെറിയുന്നു. ഗുരു പറയുന്നത്‌,  അറിവുണ്ടെങ്കിൽ  അത്‌ ജ്ഞാനമായി പ്രായോഗികതലത്തിലെത്തണമെന്നാണ്‌. നമുക്ക്‌ അറിവുണ്ടായിരിക്കുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ ജ്ഞാനമാകുമോ?ബോധ്യത്തിനൊപ്പം പ്രായോഗികമായി എത്താനുള്ള ഇച്ഛാാശക്തിയാണ് വേണ്ടത്.
വൃക്ഷത്തിൽ ഭാവിയുടെ വിത്തുണ്ട്‌
ഭൂതവും ഭാവിയും സ്രഷ്ടാവിന്റെ കൈയ്യിലാണുള്ളത്‌. എന്നാൽ നിർമ്മാണത്തിൽ കാലം ഒരു ഉപാധിയാണ്‌. കാലത്തിനൊപ്പമാണ്‌ നിർമ്മാണം നടക്കുന്നത്‌. നിർമ്മിച്ചതോടെ ഒരു കാലം കഴിയുന്നു. പിന്നീട്‌ ആ കാലത്തിലേക്ക്‌ പോകാനാവില്ല. കാരണം അത്‌ ഭൂതകാലമാണ്‌. നഷ്ടപ്പെട്ട ഭൂതകാലത്തെയും ആർജ്ജിക്കാത്ത ഭാവിയെയും വർത്തമാനത്തിൽ സമന്വയിപ്പിക്കുന്നത്‌ ഈശ്വരനാണ്‌. ഈശ്വരന്‌ ഏത്‌ കാലവും തന്റെ ഉടലിൽ സൂക്ഷിക്കാനാവും. എന്നാൽ ഈശ്വരനിൽ നിന്ന്‌ വേർപെടാത്ത മനുഷ്യനും തന്റെ ത്രികാലങ്ങളെ ഉടലിൽ കൊണ്ടുനടക്കാൻ കഴിയണമെങ്കിൽ, അവൻ പ്രജ്ഞകൊണ്ട്‌ സന്തുലിതാവസ്ഥ നേടണം. ഭൂതകാലത്തിന്റെയും ഭാവിയുടെയും അർത്ഥം വർത്തമാനത്തിന്റെ പ്രജ്ഞയിലുണ്ടെന്ന്‌ തിരിച്ചറിയണം. ഒരു വിത്തിൽ വൃക്ഷമുണ്ട്‌. വൃക്ഷത്തിൽ ഭാവിയുടെ വിത്തുണ്ട്‌. ഇന്നലെകളുടെ അർത്ഥവും നാളെകളുടെ വരവും ഒന്നു തന്നെയാണ്‌ പറയുന്നത്‌. അമേരിക്കൻ ചിന്തകൻ തോറോ പറഞ്ഞത്‌, ഒരു ബസ്സപകടമോ, ദുരന്തമോ ഉണ്ടായാൽ പിന്നീട്‌ അതുപോലുള്ള ഒരു വാർത്തയും കേൾക്കേണ്ടതില്ലെന്നാണ്‌. കാരണം കൂടുതലായി ഒന്നും തന്നെ അറിയാനില്ലത്രേ! ഇത്‌ ഒരു തരത്തിലുള്ള ജ്ഞാനമാണ്‌. ഒന്നിൽ നിന്ന്‌ സകലഭാവിയുടെയും ബലാബലം ഉൾക്കൊള്ളുക. അതിനപ്പുറമൊന്നുമില്ലെന്ന്‌ കണ്ടെത്തുകയാണ്.
എല്ലാ വാക്കുകളുടെയും അർത്ഥം ഒന്നാണെന്ന്‌ അറിയണമെങ്കിൽ ഈ ത്രികാലജ്ഞാനം അനിവാര്യമാണ്‌. എല്ലാവർക്കും ആ അർത്ഥസമന്വയത്തിലെത്താൻ കഴിയില്ല. ചിലപ്പോൾ, വീണുകിട്ടുന്ന ചില സാഹചര്യങ്ങളിലൂടെ നമുക്ക്‌ വിലപ്പെട്ട അറിവു ലഭിക്കും. ഒരു രോഗിയായാൽ മതി,അതുവരെ ഇല്ലാതിരുന്ന അറിവുണ്ടാകും. നമുക്ക്‌ ചുറ്റിനും അതുവരെ ഒരു ആത്മീയ ഭൂപ്രദേശം ഉയർന്നുവരുന്നതു കാണാം.  നമുക്ക്‌ ചുറ്റിനും അതുവരെ തിമിർത്ത്‌ പെയ്ത സന്തോഷത്തിന്റെ പൊള്ളത്തരം വെളിവാകും. നമ്മെ കാണുമ്പോൾ സന്തോഷിച്ചവരുടേതൊന്നും സന്തോഷമായിരുന്നില്ലത്രേ! ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന കഥയിലെ പ്രധാന കഥാപാത്രമായ ഇല്ലിച്ച്‌ ഒരു പൊങ്ങച്ചക്കാരനായിരുന്നു. നല്ലപോലെ നടിച്ച്‌, പ്രകടിപ്പിച്ച്‌ ജീവിച്ചവൻ .എന്നാൽ അയാൾ അസുഖം വന്ന്‌ കിടപ്പിലായതോടെ, അതുവരെ കണ്ടിരുന്ന ലോകം വ്യാജമായിരുന്നെന്ന്‌ ബോധ്യമാവുന്നു. ഇത്‌ ത്രികാലജ്ഞാനത്തിന്റെയും അനുഭവപ്പൊരുളിന്റെയും കൂടിച്ചേരലിന്റെയും നിമിഷമാണ്‌. എത്രയൊക്കെ പാണ്ഡിത്യം നേടിയാലും നമുക്ക്‌ അനുഭവങ്ങളുടെ അർത്ഥം വേർതിരിഞ്ഞു കിട്ടുകയില്ല. എത്ര കൊണ്ടാലും വർത്തമാനത്തിലെ സംഭവങ്ങൾ എന്താണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പിടികിട്ടുകയില്ല. അന്ധമായ പലായനത്തിനൊടുവിൽ ഉള്ളു ശൂന്യമായി വീഴുന്നതുവരെ ഒന്നും വ്യവച്ഛേദിച്ചു അറിയാൻ സാധിക്കാതെയും വരും.
അതുകൊണ്ട്‌ ഗുരുവിന്റെ ഭൂത-വർത്തമാന-ഭാവി സമന്വയം മനുഷ്യന്റെ അന്തിമമായ, ഉദാത്തമായ ജ്ഞാനത്തിന്റെ നിമിഷമാണ്‌.

ജയിക്കുക മഹാദേവ
ദീനാവനപരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
എല്ലായ്പ്പോഴും കാരുണ്യവും ദീനതയകറ്റുന്നതിനുള്ള മനസ്സും വിജയിക്കട്ടെയെന്ന്‌ ഗുരു പ്രാർത്ഥിക്കുന്നു. എല്ലാവരും അങ്ങനെ ചെയ്യുമ്പോൾ ലോകം എത്ര മനോഹരമാകും! എത്ര വികസിക്കും. നാമൊക്കെ സ്വന്തം വികസനത്തിൽ മാത്രമാണല്ലോ ശ്രദ്ധിക്കുന്നത്‌. ശ്രീബുദ്ധനാകട്ടെ, തനിക്കുവേണ്ടിയല്ല ഭിക്ഷയെടുത്തത്‌, മറ്റുള്ളവർക്ക്‌ വേണ്ടിയാണ്‌. ഇന്ത്യൻ സന്യാസത്തിന്റെ ഉൽകൃഷ്ടമായ ഭാവമാണിത്‌. കുമാരനാശാന്റെ കൃതികളിലെല്ലാം തനിക്കു വേണ്ടിയല്ലാതെ ഭിക്ഷയെടുക്കുന്നവരുടെ സംസ്കാരം കലർന്നൊഴുകുന്നു. മറ്റുള്ളവരോടുള്ള സീമയറ്റ ബന്ധമാണ്‌ ഒരുവനെ ഈ നിലയിലെത്തിക്കുന്നത്‌. അതിനിടയിൽ അവനവനോടുള്ള താത്പര്യമൊക്കെ മാഞ്ഞുപോകുകയാണ്‌. ലോകം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നവർ, മറ്റുള്ളവരുടെ ക്ഷേമത്തിനായി യത്നിക്കുമ്പോൾ അതിനു വലിയ അടിത്തറ ലഭിക്കുന്നു. ഗുരു മഹാദേവനെ മുൻനിറുത്തി പ്രാർത്ഥിക്കുന്നത്‌ കാരുണ്യമുണ്ടാകണമെന്നാണ്‌. ദുഃഖിപ്പിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ കഴിയണം. അതിനു കഴിയുന്നില്ലെങ്കിൽ നമുക്ക്‌ മനുഷ്യനായിരിക്കാൻ പ്രയാസമായിരിക്കും.

ഈ മായയിൽ നമ്മളും കൂടിച്ചേർന്നിരിക്കുന്നു.
ദൈവത്തെ അപ്രാപ്യമായവർക്ക്‌ ഗുരു അത്‌ വിശദീകരിച്ചുകൊടുക്കുന്നു. അതുകൊണ്ടാണ്‌ ദൈവദശകത്തിന്റെ ഭാഷ ഹൃദ്യവും ലളിതവുമായത്‌. എന്നാൽ ആശയങ്ങൾ അനന്തമായി നീങ്ങുകയാണ്‌. ദൈവത്തെയാണ്‌ ഗുരു മുമ്പിൽ നിറുത്തിയിരിക്കുന്നത്‌. മതങ്ങളുടെ ദൈവത്തെയല്ല. ഒരു കമ്മ്യൂണിസ്റ്റ്പച്ചയ്ക്ക്‌ പോലും ദൈവമുണ്ട്‌. അതിനു പ്രാർത്ഥനയുണ്ടെങ്കിൽ അത്‌ ഇതുപോലെ കളങ്കമില്ലാത്ത ഋജുരേഖയിൽ തന്നെയായിരിക്കും. ചിന്തിച്ചുതുടങ്ങിയാൽ ദൈവശാസ്ത്രം വല്ലാതെ കുഴപ്പിക്കും. ദൈവത്തിന്റെ അസ്തിത്വം സാധാരണയുക്തിയെ പലപ്പോഴും നിരാകരിക്കുന്നതാണ്‌. പ്രകൃതിയെ നാം എപ്പോഴും ആരാധിക്കുന്നു. അതേസമയം അതിന്റെ പൊരുൾ യുക്തിക്ക്‌ വഴങ്ങില്ല. ഏറ്റവും സുന്ദരമെന്ന്‌ വിളിക്കാവുന്ന ഒരു താഴ്‌വരയിൽ പോയാൽ, അവിടെ മതിമറന്നു നിൽക്കാൻ തോന്നും. നല്ല പച്ചപ്പും തണുപ്പുമുള്ള സ്ഥലമാണെങ്കിൽ പ്രത്യേകിച്ചും. പൂക്കൾ നമ്മെ പ്രചോദിപ്പിക്കും. ജനിച്ചതിൽ നാം അഭിമാനിക്കും. എന്നാൽ അവിടെ നിൽക്കുമ്പോൾ ഉരുൾപൊട്ടലോ ഇടിവെട്ടോ സംഭവിക്കുകയില്ലെന്ന്‌ ഉറപ്പൊന്നുമില്ല. സൗന്ദര്യവും മൃത്യുവും തമ്മിൽ ഏതോ ബന്ധം സ്ഥാപിച്ചിരിക്കുകയാണോ? പ്രകൃതിയിലെ സൗന്ദര്യം ഒരു ചതിയാണെന്ന്‌ പറയേണ്ടിവരുമോ? അതിൽ ഭ്രമിക്കാൻ ഒന്നുംതന്നെയില്ലെന്നാണ്‌ അനുഭവപാഠം. ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളെ നേർപ്പിച്ചെടുത്ത്‌ ഒരു ജീവന്റെ നിലനിൽപിനായി വ്യാഖ്യാനിക്കുകയാണ്‌ .
ഉത്തരങ്ങൾ നഷ്ടപ്പെടുന്നവർ എങ്ങനെ പ്രാർത്ഥിക്കണം?
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻമഹിമയും
നീയുമെന്നുള്ളിലാകണം
എല്ലാ മായയും രഹസ്യാത്മകമാണ്‌. എന്നാൽ ആ രഹസ്യാത്മകതയെ ഭേദിക്കാൻ അതിന്റെ പൊരുളിൽ അലിയുകയാണ്‌ വേണ്ടത്‌. ബന്ധങ്ങൾ, കാഴ്ചകൾ, എല്ലാം ഇല്ലാതാകും. ഓരോരുത്തർ ഒറ്റക്ക്‌ വഴിപിരിഞ്ഞുപോകുകയാണ്‌. ഈ മായയിൽ നമ്മളും കൂടിച്ചേർന്നിരിക്കുന്നു. നമ്മെ അതിൽ നിന്ന്‌ വേർപെടുത്താനാകില്ല. എന്നാൽ ആ മായയുടെ സൃഷ്ടിയിൽ നമുക്കും പങ്കുണ്ട്‌.നമുക്കും അതിന്റെ നിർമ്മാണത്തിൽ ഒരു പങ്കുണ്ട്. അതു നാം തന്നെയുമാണ്‌. പിന്നെ എന്തിനു വിഷാദിക്കണം?
ഗുരു ഒരു വസ്തുതയ്ക്ക്‌ ഊന്നൽ നൽകുന്നുണ്ട്‌. ദുരിതങ്ങളെ അകറ്റുന്നതിനുള്ള ഉൾപ്രേരണ പ്രധാനമാണ്‌. ദൈവത്തിനുള്ള സിദ്ധി അതാണ്‌. ദൈവത്തിനു പ്രസാദം വേണം. അത്‌ അവിഭാജ്യമായ ജീവന്റെ സമർപ്പണമാണ്‌. ദൈവത്തെ നേരിൽ കണ്ട്‌ സമർപ്പിക്കാനോക്കുകയില്ല. നമ്മുടെയുള്ളിൽ തന്നെ ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. ദുർഗുണങ്ങളിൽ നിന്ന്‌ അകന്നുനിന്നുകൊണ്ടാണ്‌ ആ ദൈവത്തെ തേടേണ്ടത്‌. എങ്കിലേ ഗുരുവിന്റെ സാക്ഷാത്കാരത്തിലുള്ള ദൈവത്തെ ലഭിക്കൂ. നമ്മുടെ ദൈവം ഏതെങ്കിലും തരത്തിൽ തരംതാഴാൻ പാടില്ല. നമ്മുടെ മഹത്വത്തിലൂടെയാണ്‌ ആ ദൈവത്തിന്റെ പൊരുൾ വികസിക്കുന്നത്.മനുഷ്യൻ അധഃപതിക്കുമ്പോൾ, അവൻ കണ്ടെത്തുന്ന ദൈവവും പരാധീനതയിലാണ്‌. ഗുരുവാകട്ടെ മനസ്സിനെ അവന്റെ ദീനതകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള ദൈവത്തെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആ ദൈവമേ, മായയെ നീക്കി സായൂജ്യം നൽകുകയുള്ളൂ. അന്യരെ ദ്രോഹിക്കുകയും കള്ളങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നവർ, അവരുടെ ‘അകവുംപുറവും തിങ്ങും ദൈവത്തെ’ പുറത്തെടുക്കേണ്ടതാണ്‌.
പ്രാർത്ഥനയിൽ അവനവനെക്കൂടി ഉൾപ്പെടുത്താമെന്ന് ദൈവദശകം അറിവു നൽകുന്നു. അവനവന്റെ ആവലാതികൾ ദൈവത്തോട്  പറയരുതെന്ന് പറയുന്നവരുണ്ട്.എന്തിനാണ് ഭക്തനും ദൈവത്തിനുമിടയിൽ ഒരു മറ?. ഭക്തൻ സ്വന്ത ചിന്തയെ ശുദ്ധീകരിക്കുകയാണെങ്കിൽ അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിക്കണമെന്ന് പറയാവുന്നതാണ്.
ദൈവദശകത്തിൽ പ്രാർത്ഥനയുടെ മനസ്സാണുള്ളതെങ്കിൽ അതിൽ മനുഷ്യന്റെ ഉയർച്ചയുടെ സഞ്ചാരവും കാണാം.നമ്മോടൊപ്പം ദൈവത്തെ എങ്ങനെ വിശുദ്ധമായി നിലനിർത്തമെന്ന് ഈ ഗീതം ചിന്തിക്കുന്നു.

No comments: