Followers

Friday, May 9, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (may 6, 2025)




മെഡിക്കൽ ഉത്തര- ഉത്തരാധുനികത 


ഈ ഡിജിറ്റൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഉത്തര- ഉത്തരാധുനികമാണെന്നു പറഞ്ഞപ്പോൾ ചിലർക്ക് വിശ്വാസം വന്നില്ല. അവർ അപ്പോഴും സംശയിക്കുന്നുണ്ടായിരുന്നു, നമ്മുടെ സമൂഹം ഉത്തര-ഉത്തരാധുനികമായോ എന്ന്. എന്നാൽ ഇരുപത്തിനാലു മണിക്കൂറും മൊബൈൽ ഫോണും ഇൻറർനെറ്റും ടിവിയും ഉപയോഗിക്കുന്ന നാം കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ സാർവത്രികമായ ഒരു കുതിച്ചുചാട്ടത്തിനു വിധേയമാവുകയായിരുന്നു.
ഒരു സമൂലമായ പരിവർത്തനം സംഭവിച്ചിരിക്കുന്നു. ഒരു പുതിയ വീക്ഷണം നമുക്ക് ലഭിച്ചിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഉപകരണങ്ങൾ ഭൂരിപക്ഷവും കാലഹരണപ്പെട്ടു. പകരം പുതിയത് വന്നു. നമ്മുടെ സ്ഥല ,കാല സങ്കല്പം മാറി.ഒരു കത്തയച്ച്  മറുപടിക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ടതില്ല. സെക്കൻഡിനുള്ളിൽ ലോകത്ത് എവിടെയും സന്ദേശം എത്തിക്കാം ,എത്രപേർക്ക് വേണമെങ്കിലും. സ്ഥലവും കാലവും നിമിഷത്തിനുള്ളിലേക്കു  ചുരുങ്ങിയിരിക്കുന്നു .ഒരിടത്ത് തന്നെ ജോലി ചെയ്തിരുന്ന നമ്മൾ സഞ്ചാരികളായി മാറി. ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും ഉണ്ടെങ്കിൽ ഏതു സ്ഥലവും തൊഴിലിടമായി രൂപാന്തരപ്പെടും .ഈ മാറ്റത്തെയാണ് ഉത്തര- ഉത്തരാധുനികത എന്നു വിളിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തിന്റെയോ വിഭാഗത്തിന്റെയോ സംസ്കാരമല്ല, ലോകസംസ്കാരമാണ് നമ്മുടെ മുന്നിലുള്ളത് .നാം ഒരേസമയം പല കാലങ്ങളിലെ സാംസ്കാരിക സവിശേഷതകൾ അനുഭവിക്കുന്നു. ചവിട്ടുനാടകവും അറുപതുകളിലെ സിനിമയും പാട്ടുകളും നാം ആസ്വദിക്കുന്നത് പുത്തൻ സൈബർ, എഐ സാഹചര്യത്തിൽ തന്നെയാണ്. നാം ഒരു സാംസ്കാരിക സങ്കരയിനമാണ്. നമ്മെ ഒരു സംസ്കാരത്തിൻ്റെ മാത്രം വക്താക്കളാക്കാൻ കഴിയില്ല .കാരണം നാം ജീവിക്കുന്നത് പല കാലങ്ങളിലെ  സംസ്കാരചിഹ്നങ്ങളുമായാണ്. ഈ മാറ്റം എല്ലാ മേഖലകളെയും  സ്വാധീനിച്ചിട്ടുണ്ട്. ഇതെല്ലാം നവീന കാലത്തെ മനുഷ്യനെ മാറ്റിത്തീർത്തിരിക്കുന്നു.

സംസ്കാരം വിലയ്ക്കു വാങ്ങാം 

ആരോഗ്യരംഗത്തും ഉത്തര- ഉത്തരാധുനികമായ സാഹചര്യമാണുള്ളത്. സംസ്കാരം എന്ന വാക്കിൻ്റെ അർത്ഥം തന്നെ മാറി. മുൻകാലങ്ങളിൽ ,സംസ്കാരം ഒരു ജനതയുടെ ജീവിതരീതിയായിരുന്നു .ഇന്ന് സംസ്കാരം ഒരു ഉപഭോഗ വസ്തുവാണ്, പ്രകൃതി വസ്തുവാണ്. സംസ്കാരം ഒരു വലിയ സമ്പദ് വ്യവസ്ഥയാണ് .ഇവിടെ യഥേഷ്ടം ആർക്കും എന്തും വാങ്ങാം, വിൽക്കാം .വില കൊടുത്താൽ ഉന്നതമായ സുഖസൗകര്യങ്ങൾ വാങ്ങാം .അതിനു ജാതിയോ മതമോ തടസ്സമല്ല .വിലകൂടിയ ഭക്ഷണം കഴിക്കാൻ കൈയിൽ പണമുണ്ടായാൽ മതി. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവൻ ഇന്നത്തെ സമൂഹത്തിൽ ഒരു സാംസ്കാരിക ജീവി എന്ന നിലയിൽ ഉയർന്ന പദവി നേടുകയാണ്. അവനെ സാധനസാമഗ്രികളുടെ നിർമാതാക്കൾക്ക് ആവശ്യമുണ്ട്.സംസ്കാരം വില കൊടുത്താൽ കിട്ടും. അത് അനുഭവമാണ് .അത് നേടുന്നവനാണത്രേ ഇന്നത്തെ ബുദ്ധിജീവി .അതുകൊണ്ട് പണം സംസ്കാരത്തിന്റെ ചിഹ്നമായിട്ട് മാറുകയാണ് .എന്തും വാങ്ങാൻ കഴിയുന്നതിനാൽ അവൻ വിപണിയിലെ പ്രധാന വ്യക്തിയാണ്. അവൻ സംസ്കാരം വാങ്ങി ഉപയോഗിക്കുന്നു. ,വലിച്ചെറിയുന്നു.   ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന ഫോണും കാറും മറ്റും വാങ്ങുന്നവൻ അത് വലിച്ചെറിയാനും മറ്റൊന്നു വാങ്ങാനും അവസരം കാത്തിരിക്കുകയാണ്. എപ്പോഴും പുതിയ അനുഭവമാണ് വേണ്ടത്. അതുകൊണ്ടാണ് ബഹിരാകാശത്തു പോകാൻ ആളുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. 

കൂടുതൽ വാങ്ങാൻ തയ്യാറാകുന്നവനാണ് യഥാർത്ഥ ഉപഭോക്താവ് എന്നതാണ് പുതിയ നിയമം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് അവൻ്റെ ത്രിൽ .  അപ്പോഴാണ് അവൻ വിപണിയിലെ പുതിയ ഉത്പന്നത്തിൻ്റെ ഉപഭോക്താവാകുന്നത്. ഈ ഉപഭോക്തൃ ജ്വരം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ പിടികൂടിയിട്ടുണ്ട്. മൊബൈൽ ഫോൺ വാങ്ങി കൊടുക്കാത്തതിൻ്റെ പേരിൽ  ആത്മഹത്യ ചെയ്ത എത്രയോ  കുട്ടികളുണ്ട്!.വീടുകളിൽ വിലകൂടിയ ഉൽപ്പന്നങ്ങളും വസ്തുക്കളുമാണ് ശാന്തതയുടെ തോത് നിശ്ചയിക്കുന്നത്. ഇതിനു തടസ്സമുണ്ടാവുന്നത് കലഹത്തിലേക്ക് നീങ്ങാം.

രോഗി ഉപഭോക്താവ് 

ഉത്തര- ഉത്തരാധുനിക മെഡിക്കൽ രംഗം സങ്കൽപ്പിക്കാവുന്നതിനുമപ്പുറമാണ്. രോഗി ഒരു സംഭവമാണിന്ന്. രോഗിക്കു വിശിഷ്ടവ്യക്തിയുടെ പദവി കിട്ടിയിരിക്കുന്നു. അയാൾ ആശുപത്രിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തന്നെ സേവകർ ഓടിയെത്തി സഹായിക്കാൻ തുടങ്ങും.  ആശുപത്രിയിലെ വിലയേറിയ അതിഥി എന്ന പദവി രോഗിക്ക് ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവൻ്റെ നേരിയ സംശയങ്ങൾക്ക് പോലും സമുന്നതമായ ചികിത്സയും ശ്രദ്ധയും കിട്ടുന്നു. ഒരു സംശയവും  പാഴായിപ്പോകുന്നില്ല. എല്ലാം പരിശോധിക്കപ്പെടും. അവനു വേണ്ടി ആശുപത്രികൾ ഓരോ അവയവത്തിന്റെയും കാര്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ സ്പെഷ്യലിസ്റ്റുകളെ നിയമിച്ചിരിക്കുകയാണ്. അവനു വേണ്ടി വൈ ഫൈ ,ടിവി, കഫെറ്റീരിയ, ഭക്ഷണശാല ,വിശ്രമിക്കാനുള്ള സൗകര്യം, ആധുനികവത്ക്കരിച്ച ശുചിമുറികൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കയാണ്. 
സ്വർണക്കടയിൽ പോലും ഒരു ഉപഭോക്താവിനു ഈ മാന്യതയും ശ്രേഷ്ഠതയും ലഭിക്കുന്നില്ല. രോഗി നവസാങ്കേതികതയുടെ ഒരു ഉപഭോക്താവാണ് .

ഒരു രോഗി ഇന്നു ഡോക്ടർ പറയുന്നത് കേട്ട് കിട്ടിയ മരുന്നുമായി മടങ്ങിപ്പോകുന്നവനല്ല. അവനു സ്വയം പരിശോധിക്കാം;രോഗംനിർണയത്തെക്കുറിച്ച് ഉറപ്പുവരുത്താം. അവൻ ചികിത്സയിൽ ഇടപെടുകയാണ് ചെയ്യുന്നത്. കഴിക്കേണ്ട മരുന്നുകളെക്കുറിച്ച് അവൻ ഗൂഗിളിൽ പരതി നോക്കും. ലാബ് ടെസ്റ്റ് ചെയ്ത് രോഗത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ നോക്കാവുന്നതാണ്. ഡോക്ടർ പറഞ്ഞില്ലെങ്കിലും ലാബ് ടെസ്റ്റ് നടത്താം. ലാബുകൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. അവർ രോഗികളെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയാണ്. രോഗത്തെക്കുറിച്ച് സംശയം തോന്നുന്നവർക്ക് ലാബിൽ പോയി ടെസ്റ്റ് ചെയ്തു നിർണയം നടത്താം .ശരീരത്തെക്കുറിച്ചും  രോഗത്തെക്കുറിച്ചുമുള്ള എല്ലാ മുൻധാരണകളെയും തിരുത്തുന്നതാണ് പുതിയ സ്പെഷലൈസേഷനുകളും ശസ്ത്രക്രിയകളും. ഓരോ ഡോക്ടർക്കും ശരീരത്തെ പൂർണമായി ചികിത്സിക്കേണ്ടതില്ല; ഓരോ അവയവം നോക്കിയാൽ മതി.

മെഡിക്കൽ ഉത്തര- ഉത്തരാധുനികത മനുഷ്യവർഗ്ഗത്തെ ഉന്നതമായ ഒരു ഉൽപ്പതിഷ്ണുത്വത്തിൽ  കൊണ്ടെത്തിച്ചിരിക്കുകയാണ് .ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു ഒരാൾക്ക് രോഗിയായിരിക്കാൻ സാധിക്കുന്നു. അവയവങ്ങൾ മാറ്റിവയ്ക്കുന്നത് ഏറ്റവും വലിയ വിപ്ലവമാണ് .കിഡ്നി ,കരൾ തുടങ്ങിയവ മാറ്റിവയ്ക്കുന്നതോടെ ജാതി,മത വേർതിരിവുകളും അയിത്തവും അവസാനിക്കുന്നു. ജാതി,മതാധിഷ്ഠിതമായ കിഡ്നി വേണമെന്നു പറഞ്ഞാൽ കിട്ടണമെന്നില്ല .മജ്ജ മാറ്റിവയ്ക്കാൻ ജാതിമത താല്പര്യങ്ങൾ നോക്കിയാൽ പറ്റില്ല .

അമെരിക്കയിലുള്ള ഒരു സ്ത്രീക്ക് മജ്ജ മാറ്റിവയ്ക്കാൻ വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിൽ രക്ത പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചത് ഓർക്കുകയാണ്. ഒരേ രക്തഗ്രൂപ്പിൽ ഉള്ളവരിൽ നിന്നു യോജിച്ച ആളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിൻ്റയർത്ഥം എന്താണ് ? നാം ഡിജിറ്റൽ ,അവയവ മാറ്റ ശസ്ത്രക്രിയയുടെ ഏറ്റവും നവീനമായ യുഗത്തിലേക്ക് പ്രവേശിച്ചു എന്നാണ്.

സ്വത്വത്തിൽ തൂങ്ങി കിടക്കേണ്ടതില്ല 

ഐഡന്റിറ്റി എന്ന സങ്കല്പം കാലഹരണപ്പെട്ടു. മനുഷ്യൻ ഒരു സ്വത്വത്തിൽ തൂങ്ങിക്കിടക്കേണ്ടതില്ല. ജീവിതത്തിൽ അങ്ങനെയൊരു സ്ഥിരം സ്വത്വം ഇല്ല. നല്ലത് കണ്ടും കേട്ടും മുന്നോട്ടുപോകുന്ന മനുഷ്യൻ പലതും ആർജ്ജിക്കുകയാണ്. അനിഷ്ടകരമായ പാരമ്പര്യത്തെ അവൻ ഉപേക്ഷിക്കുന്നു. സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും  അനുഭവിക്കുന്നത് ഒരു മനുഷ്യൻ്റെ അവകാശമായി കാണാൻ നവമാനവൻ ശീലിച്ചിരിക്കുന്നു .

രോഗം ഒരാളെ അസ്തിത്വപരമായ ഒരു അതീതത്തിലേക്ക് നയിക്കുകയാണ്. രോഗിയാകുന്നതോടെ അയാൾ നവീന സാങ്കേതിവിദ്യയിലേക്കും ചികിത്സയുടെ പശ്ചാത്തലത്തിലേക്കും ഡിജിറ്റൽ ലോകത്തേക്കും ആനയിക്കപ്പെടുകയാണ് .മറ്റൊരാളുടെ അവയവവുമായി ജീവിക്കുന്ന മനുഷ്യൻ നവാധുനികമായ സ്വതന്ത്രലോകത്തിൻ്റെ നക്ഷത്രമാണ്.  അവൻ മനുഷ്യവർഗ്ഗത്തിന്റെ നേട്ടത്തെ അനുഭവിക്കുകയാണ് .അവൻ ശാസ്ത്രത്തിൻ്റെ സാക്ഷിയാണ്. അവൻ അതീതനായ വ്യക്തിയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി അവനു വ്യക്തമായി മനസ്സിലാവും. ശത്രുത ,ക്രൂരത തുടങ്ങിയ പദങ്ങൾ എത്ര നിസ്സാരവും ശുഷ്കവുമാണെന്നു  അവനു മാത്രമാണ് അറിയാവുന്നത്. അവൻ സ്നേഹത്തിൻ്റെ അർത്ഥം ഗ്രഹിച്ചവനാണ് .

രോഗം വന്നില്ലെങ്കിലും ,ഏതൊരു സാധാരണക്കാരനും മെഡിക്കൽ നവീനതയും പരിരക്ഷയും ലഭിക്കും. മെഡിക്കൽ ഇൻഷുറൻസ്, പുതിയ ലാബ് ടെസ്റ്റുകൾ ,ഡോക്ടർമാരുമായി  മുഖാമുഖം ,ആശുപത്രിയിലെ വിഐപി പരിഗണന ,സ്റ്റാഫിൻ്റെ സ്നേഹപൂർണ്ണമായ പെരുമാറ്റം തുടങ്ങിയവ അവനു വേണ്ടി അവതരിക്കുന്നു. അവനു രോഗമുണ്ടെന്നു സംശയം തോന്നുന്നത് ഈ നവീനക്രമത്തിൻ്റെ സൃഷ്ടിയാണ്. 

രോഗമുണ്ടോ എന്ന സംശയം 

അവൻ രോഗമുണ്ടോയെന്നു സംശയിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. പുതിയ രോഗങ്ങളുടെ കണ്ടുപിടിത്തവും ചികിത്സയും രോഗത്തെക്കുറിച്ചും  മരണത്തെക്കുറിച്ചുമുള്ള എണ്ണമറ്റ പ്രഭാഷണങ്ങളും യൂട്യൂബ് വീഡിയോകളും ഇൻറർനെറ്റ് വിവരങ്ങളും അവനെ സംശയരോഗിയാക്കുന്നു .വെള്ളം കുടിക്കുക ,ശ്വാസമെടുക്കുക, വിസർജിക്കുക, ഉറങ്ങുക തുടങ്ങിയ സാധാരണ കാര്യങ്ങൾ പോലും ഇന്നു സങ്കീർണമായിരിക്കുന്നു.ഇവയോരോന്നും സംശയത്തോടെയും ഭയത്തോടെയും അനുഷ്ഠിക്കേണ്ട കർമ്മമായിരിക്കുന്നു. ശ്വാസമെടുക്കുന്നത്, വെള്ളം കുടിക്കുന്നത് തെറ്റായ രീതിയിലാണെന്നു ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നത് കേട്ടാൽ സംശയമുണരുകയായി. പിന്നീട് ഇതിൻ്റെ പേരിൽ ഉത്ക്കണ്ഠയുണ്ടാകും. ഉറക്കം നഷ്ടപ്പെടാനും സാധ്യതയുണ്ട്.  അതുകൊണ്ട് ഡോക്ടറെ കാണാതിരിക്കാനാവില്ല.ഡോക്ടറാകട്ടെ ഈ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കും. ടെസ്റ്റുകൾ ചെയ്യുന്നത് രോഗിയുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ് . രോഗത്തെപ്പറ്റി സംശയമുള്ളവർ ആശുപത്രിയിലേക്ക് പ്രവഹിക്കുന്നത് ഒരു വലിയ കാര്യമല്ല; അത് സാധാരണമാണ് .രോഗമുണ്ടോ എന്നറിയാൻ വേറെ എവിടെപ്പോകും?

ഒരാൾ എപ്പോഴും രോഗിയായിരിക്കുന്നു എന്നതാണ് ഈ കാലത്തിൻ്റെ മറ്റൊരു സവിശേഷത .രോഗലക്ഷണങ്ങൾ ഉള്ളതുപോലെ തോന്നും .ഓരോ രോഗത്തിന്റെയും ലക്ഷണങ്ങൾ ഗൂഗിളിൽ പരതിയാൽ കിട്ടും. അതിൻ്റെ  അടിസ്ഥാനത്തിൽ നോക്കുന്നവർക്ക് രോഗത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് .രോഗി ഇന്നു ഒഴുക്കിനൊത്ത് നീന്തുന്നവനല്ല .അവൻ സമൂഹത്തിലെ ഏറ്റവും വലിയ സ്റ്റാറ്റസ് അനുഭവിക്കുന്നവനാണ്. ഒരു ദിവസമാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടക്കുന്നതെങ്കിലും പത്തു ലക്ഷം രൂപ വിലയുള്ള കിടക്കയിൽ ഇറങ്ങാം.ഇത് സ്വകാര്യ ജീവിതത്തിൽ സാധ്യമല്ലല്ലോ. 

ഇന്നു രോഗിയുടേത് ഒരു നവസാങ്കേതിക സംസ്കാരമാണ് . ഉന്നതമായ ഒരു ജീവിതരീതി അതാവശ്യപ്പെടുന്നു ഇൻഷുറൻസിന്റെ പിൻബലമുള്ളതുകൊണ്ട് അവൻ ഏറ്റവും വലിയ സാംസ്കാരിക ജീവിയായി മാറുകയാണ്. അവനു  ലോകനിലവാരമുള്ള പരിചരണം ലഭിക്കുന്നു. അവന്റെ ആന്തരികാവയവങ്ങൾക്കും വിസർജ്യത്തിനും നവസാങ്കേതിവിദ്യയുടെ സൂക്ഷ്മദർശനം അകമ്പടി സേവിക്കുന്നു .അവൻ്റെ ചലനങ്ങൾ സസൂഷ്മം നിരീക്ഷിക്കാൻ ഉയർന്ന  ശമ്പളം പറ്റുന്നവരുണ്ട്. അവൻ്റെ  മാനവികമായ അലട്ടലുകളെ തുടച്ചുനീക്കാൻ ഉന്നത ബിരുദം നേടിയവർ ക്യൂവിലാണ് .അവൻ രോഗി എന്ന സ്റ്റാറ്റസിൽ തുടരുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ജീവിതകാലമത്രയും മരുന്നുകൾ കഴിക്കേണ്ടി വന്നേക്കാം .അത് രോഗിയുടെ ആവാസവ്യവസ്ഥ അനിവാര്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 

രജതരേഖകൾ 

1)രണ്ടു ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ കൃതിയുടെ ഉടമയാണ് താനെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പരസ്യം കാണാറുണ്ട്‌ .വാസ്തവത്തിൽ സാഹിത്യത്തെ ഗൗരവമായി കാണുന്നവരുടെ മുന്നിൽ ഇത്തരം പരസ്യങ്ങൾ അപഹാസ്യമാണ്. ശരിയായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ വായിലേക്ക് മണ്ണു കുത്തി തിരുകുന്നതു പോലെയാണിത്. സമ്പത്തും ശേഷിയുമുള്ള ഒരു പുസ്തക പ്രസാധകനു നോവലിൻ്റെ ഒന്നോ രണ്ടോ ലക്ഷം കോപ്പി വിറ്റഴിക്കാനാണോ പ്രയാസം? ഇന്നു സിനിമ പോലും സോഷ്യൽ മീഡിയ കാമ്പെയ്നിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് വലിയ വിജയമുണ്ടാക്കുന്നുണ്ട് .

മാർക്കറ്റിംഗ് ഉണ്ടെങ്കിൽ ഏതു ചീത്ത നോവലും അനേകം കോപ്പി അച്ചടിച്ചു വിൽക്കാനാവും. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടരെ കൊടുത്താൽ മതി. സമീപകാലത്ത് ധാരാളം കോപ്പി വിറ്റഴഞ്ഞു എന്നു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച നോവലുകൾ നല്ല വായനക്കാർക്ക് പൂർണമായി വായിച്ചു തീർക്കാൻ പോലും കഴിഞ്ഞില്ല എന്ന പരമാർത്ഥമുണ്ട്. ഒ.വി. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം ,വി.കെ.എന്നിൻ്റെ പിതാമഹൻ തുടങ്ങിയ നോവലുകൾ ലക്ഷത്തിലേറെ കോപ്പി വിറ്റു എന്നു പറഞ്ഞ് ആരെങ്കിലും പരസ്യം ചെയ്യുമോ? അങ്ങനെ ചെയ്താൽ ആ നോവലിൻ്റെ കലാപരമായ സ്റ്റാറ്റസ് നഷ്ടപ്പെടും. അല്ലെങ്കിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന കൃതിയാണോ നല്ലത്? അങ്ങനെയാണെങ്കിൽ ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ'  എന്ന നോവൽ ആദ്യം അച്ചടിച്ചപ്പോൾ 2000 കോപ്പി പോലും വിറ്റില്ല.എന്നാൽ ഇപ്പോൾ അത് ലോകത്തിലെ ഏറ്റവും പ്രധാന പത്ത് നോവലുകളിലൊന്നാണ്. നല്ല നോവൽ വായിക്കുന്നവർക്ക് അത് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. നോവൽ ആസ്വദിക്കാൻ കഴിവില്ലാത്തവർ ഇത്തരം പരസ്യങ്ങൾ വിഴുങ്ങുമായിരിക്കും.

2)ദലിത് ചിന്തകനായ കെ.കെ. കൊച്ചിനെക്കുറിച്ച് ഡോ.ടി. എസ് ശ്യാംകുമാർ എഴുതിയ ലേഖനം (ദലിതൻ എന്ന സാമൂഹ്യവിമർശം, പച്ചക്കുതിര ,ഏപ്രിൽ)ദലിത് പോരാട്ടത്തിൻ്റെ ആശയപരമായ പ്രശ്നക്കൾ ചർച്ച ചെയ്യുന്നുണ്ട്. കെ.കെ. കൊച്ച് മരിച്ചപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്നറിഞ്ഞതെന്നു തോന്നുന്നു.

3)എസ്.കലേഷിന്റെ 'ഓരാ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മെയ് 4-10 ) അതിപ്രകടനപരത കൊണ്ട് നനഞ്ഞുപോയ കവിതയാണ്. അതിഭാവുകത്വം കവിതയുടെ നട്ടെല്ലാണെന്നു ധരിച്ച കവികളൊക്കെ ഇങ്ങനെ എഴുതും. തന്നെ ബാധിക്കാത്ത വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ അതിനു അതിവൈകാരികത അത്യാവശ്യമാണല്ലോ. തന്നെ ബാധിച്ചു എന്നു വായനക്കാരോട് കള്ളം പറയുകയാണല്ലോ. 

'പായും ലോറിയിൽ 
ഒരു കരച്ചിൽ കേട്ടു 
ഉലഞ്ഞപ്പോൾ വിതുമ്പിയതാണേ ,
ഇറച്ചിത്തുണ്ടണ്ടാകാൻ
വിളയാടും പന്നി 
തലയാട്ടി 
അടുക്കിവച്ചാലും 
ഉതിരും വിലാപം -
ഉറക്കമില്ലാത്തവർ 
വീതിച്ചെടുക്കും 
നേരമായിരുന്നു.'

ഇതാണ് അമിത വികാരപ്രകടനം .കലേഷ് വികാരം കോരിച്ചൊരിയുകയാണ് .
ഒരു പക്ഷിയെക്കുറിച്ചുള്ള സ്വപ്നത്തെ കപടമായി അവതരിപ്പിക്കുകയാണ്. ഈ കവിതയിലെ കണ്ണീർ വ്യാജമാണ്.

4)ഗായകൻ വേടന്റെ അറസ്റ്റും തുടർന്നുള്ള വിവാദവും അസുഖകരമാണെങ്കിലും അത് ആ ഗായകനു ഫലത്തിൽ ഗുണമാണ് ഉണ്ടാക്കിയിരിക്കുന്നത് .അദ്ദേഹത്തെ അറിയാത്തവരും ഈ കേസിലൂടെ പരിചയപ്പെട്ടു.ആ പാട്ടുകൾ കൂടുതൽ പേർ കേൾക്കാനും സഹായിച്ചിട്ടുണ്ട്.  കലാകാരന്മാരുടെ പേരിൽ ഇങ്ങനെ കേസെടുക്കുമ്പോഴാണ് അവർ ജീവിച്ചിരിക്കുന്നു എന്നു സമൂഹം അറിയുന്നത്. ഇതാണ് ഇന്നത്തെ ഒരു  പ്രതിസന്ധി.ഭരണകൂടത്തിനു രണ്ടു തരം കലാകാരന്മാരാണുള്ളത്:ഭരണകൂടത്തിനെ പിന്താങ്ങുന്നവരും അകന്നു കഴിയുന്നവരും. അകന്നു കഴിയുന്നവരെ വെറുതെ ശത്രുക്കളായി കാണുന്നു.

5)മലയാളകഥ തകർച്ചയുടെ ഗർത്തത്തിലാണിപ്പോൾ. മികച്ചതെന്നു പറയാവുന്ന ഒരു കഥ ചൂണ്ടിക്കാണിക്കാനില്ല .എന്തിനു നല്ലൊരു കഥ എഴുതണമെന്നു കഥാകൃത്തുക്കൾ ചിന്തിക്കുന്നുണ്ടോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു . നല്ലൊരു കഥ എഴുതിയാൽ എന്ത് കിട്ടും എന്നു വിചാരിച്ചുപോയാൽ ഉത്തരം മുട്ടും. അതുകൊണ്ട് എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചാൽ മതി. പത്രാധിപർ വിഷയം കൊടുത്തു എഴുതിപ്പിക്കാറുമുണ്ട്. വി.പി. ശിവകുമാറിന്റെ 'ഭാരതമാതാവ്' ,കെ. പി. നിർമൽകുമാറിന്റെ' കൃഷ്ണഗന്ധകജ്വാലകൾ', യു.പി.ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ',കാക്കനാടൻ്റെ 'മഴയുടെ ജ്വാലകൾ' തുടങ്ങിയ കഥകൾ ഓർക്കുകയാണ്. ഇതുപോലെ നമ്മെ ഉലയ്ക്കുന്ന ഒരു കഥ ഇപ്പോൾ ഉണ്ടാകുന്നില്ല. വായിച്ചാലുടനെ മനസ്സിൽ നിന്നു ഒഴിഞ്ഞുപോകുന്ന കഥകൾ ഇപ്പോൾ ധാരാളമുണ്ടാകുന്നു.

6)എഴുതാൻ അനുവദിച്ചില്ലെങ്കിൽ മരിക്കുമെന്നു സ്വയം കുമ്പസാരിക്കുന്നവനാണ് എഴുതേണ്ടതെന്നു കവി റെയ്നർ മരിയ റിൽക്കെ അഭിപ്രായപ്പെട്ടു.

7)റോമൻ കത്തോലിക്ക പുരോഹിതനും ചിന്തകനുമായിരുന്ന ഇവാൻ ഇല്ലിച്ച് പറഞ്ഞു: 'സ്കൂൾ ഒരു പരസ്യ ഏജൻസിയാണ്, അത് നിങ്ങളെ വിശ്വസിപ്പിക്കുന്നത് ഈ സമൂഹം ഇങ്ങനെ തുടരണമെന്നാണ്.' ഒരു പഠിതാവും പാഠങ്ങൾ വിട്ടുപോകില്ലെന്നും ഒരധ്യാപകനും പഠിച്ചതിനപ്പുറം പറയില്ലെന്നുമാണ് ഇല്ലിച്ച് സൂചിപ്പിക്കുന്നത് .അതുകൊണ്ട് ഒന്നിനും ഒരു മാറ്റവുമുണ്ടാകില്ല. മാറ്റമുണ്ടാകാതിരിക്കുന്നതിനു കാവൽ നിൽക്കുന്നവരാണ് പഠിതാക്കൾ.



ദൈവചിന്തയിൽ മനുഷ്യൻ ഇല്ലാതായി /എം.കെ.ഹരികുമാർ

 




സണ്ണി തായങ്കരിയുടെ 'കുലപതികൾ' എന്ന നോവലിൻ്റെ വായന 


ബൈബിളിൽ ഉല്പത്തി പുസ്തകത്തിലെ പിതാക്കന്മാരെ മുൻനിർത്തി സണ്ണി തായങ്കരി എഴുതിയ 'കുലപതികൾ' രചനാപരമായ സൂക്ഷ്മതയും ആശയപരമായ സമകാലിക പ്രസക്തിയും നിറഞ്ഞ നോവലാണ്. സാഹിത്യകാരന്മാർക്ക് ബൈബിൾ എന്നും പ്രചോദനമായിരുന്നിട്ടുണ്ട്.  മനുഷ്യമനസിന്റെ വിചിത്രമായ ആന്തരികത്വരകൾ അനേകം മടക്കുകളായി അടുക്കിവച്ചിരിക്കുന്ന ഖനിയാണ് ബൈബിൾ . ഇസ്രായേലിന്റെ ചരിത്രത്തിൻ്റെ അടിസ്ഥാനമായ പൂർവപിതാക്കന്മാരുടെ കാലത്തെ സംഭവങ്ങളാണ് നോവലിൽ അവതരിപ്പിക്കുന്നത്. വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കുന്നതിൽ പ്രത്യേകമായൊരു സിദ്ധി സണ്ണിക്കുണ്ട്. 
മൂല്യങ്ങൾ തലകീഴായി മറിഞ്ഞ  കാലത്ത് എങ്ങനെ സത്യത്തിൻ്റെ നേരിയ നാമ്പ് തളിരിട്ടു എന്നു വിശദമാക്കാൻ വേണ്ടി നോവലിസ്റ്റ് അധ്വാനിക്കുകയാണ് .മനുഷ്യൻ അത്ഭുതസിദ്ധിയുള്ളവനാണ്. പക്ഷേ അവൻ ഏതു പ്രകാശത്തെയും കെടുത്താൻ ശേഷിയുള്ളവനുമാണ്. അതിനു വേണ്ടി സ്വയം നശിക്കാനും തയ്യാറാണ്‌ .

ക്രിസ്തുവിനെ അന്വേഷിക്കുന്ന നോവലാണ് 'കുലപതികൾ '.ക്രിസ്തുവിൻ്റെ വരവറിയിക്കുന്ന, ക്രിസ്തുവിനെ അനിവാര്യമാക്കുന്ന ജീവിതവിധി എന്താണെന്നു സൂചന തരുന്ന കഥാഖ്യാനമാണ് .മനുഷ്യവംശത്തിൽ പിറന്ന ക്രിസ്തുവിൽ ദൈവത്തിൻ്റെ  ചിന്തകളും ശരികളും ആലേഖനം ചെയ്തിരിക്കുന്നു. ക്രിസ്തുശരീരം ദൈവത്തിൻ്റെ പരീക്ഷണശാലയാണ്. മനുഷ്യൻ്റെ മജ്ജയിൽ യേശുവിനെ കുരിശിലേറ്റിയിരിക്കുന്നു എന്നു  കസൻദ്സാക്കീസ് Christ Recrucified എന്ന കൃതിയിൽ എഴുതുന്നുണ്ട്. ആ കുരിശാരോഹണത്തിൽ നിന്നു മനുഷ്യനു അകന്നു നിൽക്കാനാവില്ല. എന്തെന്നാൽ ക്രിസ്തുവിനെ  കുരിശിലേറ്റിയതോടെ മനുഷ്യൻ എന്നന്നേക്കുമായി കുരിശിലേറ്റപ്പെട്ടിരിക്കുന്നു. ഉയിർക്കുന്നത് ക്രിസ്തു മാത്രമായിരിക്കും ,മനുഷ്യനല്ല .കാരണം മനുഷ്യനു ഇനിയും തന്റെ തെറ്റ് തിരുത്താനോ അത് മനസ്സിലാക്കാനോ സാവകാശം ലഭിച്ചിട്ടില്ല.

ദസ്തയെവ്സ്കിയുടെ നോവലിൽ  ദൈവത്തെ വിചാരണ ചെയ്യുന്നത് കാണാം. ആരാണ് വിചാരണ ചെയ്യുന്നത് ? ക്രൂരനായ മനുഷ്യൻ.ദസ്തയെവ്സ്കി മനുഷ്യൻ്റെ നീചമായ റോൾ തൻ്റെ ബോധത്തിലൂടെ തിരിച്ചറിയുന്നു. അതിനു വേണ്ടി അദ്ദേഹം സ്വയം പിശാചായി മാറുന്നു . ക്രൂരനും പാപിയും ദാക്ഷിണ്യമില്ലാത്തവനുമായ ഒരുവനു മാത്രമേ സ്വന്തം തെറ്റുകൾ  മനസ്സിലാക്കാനാവാതെ ദൈവത്തെ വിചാരണ ചെയ്യാനാവൂ.

മനുഷ്യനും ദൈവവും തമ്മിലുള്ള സംഘട്ടനം സത്യവും പാപവും തമ്മിലുള്ള സംഘട്ടനമാണ് .ഈ സംഘട്ടനത്തിൽനിന്നു സത്യത്തെ എങ്ങനെ വേർതിരിച്ചെടുക്കും ?അദ്ദേഹം ദൈവത്തെ സംശയിക്കുകയാണ്. ഒരു മനുഷ്യനു അതിനു മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ മനുഷ്യനു ദൈവത്തെ അന്വേഷിച്ചുകൊണ്ടല്ലാതെ ജീവിക്കാൻ സാധിക്കില്ല .ഒരു സ്വതന്ത്രചിന്താഗതിയിൽ മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല,ദൈവമില്ല ,മനുഷ്യൻ സൃഷ്ടിച്ച ദൈവമേയുള്ളൂ എന്നെല്ലാം പറയാം .പക്ഷേ അപ്പോഴും അവൻ തന്നിൽ അടിഞ്ഞുകൂടിയ ദൈവം എന്ന ആശയത്തെയാണ് നിരാകരിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് അവനിൽ ദൈവം ഉണ്ടായിരുന്നില്ല എന്നു പറയാനാവില്ല. നാം എന്തിനെയാണോ നിഷേധിക്കുന്നത് അത് നമ്മളിൽ ഉണ്ടെന്നർത്ഥം .അത് നിലീനമായിരിക്കുന്നതുകൊണ്ടാണ് നാം അതിനെ തേടുകയും തള്ളിപ്പറയുകയും ചെയ്യുന്നത്. അപ്പോഴും അത് ഒരാഭിമുഖ്യമായി വരുന്നു .വസ്തുതയോ വസ്തുവോ നിലനിൽക്കുന്നില്ല എന്നു സ്ഥാപിക്കാം. എന്നാൽ അതിനെ നാം അഭിമുഖീകരിക്കുന്നില്ലെന്നു പറയാനാവില്ല .അത് ഒരു ചിന്താസന്താനമായി നമ്മിൽ തന്നെ തുടരും. അപ്പോൾ അത് നിലനിൽക്കുന്നു എന്നാണ് അറിയേണ്ടത്. ആത്യന്തികമായി ദൈവം നമ്മുടെ മനസ്സിലാണുള്ളത്.  മനസ്സ് ഇല്ലാതാകുമ്പോൾ ദൈവവും ഇല്ലാതാകുന്നു. അതുകൊണ്ട് ദൈവവുമായുള്ള മുഖാമുഖം നമ്മെക്കുറിച്ചുള്ള സ്വന്തം ധാരണകളെ പരിശോധിക്കാനുള്ള അവസരമാണ്.നശ്വരനായ മനുഷ്യനു , നശ്വരമായ മനസ്സുമായി ജീവിക്കുന്ന മനുഷ്യനു അനശ്വരതയിലാണ് വിശ്വാസം. ഈ വിശ്വാസമില്ലാതെ അവനു നശ്വരമായ മനസ്സിനെയോ ജീവിതത്തെയോ നേരിടാനാവില്ല . അനശ്വരതയോടുള്ള ദാഹത്തെ ഇല്ലാതാക്കിയാൽ അത് മാനവരാശിയുടെ നാശത്തിനു കാരണമായിത്തീരും.

സണ്ണി തായങ്കരി സർഗാത്മകമായി ബൈബിളിനെ സമീപിക്കുകയാണ്. തൻ്റെയുള്ളിലെ അശരണമായ  ജീവിതകാമനകളുടെ സമ്മർദ്ദത്തിൽപ്പെട്ട് എഴുത്തുകാരൻ വിശ്വാസത്തിന്റെയും സത്യത്തിൻ്റെയും അർത്ഥം തേടുകയാണ്.  അദ്ദേഹത്തിൻ്റെ ധിഷണ പഴയ നിയമത്തിലെ അബ്രഹാമിനെയും ഇസഹാക്ക് ,യാക്കോബ്, ഏസാബ്,  ജോസഫ് എന്നിവരെയും ജീവിതപങ്കാളികളായ സാറാ,ഹാഗാർ ,റെബേക്ക ,റാഹേൽ ,ലയ തുടങ്ങിയവരെയും  അടർത്തിയെടുത്ത് അവർക്ക് കേവല മനുഷ്യമനസ് നൽകി സമകാലികമായ അർത്ഥസൃഷ്ടിയിലേക്ക്  പ്രവേശിക്കുകയാണ്.

തികഞ്ഞ നിർമമതയോടെ ,സ്വന്തം വഴിയിൽ ,പൊരുളുകളെ വകഞ്ഞു മാറ്റി ജീവിതത്തിന്റെ അർത്ഥം തേടുന്ന കൃതിയാണിത്. അസ്തിത്വപരമായ ശൂന്യതയ്ക്കു ബദലായി എഴുത്തുകാരൻ പഴയനിയമത്തെ  വ്യാഖ്യാനിക്കുന്നു. ഉല്പത്തി പുസ്തകത്തിലെ കഥാപാത്രങ്ങളിൽ നമ്മുടെ കാലത്തെ മനുഷ്യരെ അന്വേഷിക്കുകയാണ്. ഇതിനിടയിൽ കാലം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.ബൈബിളിലെ കഥാപാത്രങ്ങൾ ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു എന്നാണ് വിശ്വാസം. അതിൻ്റെ ചുവടുപിടിച്ച് നോവലിസ്റ്റ്  കഥാപാത്രങ്ങളുടെ മാനുഷികമായ സംഘർഷങ്ങൾക്ക് ഭാഷ നൽകുകയാണ് ചെയ്യുന്നത് .

ബൈബിളിലെ സന്ദർഭങ്ങൾക്ക് നോവലിസ്റ്റ് തൻ്റെ സർഗശേഷികൊണ്ട് അർത്ഥപരമായ സമകാലികത കണ്ടെത്തുന്നു; മനുഷ്യത്വത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നു. ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കുമേൽ കാലത്തിൻ്റെ അദൃശ്യമായ കണ്ണുകളുണ്ട് .ആ കണ്ണുകളെ നമുക്ക് കാണാനാവില്ല. എന്നാൽ ആ കണ്ണുകൾ നമ്മെ കാണുന്നു .ആ കണ്ണുകൾ ഒരു വ്യക്തിയുടേതാവണമെന്നില്ല .കാഴ്ച മാത്രമുണ്ടായാൽ മതി. നമ്മൾ അവശേഷിപ്പിച്ച ക്രൂരതയുടെ കാഴ്ച ആർക്കും മായ്ക്കാനാവില്ല. അത് കാലത്തിന്റെ ഏടുകളിൽ ഭദ്രമാണ്. ഉല്പത്തി പുസ്തകത്തിൽ സോദോമിനും ഗോമോറയ്ക്കുമെതിരെയുള്ള കർത്താവിൻ്റെ ക്ഷോഭം ഉദാഹരിക്കുന്നുണ്ട്. കർത്താവ് പറയുന്നത് അവരുടെ പാപം ഗുരുതരമായതുകൊണ്ട് അതിനെക്കുറിച്ചറിയാൻ അവിടം വരെ പോകുന്നു എന്നാണ് .സോദോമിലേക്കു വന്ന രണ്ടു ദൂതന്മാരെ ലോത്ത് നഗരകവാടത്തിൽ സ്വീകരിക്കുന്നു. അവർ ലോത്തിൻ്റെ വീട്ടിലേക്ക് വന്നു .അന്നു രാത്രിയിൽ അവർ അവിടെ തങ്ങുകയാണെന്നറിഞ്ഞ് സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ വന്നു വീട് വളയുകയാണ്. അവർ എന്താണ് പറയുന്നതെന്നോർക്കണം. വീട്ടിൽ വന്നവരുമൊത്ത് സുഖഭോഗങ്ങളിലേർപ്പെടാൻ അവരെ വിട്ടു കൊടുക്കണമെന്ന് .ലോത്ത്  വീടിനു പുറത്തിറങ്ങി കതകടച്ച് അവരോട് പറഞ്ഞു, തൻ്റെ രണ്ടു പെൺകുട്ടികൾ ഇവിടെയുണ്ട് ,അവരെ വിട്ടുതരേണ്ടി വന്നാലും ഈ അതിഥികളെ ഒന്നും ചെയ്യരുതെന്ന് . ഇതറിഞ്ഞ് കുപിതരായ അതിഥികൾ  അവിടെ കൂടിയവരെ അന്ധരാക്കി  ചിതറിച്ചു .ആ ദൂതന്മാർ ലോത്തിനെയും കുടുംബത്തെയും അവിടെ നിന്നു രക്ഷിച്ചു. ആ നഗരം കർത്താവ് നശിപ്പിക്കാൻ പോവുകയാണല്ലോ.



കർത്താവ് ആകാശത്തിൽ നിന്നു സോദോമിലും ഗൊമോറയിലും അഗ്നിയും ഗന്ധകവും വർഷിച്ചു. ആ പട്ടണങ്ങളെയും താഴ്വരകളെയും അവയിലെ നിവാസികളെയും സസ്യലതാതികളെയും അവിടുന്നു നാമാവശേഷമാക്കി .ഈ കഥയിൽ തന്നെ പ്രാചീന മനുഷ്യൻ പ്രവൃത്തിയിൽ എത്രമാത്രം അധ:പ്പതിച്ചിരുന്നുവെന്ന് വ്യക്തമാകുന്നു. കർത്താവ് ഓരോ തെറ്റിലും ഇടപെട്ട് പ്രവർത്തിക്കുകയാണ്. എന്നാൽ മനുഷ്യനു എന്തെങ്കിലും മാറ്റമുണ്ടോ? കർത്താവിനു പോലും മനുഷ്യനെ സ്വാധീനിക്കാനാവുന്നില്ല. നോവലിൽ  യാക്കോബിന്റെ സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷപ്പെടുന്നു. അവനെ സംരക്ഷിക്കുമെന്നു ദൈവം ഉറപ്പു കൊടുക്കുന്നു. അതിനോടുള്ള പ്രതികരണം എന്നപോലെ അവൻ പ്രതിജ്ഞ ചെയ്തു: "എനിക്കു വാഗ്ദാനം തന്ന ദൈവമായ കർത്താവ് എന്നോടുകൂടെ ഉണ്ടായിരിക്കുകയും ഈ യാത്രയിൽ എന്നെ സംരക്ഷിക്കുകയും ഉണ്ണാനും ഉടുക്കാനും തരികയും പിതാവിൻ്റെ ഭവനത്തിൽ സമാധാനത്തോടെ തിരിച്ചെത്തിക്കുകയും ചെയ്താൽ കർത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തിനിർത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിൻ്റെ ഭവനമായിരിക്കും.അവിടുന്ന് എനിക്ക് തരുന്നതിന്റെയെല്ലാം പത്തിലൊന്ന്  ഞാൻ അവിടുത്തേക്ക് കാഴ്ചയായി സമർപ്പിക്കും."

യാക്കോബിന്റെ ഈ ചിന്ത ദൈവം അവനിൽ എത്രമാത്രം ദുർബ്ബലമായി എന്നു വ്യക്തമാക്കുന്നുണ്ട്. ദൈവം അവനെ സഹായിച്ചാൽ തിരികെ സഹായിക്കാമെന്ന് ! അവനു ദൈവം കൊടുക്കുന്നതിൻ്റെ പത്തിലൊന്ന്  തിരികെ കൊടുക്കുമെന്ന് !യാക്കോബിൽ നോവലിസ്റ്റ് ഇന്നത്തെ മനുഷ്യരെ കാണുകയാണ്. അവർ ആത്മാവിൽ എത്ര ദരിദ്രരാണ്. അവർ ദൈവചിന്തയെ എത്ര മലിനമാക്കിയിരിക്കുന്നു. ദൈവം വേണമെങ്കിൽ തന്നിൽ വിശ്വസിക്കട്ടെ എന്നു ചിന്തിക്കുന്നവരുണ്ട്. അവർ ദൈവത്തെ ആഹ്വാനം ചെയ്യുകയാണ്, തങ്ങളെ സംരക്ഷിക്കാൻ. സംരക്ഷിച്ചില്ലെങ്കിൽ അവർ ദൈവത്തെ തള്ളിപ്പറയും. ഇതാണ് ഇന്നത്തെ വിശ്വാസത്തിൻ്റെ അപമാനവീകരിക്കപ്പെട്ട ചിന്ത. മനുഷ്യൻ അവന്റെ ചിന്തയിൽ നിന്നു അകന്നു പോയിരിക്കുന്നു. അവനു സ്വന്തം പ്രതിച്ഛായയിലോ വർത്തമാനത്തിലോ വിശ്വാസമില്ല. ഉല്പത്തിക്കഥയിലെ കഥാപാത്രങ്ങളിലൂടെ ആധുനിക മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് നോവലിലുള്ളത്. വളരെ ആഴത്തിലുള്ള ഒരു ബൈബിൾ വായനയാണിത് .നാളിതുവരെയുള്ള മനുഷ്യൻ്റെ ഭൗതികപുരോഗതിക്ക് തുല്യമായ ആത്മീയ വളർച്ച ഉണ്ടായിട്ടില്ലെന്ന സൂചനയാണ് 'കുലപതികൾ' നൽകുന്നത്.കാലത്തിൻ്റെ ദൈർഘ്യത്തിൽ എല്ലാ തിന്മകളും പഴയതുപോലെതന്നെ തുടരുകയാണ്. ഒന്നും ഇല്ലാതാകുന്നില്ല. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾ ബുദ്ധിപരമായ വളർച്ചയുടെ അടയാളങ്ങളാണ്. എന്നാൽ  മനുഷ്യൻ്റെ ആന്തരികാവസ്ഥ പഴയതുപോലെ തന്നെയാണ്.അഹന്തയും ക്രൂരതയും അവനെ വിട്ടൊഴിയുന്നില്ല. 

ഇസ്രായേലിന്റെ കുലപതികളുടെ അവസാനത്തെ കണ്ണിയായ ജോസഫിന്റെ അന്ത്യനിമിഷങ്ങളെ വികാരതീവ്രമാക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട് .അത് കദനമാണ് പങ്കു വയ്ക്കുന്നത്. മനുഷ്യൻ മരിച്ചു ,ദൈവം മരിച്ചതുപോലെ. മനുഷ്യചിന്തയിൽ ദൈവം മരിച്ചു എന്നാണ് ഫ്രഞ്ച് തത്ത്വജ്ഞാനി നീഷെ 'ദൈവം മരിച്ചു' എന്ന പറഞ്ഞതിൻ്റെ അർത്ഥം. നീഷെയുടെ വാക്കുകൾ: God is dead.God remains dead.And we have killed him.How shall we comfort ourselves ,the murderers of all murderers?

മനുഷ്യനു ദൈവത്തെ നഷ്ടപ്പെട്ടതിന്റെ വെപ്രാളവും ഭ്രാന്തമാണ് പിടിപെട്ടിരിക്കുന്നത്. എന്നാൽ 'കുലപതികൾ' വായിച്ചപ്പോൾ ദൈവചിന്തയിൽ മനുഷ്യൻ മരിച്ചു എന്ന പറയാൻ തോന്നി .ദൈവത്തിനു വലിയ പ്രതീക്ഷയുണ്ടായിരുന്നു, മനുഷ്യനെ സൃഷ്ടിക്കാൻ .താൻ ചിന്തിക്കുന്നത് മനുഷ്യന്റെ ഭാഷയിലും ബുദ്ധിയിലുമായിരിക്കുമെന്നു ദൈവം കണക്കുകൂട്ടിയിരിക്കണം. സുന്ദരമായ ഒരു സങ്കല്പമാണത്. മനുഷ്യൻ ഏറ്റവും നന്നായി പ്രാർത്ഥിക്കുമ്പോൾ ശുശ്രൂഷിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ അവിടെ ദൈവം സ്പർശത്തിലോ നോട്ടത്തിലോ രംഗപ്രവേശം ചെയ്യുന്നു.  ദൈവത്തിൻ്റെ ചിരി പരക്കുന്നു.ഒരു ശലഭത്തിന്റെ നൈമിഷികതയിൽ ദൈവം അതാസ്വദിക്കുന്നു. എന്നാൽ മനുഷ്യനു ഈ സിദ്ധികൾ നഷ്ടപ്പെടുമ്പോൾ ദൈവചിന്തയിൽ നിന്നു അകന്നുപോകുന്നു. ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട പ്രാണികളെ അവയുടെ ആവാസവ്യവസ്ഥയിൽ  കടന്നു കയറി ജീവനോടെ പാചകം ചെയ്ത് ഭക്ഷിക്കുന്ന മനുഷ്യനോട് ആശയവിനിമയം ചെയ്യാൻ  ദൈവത്തിനാവില്ല .ദൈവത്തിൻ്റെ ഭാഷ ഇവിടെ വിനിമയം ചെയ്യപ്പെടുന്നില്ല. മനുഷ്യചിന്തയുടെ ജാലകങ്ങൾ അടഞ്ഞുകിടക്കുന്നു. മനുഷ്യബോധത്തെ ഒരു തരത്തിലും ഉണർത്താൻ ദൈവത്തിനാവുന്നില്ല.

സണ്ണി തായങ്കരി



ദൈവം ഏകാന്തനാവുകയാണ്, സൃഷ്ടിയുടെ വേളകൾക്ക് ശേഷം. സൃഷ്ടി ഒരു പ്രപഞ്ചനിയമമാകയാൽ ദൈവത്തിനു അത് റദ്ദ് ചെയ്യാനാവില്ല. സൃഷ്ടിയുടെ പ്രാപഞ്ചികതയിലെ സ്വയം പ്രവർത്തനമാണത്. ദൈവചിന്തയിൽ മനുഷ്യൻ മരിച്ചു. ദൈവത്തിനു  മ മനുഷ്യചിന്തയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. മനുഷ്യൻ അവനു മാത്രം മനസിലാകുന്ന യുക്തി വികസിപ്പിക്കുന്നു.  മാത്രം അതുകൊണ്ട് മൃത്യുവിനു പുതിയ മാനം നൽകിയിരിക്കുകയാണ് നോവലിസ്റ്റ്. മൃത്യു ഒരു തിരിച്ചു പോക്കാണ്. ജനിച്ചതിനു ശേഷം മനുഷ്യൻ തീവ്രമായി അന്വേഷിച്ചത് എങ്ങോട്ടാണ് മടക്കം എന്നാണ്. ഓരോ നിമിഷവും, തീക്ഷ്ണമായ ഈ ആഗ്രഹത്തെ അവൻ മറച്ചുപിടിക്കുകയാണ് .മറ്റുള്ളവരെ ദ്രോഹിക്കാതെയും ചതിക്കാതെയും ജീവിക്കാൻ സാധ്യമല്ലാത്തതുകൊണ്ട് ഈ ആഗ്രഹം മറഞ്ഞിരിക്കുന്നതാണ് അഭികാമ്യം. ദൈവത്തിനു മറഞ്ഞിരിക്കുന്നതാണല്ലോ ആകെയുള്ള സാധ്യത. ദൈവം പ്രത്യക്ഷതയല്ല ,അപ്രത്യക്ഷതയുടെ അർത്ഥമാണ്. നാം കാണാത്തപ്പോൾ നമ്മെ കാണുന്ന കണ്ണ് നമ്മുടേതല്ല.എന്നാൽ അങ്ങനെയൊരു കാഴ്ചയുണ്ട് .അതാണ് ദൈവത്തിൻ്റെ അപ്രത്യക്ഷതയായി മാറുന്നത്. നോവലിൻ്റെ അവസാനം ജോസഫ് ഒരു  സ്വപ്നം കാണുന്നുണ്ട്. അത് അകന്നു പോയ ഒരു കണ്ണി കൂടിച്ചേരുന്ന പോലെ തോന്നും. പുതിയ ഫറവോയുടെ സേവകർ എത്തിയതറിഞ്ഞ് ജോസഫ് ഇങ്ങനെ പ്രതികരിച്ചു: 'അവർ പുറത്തു നിൽക്കട്ടെ. ഒരു മരണവാർത്ത മാത്രമേ ഇനി എന്നിൽ നിന്ന് അവർക്ക് കിട്ടാനുള്ളൂ.'ജോസഫിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിതാവിനെപ്പോലെ തനിക്ക് ദൈവദർശനം ലഭിച്ചിരുന്നെങ്കിലെന്നു ജോസഫ് ആഗ്രഹിക്കുന്നു. പിതാക്കന്മാരുടെ ദൈവം ഒരു യാഥാർത്ഥ്യമായിരുന്നു .അവർക്ക് ദൈവം കൽപ്പിച്ചു നൽകിയ ദേശത്തേക്ക് പോകാനാണ് അദ്ദേഹം  ഇഷ്ടപ്പെടുന്നത്. ആ ദേശത്തേക്ക് പുറപ്പെടുമ്പോൾ ,തന്നെ അനുഗമിക്കുന്നവരുടെ കൈകൾ ശൂന്യമായിരിക്കരുതെന്നും തൻ്റെ ഭൗതിക അവശിഷ്ടങ്ങൾ കരുതണമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.ഇസ്രയേൽ വംശത്തിൻ്റെ പിതാവ് നാടുവിടുകയാണ്. അപ്പോൾ പുതിയ ഫറവോ ഈജിപ്റ്റിനെ അടിമ സംസ്കാരത്തിലേക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു. ലോകം പ്രതീക്ഷയല്ല ,നിരാശയാണ് പരത്തുന്നതെന്ന ദർശനമാണ് നോവൽ അനുഭവിപ്പിക്കുന്നത് .

ഉല്പത്തി പുസ്തകത്തിലെ വിവരണത്തിൽ യാഥാർത്ഥ്യത്തിൻ്റെ മാന്ത്രികതയുണ്ട്. ജോസഫിന്റെ സ്വപ്നത്തെക്കുറിച്ച് ബൈബിളിൽ സൂചിപ്പിക്കുന്ന ഭാഗം ശ്രദ്ധിക്കുക.കറ്റ കെട്ടിക്കൊണ്ടിരുന്നപ്പോൾ കറ്റ എഴുന്നേറ്റു നിന്നുവെന്നും മറ്റുള്ളവരുടെ കറ്റകളെല്ലാം ചുറ്റും വന്നു ജോസഫിന്റെ കറ്റയെ താണു വണങ്ങിയെന്നും  വായിക്കാം. സഹോദരന്മാർ ഈ സ്വപ്നത്തിന്റെ പേരിൽ അവനെ ശകാരിക്കുകയാണ്. ജോസഫ് തങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുമെന്നാണ് പറയുന്നതെന്നു  അവർ വ്യാഖ്യാനിച്ചു. ജോസഫിന്റെ മറ്റൊരു സ്വപ്നം ഇതാണ് :"സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി. അവൻ ഇത് പിതാവിനെയും സഹോദരന്മാരെയും  അറിയിച്ചപ്പോൾ പിതാവ് അവനെ ശകാരിച്ചു കൊണ്ട് പറഞ്ഞു: എന്താണ് നിന്റെ സ്വപ്നത്തിൻ്റെ അർത്ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണു വണണമെന്നാണോ?" ഈ സ്വപ്നവും അതിനോടുള്ള പ്രതികരണവും മാന്ത്രിക യാഥാർത്ഥ്യമാണ് .വിചിത്രമായ സ്വപ്നങ്ങൾക്ക് അവർ കണ്ടെത്തുന്ന അർത്ഥവും മാന്ത്രികമാണ്. ഈ  മാന്ത്രികതയെ ഇഴപിരിച്ചെടുത്താണ് സണ്ണി നോവലെഴുതിയിരിക്കുന്നത്.  ആഴമുള്ള അനുഭവങ്ങളും കൊളുത്തി വലിക്കുന്ന ഭാഷയും ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളുമാണ് 'കുലപതികളെ' നമ്മുടെ ഭാഷയിലെ ഒരു എണ്ണം പറഞ്ഞ നോവലാക്കുന്നത്. ഈ നോവൽ കലയുടെ പേരിൽ വായിക്കപ്പെടേണ്ടത് തന്നെയാണ്. മാനവജീവിതത്തിന്റെ ഭാവിയിൽ വിശ്വസിക്കുന്നവരെ 'കുലപതികൾ' അർത്ഥവത്തായ പല വഴികളിലേക്ക് തിരിച്ചുവിടാതിരിക്കില്ല.


റഷ്യൻ ദൈവശാസ്ത്രജ്ഞനായ നിക്കോളാസ് ബെർദ്യെവ് മതപരമായ അരാജകത്വത്തെപ്പറ്റി എഴുതുന്നുണ്ട്. 
മനുഷ്യൻ മറ്റൊരു മനുഷ്യൻ്റെമേൽ  അധികാരം പ്രയോഗിക്കുന്നത് പാപവും തിന്മയും കൊണ്ടാണ്. എന്നാൽ മനുഷ്യനു മറ്റൊരു മനുഷ്യൻ്റെമേൽ  അധികാരമില്ലാതിരിക്കുമ്പോൾ സമ്പൂർണതയാണ് സംഭവിക്കുന്നത്. ഇതാണ് അരാജകത്വം .ദൈവരാജ്യത്ത് സ്വാതന്ത്ര്യമാണുള്ളത്. അവിടെ അധികാരമില്ല. ഇതാണ് സണ്ണി വിനിമയം ചെയ്യാൻ ശ്രമിക്കുന്നത്. 


Monday, April 28, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (april 28)

 





സിനിമയിലെ ക്രൂരത ;കലയുടെ സാധ്യതകൾ 


ക്രൂരതയുടെ നാടകവേദി എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടത് ഫ്രഞ്ച് നാടകകൃത്ത് അൻ്റോനിൻ അർത്തോയാണ്. പ്രേക്ഷകരെ അവരുടെ ചിന്തയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നു പുറത്തിറക്കുകയും ഏതോ ആഭിചാരകർമ്മത്തിലെന്നപോലെ അന്ധാളിപ്പിക്കുകയും ചെയ്യുക എന്ന  ലക്ഷ്യമാണതിലുള്ളത്. ഈ വ്യാമിശ്രമായ ലോകത്ത്, ദാർശനികമായി പറഞ്ഞാൽ തിന്മ മാത്രമാണ് ശക്തി പ്രാപിക്കുന്നതെന്നും  അതാണ് സ്ഥിരമായ നിയമമെന്നും അർത്തോ വിശദീകരിക്കുന്നുണ്ട് .നന്മ ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് പ്രസക്തിയുണ്ട്. എന്നാൽ അപ്പോഴും ക്രൂരതയ്ക്ക് മേൽ ക്രൂരതയാണ് ഉണ്ടാകുന്നത്.

മനുഷ്യൻ്റെ അടിസ്ഥാനസ്വഭാവം ക്രൂരതയാണോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ദയ, അഹിംസ തുടങ്ങിയവ നാം ആർജിക്കേണ്ടതാണ്. അത് മനസിലേക്ക് ഉറപ്പിച്ചു നിർത്തണ്ടതുണ്ട്. അത് സ്വാഭാവികമായി രൂപപ്പെടാൻ  പ്രയാസമാണ്. മനസ്സ് ഒരു അണുവിലും  സ്വസ്ഥമല്ല. ഒരു അണുവിനെ കണ്ടാൽ വേറൊരു അണു യുദ്ധം ചെയ്യും; ക്രൂരമായി പെരുമാറും. ക്രൂരത കാണിക്കാതെ ജീവിക്കാനാകുന്നില്ല. ബ്രസീലിയൻ സാഹിത്യകാരി ക്ലാരിസ് ലിസ്പെക്റ്റർ പറഞ്ഞു, പ്രകൃതിയിൽ യെസ് എന്നു പറയുമ്പോഴാണ് സൃഷ്ടി നടക്കുന്നതെന്ന്. ഒരു ബീജം അണ്ഡവുമായി ചേരണമല്ലോ. അതിനു അണ്ഡം യെസ് പറയണം ; ബീജം യെസ് പറയണം .പ്രകൃതിയാണതിനു സൂത്രധാരത്വം വഹിക്കുന്നത്.ഇവിടെ സ്വാഭാവികമായ ഒരു ചാക്രികതയുണ്ട്. ഒരിടത്ത് നിശ്ചലമാകുമ്പോൾ മറ്റൊരിടത്ത് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് പ്രകൃതി. സർഗാത്മകത വറ്റുന്നില്ല. അത് പുതിയ രൂപഭാവങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ഇതിഹാസ കൃതികൾ ഉണ്ടാകുന്നില്ലായിരിക്കാം .എന്നാൽ പാബ്ലോ നെരൂദയുടെ 'ഓഡ് ടു ടുമാറ്റോ' ,അയ്യപ്പപ്പണിക്കരുടെ 'പകലുകൾ രാത്രികൾ' ഉണ്ടാകുന്നു. 'മഹാഭാരതം' ഉണ്ടാകുന്നില്ലായിരിക്കാം .'മാർകേസിന്റെ 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' ഉണ്ടായല്ലോ. ഒരു സർഗാത്മക സിദ്ധിയും ഇല്ലാതാകുന്നില്ല.ചില അഭിരുചികൾ മരിക്കുമ്പോൾ വേറെ ചിലത് പൊട്ടിമുളയ്ക്കുന്നു. കൃഷ്ണനാട്ടവും വഞ്ചിപ്പാട്ടും കഥകളിയും ചില കേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും, അതിനുവേണ്ടതായ അഭിരുചി ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാണെങ്കിലും ഡിജിറ്റൽ ചിത്ര നിർമ്മാണം ,മോർഫിംഗ് തുടങ്ങിയ സാങ്കേതങ്ങൾ ആവിർഭവിച്ചിരിക്കുന്നു. മാർസൽ പ്രൂസ്തിന്റെ 'റിമമ്പ്രൻസ് ഓഫ് തിംഗ്സ് പാസ്റ്റ്' ദീർഘിച്ച നോവലാണ്;ഏഴ് വോള്യമാണ്. അത് വായിക്കാനായി ലൈബ്രറിയിലേക്ക് പോകുന്ന ഒരു വായനക്കാരനെ കണ്ടെത്താൻ പ്രയാസമായിരിക്കും. എന്നാൽ എഐ(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്)പഠിക്കാൻ പോകുന്നവരെ കാണാം. എഐ സാങ്കേതികവിദ്യയിലൂടെ  നെപ്പോളിയനെയും സ്റ്റാലിനെയും ഹിറ്റ്ലറെയും വീഡിയോയിൽ കാണിച്ചുതരുന്ന പുതിയ അഭിരുചി പിറവിയെടുക്കുകയാണ്. പ്രാചീന ദൃശ്യകലയിലുള്ള അഭിരുചി മരിച്ചു എന്നു പറയാമെന്നു തോന്നുന്നു. നഗരത്തിലെ മനുഷ്യർക്ക് പ്രാചീന ദൃശ്യകലകളേക്കാൾ ആസ്വദിക്കാനാവുന്നത് ഹൈടെക് രംഗവേദികളിലെ ആവിഷ്ക്കാരങ്ങളാണ്.

കൊലപാതകത്തിൻ്റെ കൊറിയോഗ്രഫി 

മൾട്ടിമീഡിയ ദൃശ്യവത്ക്കരണത്തിൻ്റെ സാധ്യതകൾ വലുതാണ്. രാമപുരത്തു വാര്യരുടെ കാലത്ത് അജ്ഞാതമായിരുന്ന ആസ്വാദന പ്രക്രിയകളും ഉള്ളടക്ക സ്വാംശീകരണങ്ങളും ഇപ്പോൾ കാണാനാകും.ഡച്ച് ചിത്രകാരനായ വാൻഗോഗിന്റെ ചിത്രങ്ങൾ ക്യാൻവാസിൽ കാണാൻ ഗാലറിയിൽ പോകണം .എന്നാൽ വാൻഗോഗിന്റെ ചിത്രങ്ങൾ ദിവസം ഒന്ന് എന്ന കണക്കിൽ ഫെയ്സ്ബുക്കിൽ കാണാം. വാൻഗോഗ് ജീവിച്ചിരുന്ന കാലത്ത് തൻ്റെ ഒരേയൊരു ചിത്രമാണ് പ്രദർശിപ്പിച്ചത്. അദ്ദേഹത്തിനെ ആർക്കും വേണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആയിരത്തി എണ്ണൂറ് ചിത്രങ്ങൾ ആവശ്യക്കാരില്ലാതെ അവശേഷിച്ചു. വാൻഗോഗിൻ്റെ ആത്മഹത്യയ്ക്കു ശേഷം പുതിയൊരു വാൻഗോഗ് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. ആ ചിത്രങ്ങളിലെ കലാമൂല്യം തേടി ലോകമെമ്പാടുമുള്ള കലാകാരന്മാരും ആസ്വാദകരും വർദ്ധിച്ച ആവേശത്തോടെ രംഗത്തു വന്നിരിക്കുന്നു. ഓരോ ചിത്രവും സൂക്ഷ്മമായി പഠിക്കപ്പെടുകയാണ് .വാൻഗോഗിൻ്റെ വായനയും കാഴ്ചപ്പാടുകളും കലാസങ്കേതങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ചിത്രങ്ങളുടെ ത്രീഡി എക്സിബിഷൻ സംഘടപ്പിക്കുന്ന തിരക്കിലാണ് ആരാധകർ. വാൻഗോഗ് അനുഭവം മികവുറ്റതാക്കാൻ സ്പെഷ്യൽ ബ്രോഡ്കാസ്റ്റിംഗും ഉണ്ടായിരുന്നു.'സ്റ്റാറി നൈറ്റ്' എന്ന ചിത്രം അനിമേഷനിലൂടെ കാണിച്ചുതരുകയാണ്. വാൻഗോഗിൻ്റെ ചിത്രങ്ങളുടെ ത്രീഡി മോഡൽ പ്രദർശിപ്പിക്കുന്നത് നഗരങ്ങളിൽ കലാസ്വാദകർക്ക് ഹരമായി കഴിഞ്ഞിട്ടുണ്ട്. വാൻഗോഗിനു സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന  തിയേറ്റർ അനുഭവമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഇതിൻ്റെയ ർത്ഥം പത്തൊമ്പതാം നൂറ്റാണ്ടിലെ പോസ്റ്റ് ഇംപ്രഷണിസ്റ്റിക് പെയിൻ്റിംഗിനോടുള്ള താത്പര്യം പുതിയ പരിപ്രേക്ഷ്യമായി വളർന്നു എന്നാണ്.വാൻഗോഗിൽ അവസാനിച്ച അഭിരുചി മറ്റൊരു രീതിയിൽ ഇപ്പോൾ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ഇപ്പോൾ സിനിമകളിൽ, ജീവിതത്തിലെന്നപോലെ, ക്രൂരത ഉയിർത്തെഴുന്നേൽക്കുകയാണ്. യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേൽക്കേണ്ടത് ക്രിസ്തുവാണ് ,ക്രിസ്തുവിൻ്റെ സഹനവും സ്നേഹവുമാണ്. അതിനു വിരുദ്ധമായി ക്രൂരത ഉയിർത്തെഴുന്നേൽക്കുന്നു .ഹിറ്റ്ലറും മുസ്സോളിനിയും ഉയിർത്തെഴുന്നേൽക്കുന്നു. ക്രൂരത ഒരു കഥയായി മാറുന്നു .ക്രൂരതയിൽ ആസ്വദിക്കാൻ പലതുമുണ്ടെന്ന ഒരു സൗന്ദര്യശാസ്ത്രം സൃഷ്ടിക്കപ്പെടുകയാണ്. ഒരാളെ കൊല്ലുന്നതിന്റെ ദൃശ്യം എങ്ങനെ ഏറ്റവും 'മനോഹരമായി' ദൃശ്യവത്കരിക്കാമെന്നാണ് ലോകത്തിലെ ചില ചലച്ചിത്രകാരന്മാർ ആലോചിക്കുന്നത്. ദക്ഷിണ കൊറിയൻ സംവിധായകനായ കിംകി ഡുക്ക് ക്രൂരത ദൃശ്യവത്ക്കരിക്കുന്നതിൽ തൃഷ്ണയോടെ ഇടപെട്ടു.മലയാളത്തിൽ 'മാർക്കോ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഹനീഫ് അദേനി, 'ജാട്ട്' എന്ന ഹിന്ദി ചിത്രത്തിൻ്റെ സംവിധായകൻ ഗോപിചന്ദ് മാലിനേനി തുടങ്ങിയവർ ക്രൂരതയെ ,അക്രമത്തെ കലയായി വികസിപ്പിക്കുകയാണ്.  കൊലപാതകത്തിനു ഒരു കൊറിയോഗ്രാഫി കണ്ടെത്തിയിരിക്കുന്നു. വെള്ളിത്തിരയിലെ കൊലപാതകം ദൃശ്യചാര്യത ആവശ്യപ്പെടുന്നുണ്ട്. പണം  മുടക്കി തീയേറ്ററിൽ വന്നിരിക്കുന്നവർക്കു മുമ്പിലാണ് ആ കൊറിയോഗ്രഫി ചരിത്രത്തിൽ ഇടം പിടിക്കുന്ന വിധം അവതരിപ്പിക്കേണ്ടത്.

അക്രമത്തിൻ്റെ സൗന്ദര്യശാസ്ത്രം 

കിംകി ഡുക്ക് ഇപ്പോൾ നമ്മോടൊപ്പമില്ല. മൃഗങ്ങളോടുള്ള ക്രൂരത ഡുക്കിൻ്റെ സിനിമകളിൽ ആവർത്തിക്കുന്നു. ഏത് ചിത്രകാരനോടും വീഡിയോഗ്രാഫറോടും  മത്സരിച്ചുള്ള ഒരു ചിത്രീകരണമാണ് വേണ്ടത് .എന്തുകൊണ്ട് അക്രമരംഗങ്ങൾ ഷൂട്ട് ചെയ്യുന്നു എന്ന ചോദ്യത്തിനു ഡുക്ക് നൽകിയ മറുപടി ഈ സമൂഹത്തിൽ മൃഗങ്ങൾ നേരിടുന്ന ദുരന്തം എന്താണെന്നു കാണിച്ചുകൊടുക്കാൻ വേണ്ടി താൻ അത് ചിത്രീകരിക്കുന്നു എന്നാണ്. മനുഷ്യസമൂഹത്തിൽ മനുഷ്യൻ മനുഷ്യനോടു ചെയ്യുന്ന അക്രമത്തിനു അവസാനമില്ല. ജാതിയുടെയും മതത്തിൻ്റെയും പണത്തിന്റെയും ദേശത്തിന്റെയും പ്രേമത്തിന്റെയും പേരിൽ മനുഷ്യൻ സഹജീവികളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് .ഈ സ്വഭാവത്തെ ഇന്നത്തെ ചലച്ചിത്രകാരന്മാർ ഒരു സൗന്ദര്യശാസ്ത്രമായി വികസിപ്പിക്കുകയാണ് .മനുഷ്യനിൽ ക്രൂരതയുടെ ഒരു വലിയ അധ്യായം അടങ്ങിയിരിക്കുന്നു .ക്രൂരത ചെയ്യുന്നതോടൊപ്പം അത് മറ്റുള്ളവരെ കാണിക്കാനുള്ള വാശിയും പ്രകടമാണ്. ആക്രമിക്കുന്ന മനസ്സിന്റെ ഒരു അനുബന്ധമാണിത്. ആക്രമിക്കുക മാത്രമല്ല അതിൽ ഒരു കാഴ്ചയുടെ ലോകം കണ്ടെത്തുകയും ചെയ്യുന്നു.ക്രൂരമായ അക്രമരംഗങ്ങൾക്ക് പ്രേക്ഷകർ ഏറുകയാണ് .പ്രേക്ഷകനു വേണ്ടത് വെറും അക്രമമല്ല, സൗന്ദര്യവൽക്കരിച്ച അക്രമരംഗങ്ങളാണ്. നവീനമായ സാങ്കേതികവിദ്യയിൽ ദൃശ്യ-ശബ്ദസംവിധാനം മികവോടെ ചിത്രീകരിച്ചെടുക്കുന്ന രംഗങ്ങൾ പ്രേക്ഷകനെ ആകർഷിക്കുന്നു. അവൻ അത് തന്റെ ഉപഭോഗവസ്തുക്കളിലൊന്നായി പരിഗണിക്കുകയാണ്. 

സമൂഹത്തിലെ വയലൻസ് വർദ്ധിച്ചുവരുകയാണ്. ചെറിയ പിണക്കമോ അപമാനമോ വലിയ പ്രതികാരത്തിലേക്ക് നീങ്ങാം. കൊലപാതകത്തിനുള്ള സാധ്യത വർദ്ധിക്കുകയാണ്. വീടുകളിൽ സംഭവിക്കുന്ന കൊലപാതകങ്ങളും സാമ്പത്തികമായ ലക്ഷ്യത്തോടെയുള്ള അക്രമങ്ങളും ക്രൂരതയിൽ പിന്നിലല്ല. ഇതാണ് സിനിമകളിൽ കാണുന്നത്. 'ജാട്ട്' സിനിമയിൽ തോട്ടത്തിനു നടുവിലുള്ള വഴിയിലേക്ക് മനുഷ്യൻ്റെ തല വെട്ടിയെടുത്ത് എറിയുന്ന ദൃശ്യങ്ങളുണ്ട്. സമൂഹത്തിൻ്റെ പല കോണുകളിലും അക്രമവും ക്രൂരതയും കുറയുന്നില്ല .ഒരു വഴക്ക് തുടങ്ങിയാൽ അറ്റം കാണാതെ ആരും ആയുധം താഴെ വയ്ക്കുന്നില്ല.എല്ലാ സാരോപദേശങ്ങളും മതസൂക്തങ്ങളും പരാജയപ്പെട്ടതിനു ഇതിനേക്കാൾ കൂടുതൽ തെളിവു വേണോ?മതപുരോഹിതന്മാർക്ക് ഇന്നത്തെ മനുഷ്യരെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. അഭിരുചികൾ പുതിയ കലയിലൂടെ തിരിച്ചെത്തുന്ന പുതിയ യാഥാർഥ്യമാണിത്.

ഭീമൻ -ദുശ്ശാസനൻ ദ്വന്ദം 

മഹാഭാരതത്തിൽ ഭീമസേനൻ ദുശ്ശാസനനെ കൊല്ലുന്നത് അങ്ങേയറ്റം ക്രൂരമായാണ്. കൈകൾ പറിച്ചെടുക്കുകയും മാറു പിളർന്നു ചോര കോരുകയുമാണ് ചെയ്യുന്നത്. ഈ ക്രൂരത അവസാനിച്ചിട്ടില്ല. പരിഷ്കൃത മനുഷ്യനിലൂടെ അതാവർത്തിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ്റെ അബോധത്തിൽ ഭീമനും ദുശ്ശാസനനും തമ്മിലുള്ള സംഘട്ടനം നടക്കുകയാണ് .ഒരു ഇന്ത്യക്കാരന്റെ മജ്ജയിൽ പോലും ഭീമ-ദുശ്ശാസന സംഘട്ടനമുണ്ട്.ഇത് പുതിയ കാലത്ത് പല രീതികളിൽ പുനരാനയിക്കപ്പെടുകയാണ്. സിനിമയ്ക്ക് ഈ ക്രൂരതയോ അക്രമമോ ഉപേക്ഷിക്കാനാവില്ല. ഭൂരിപക്ഷം പ്രേക്ഷകരുടെയും ജീവിതസങ്കല്പത്തിലും ചിന്താമണ്ഡലത്തിലും മാറ്റം വന്നു കഴിഞ്ഞു .പ്രേക്ഷകർ ക്രൂരതയെ മനുഷ്യൻ്റെ അടിസ്ഥാനസ്വഭാവമായാണ് കാണുന്നത്. അവൻ അത് കാണാനാണ് വരുന്നത്. സൗന്ദര്യബോധത്തിന്റെ പൂർത്തീകരണമാണ് ഒരു കൊലപാതക ദൃശ്യത്തിലൂടെ അവൻ അനുഭവിക്കുന്നത് .പ്രതികരിക്കാത്ത, ശിക്ഷിക്കാത്ത കഥാപാത്രത്തെ അവനു താങ്ങാനാവില്ല .അവൻ ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കുന്നത് ചെയ്തു കാണിക്കുന്ന കഥാപാത്രത്തെയാണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്.

അക്രമവാസന പ്രേക്ഷകൻ്റെ ഒരു ഉപഭോഗ വിഷയമാണെന്നു പറഞ്ഞല്ലോ. അവൻ അതിൽ കലയുടെ കൂട്ടിച്ചേർക്കൽ ആഗ്രഹിക്കുന്നു .രക്തം തളം കെട്ടിക്കിടക്കുന്നതും മനുഷ്യൻ്റെ ശരീരം നുറുങ്ങി അവയവങ്ങൾ പലയിടത്തായി ചിതറി അവശേഷിക്കുന്നതും പ്രേക്ഷകനിൽ ഉണർത്തുന്നത്, പക്ഷേ ക്രൂരതയല്ല. അവനെ അതിൻ്റെ കലാപരമായ വിന്യാസമാണ് വശീകരിക്കുന്നത്. നിഴലും വെളിച്ചവും വർണ്ണവും ശബ്ദവും സംയോജിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന ദൃശ്യാത്മകത കണ്ണുനിറയെ കാണുകയാണ് അവൻ.വേറൊരിടത്തും  ഇത്ര നന്നായി ഇത് കാണാനാവില്ലല്ലോ. ഒരു പ്രേക്ഷകനു കത്തിക്കുത്ത് കാണാൻ അവസരമില്ല .അവൻ സിനിമയെയാണ് ഇതിനു ആശ്രയിക്കുന്നത് .

സിനിമയിലെ ശരീരം 

സിനിമയിൽ മനുഷ്യശരീരം കലയുടെ ആവിഷ്കാരത്തിനുള്ളതാണ്. അത് കേവലം ശരീരമല്ല ;കുത്താനും വെട്ടാനും മറവുചെയ്യാനുമുള്ള ഒരു സാധനമാണ് .ഇവിടെ ക്രൂരത ഒരു കലാരൂപമാവുകയാണ്. കാണുന്നതിലൂടെ ,ഒരാൾ കലാപ്രവർത്തനത്തിൽ പങ്കെടുക്കുകയാണ്. സിനിമയിൽ ഒരാളുടെ ശരീരം അയാളുടേതു  പോലുമല്ല ;അത് പ്രേക്ഷകരുടേതാണ്. പ്രേക്ഷകരുടെ കലാപരമായ ജിജ്ഞാസയ്ക്ക് വെള്ളവും വളവും കൊടുക്കുന്നത് സംവിധായകരാണ് . ഒരു സംവിധായകൻ ഒരു കൊലപാതകം കണ്ടിരിക്കേണ്ടതാണ്. ഒരു ലഹള ശരിക്കും നേരിൽ കാണാൻ അവസരം കിട്ടിയാൽ കാണണം. അപ്പോഴാണ് ആ സംഭവങ്ങളുടെ സെല്ലുലോയ്ഡ് സൗന്ദര്യം എങ്ങനെ സൃഷ്ടിക്കാമെന്നു ആലോചിക്കാനാവുകയുള്ളൂ .ഒരു സംവിധായകനു അക്രമരംഗങ്ങൾ നേരിൽ കാണാൻ അവസരമില്ലെന്നോർക്കണം.എല്ലായിടത്തും അയാൾ എത്തുന്നില്ലല്ലോ. അപ്പോൾ അയാൾ ആശ്രയിക്കുന്നത് പത്രവാർത്തകളെയും സിനിമകളെയും സാഹിത്യകൃതികളെയുമാണ്. ഇതിൽനിന്നെല്ലാം സംവിധായകൻ തൻ്റെ ഭാവനയ്ക്കൊത്ത് ചിലത് കണ്ടെടുക്കുന്നു. അത് ചിത്രീകരിക്കുന്നത് അതിവേഗത്തിലാണ്. നവപ്രേക്ഷകൻ്റെ മനസിൻ്റെ വേഗത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്.പൂർണമായി ഒന്നും കാണിക്കേണ്ടതില്ലെന്നാണ് പുതിയ ചലച്ചിത്രകാരന്മാർ പറയുന്നത്. പ്രേക്ഷകൻ്റെ മനസിൽ കാര്യങ്ങൾ എത്തിച്ചാൽ മതി. കൊല്ലുന്ന രംഗം കാണിക്കേണ്ടതില്ലല്ലോ. കത്തി വീശുന്നതിന്റെ ഒരു ഭാഗം കാണിച്ചാൽ മതി ;പിന്നീട് കാണിക്കുന്നത് കഴുത്തില്ലാത്ത ശരീരം മറിഞ്ഞുവീഴുന്ന ഒരു രംഗമാണ് .ഒന്നും ശരിയായി കാണിക്കുകയില്ല. അതിവേഗത സിനിമയെ വല്ലാതെ ഗ്രസിച്ചിരിക്കുകയാണ് .രജനികാന്തും ഐശ്വര്യയും പ്രേമിക്കുന്ന രംഗം വ്യക്തമായി കാണിക്കുകയില്ല.നമ്മളിൽ ഒരു ധാരണയുണ്ടാക്കുകയാണ് ചെയ്യുന്നത്. 

സിനിമയിലെ അക്രമവും ക്രൂരതയും അനിവാര്യമാണെന്നല്ല പറയുന്നത് .അത് സിനിമാറ്റിക് യാഥാർത്ഥ്യമായി പുനരവതരിപ്പിക്കപ്പെടുന്നതിൽ കലാപരമായ ഒരു പുതിയ അഭിരുചി പ്രവർത്തിക്കുന്നുണ്ട് .കലയിൽ സത്യം എന്നാൽ എന്താണെന്ന ചോദ്യത്തിനു സൽമാൻ റുഷ്ദി നൽകുന്ന മറുപടി ഇതാണ്: 'സംഭവിച്ചതിന്റെ തൽസ്ഥിതി വിവരണമല്ല കഥ ;അത് സത്യമല്ല. നമുക്ക് നേരിട്ട് പരിചയമില്ലാത്ത, കണ്ടിട്ടില്ലാത്ത ,ജീവിച്ചിട്ടില്ലാത്ത ആളുകൾ ഇടപഴുകുന്നതിന്റെ ചിത്രമാണത്.'

രജതരേഖകൾ 

1)നിറങ്ങളെക്കുറിച്ചും പ്രകാശത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഫോട്ടോഗ്രഫിയിൽ പരീക്ഷിച്ച കലാകാരനാണ് ദത്തൻ പുനലൂർ. അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ, പ്രകൃതിയായാലും ജീവികളായാലും മനുഷ്യരായാലും, ധ്യാനത്തിന്റെ വിവിധ തലങ്ങൾ അനുഭവിക്കാനാകും. വെളിച്ചത്തിൻ്റെ ആരോഹണം എന്നു അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ ദൃശ്യാത്മകമായ ഉൾക്കൊള്ളൽ നിമിഷത്തിനുള്ളിലേക്ക് കാലത്തെ കടത്തിക്കൊണ്ടുപോവുകയാണ്. അനുഭവങ്ങളുടെ ഒരു പുതിയ വാസ്തുശില്പത്തെ അവതരിപ്പിക്കുകയാണ്. പ്രകൃതിയിലെ ഓരോ വസ്തുവിനും അസ്തിത്വമുണ്ടെന്നു പ്രഖ്യാപിക്കുകയാണ് ദത്തൻ. അദ്ദേഹം കലാകൗമദിയിൽ പ്രസിദ്ധീകരിക്കുന്ന ഫോട്ടോയും കുറിപ്പും ഇതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് .ഒരു ചെറിയ ജീവിയിൽ നമുക്ക് നമ്മെത്തന്നെ കാണാനാകും. രണ്ടു പ്രാവുകൾ സ്നേഹലാളനയിൽ മുഴുകുന്നത് വികാരത്തിനുള്ളിലെ ധ്യാനപൂർണമായ ഒരു നിമിഷത്തിന്റെ ഉദ്ഘോഷണമായി അദ്ദേഹം ആവിഷ്ക്കരിച്ചു.ഓരോ ഫോട്ടോയും ആത്മനിമിഷത്തിൻ്റെ ഒരു  ഫ്രെയിമായി രൂപാന്തരപ്പെടുന്നു. മൗലികമായ ഒരു ആത്മസംവേദനവും കലാഭിമുഖ്യവുമാണത്.

2)പി.മുരളീധരൻ എഴുതിയ 'ഇഡ്ഡലീയം'(ഗ്രന്ഥാലോകം ,ഏപ്രിൽ) ഇഡ്ഡലിയുടെ ആത്മകഥ എഴുതാൻ ശ്രമിച്ചതിന്റെ ദുരന്തമായി കലാശിച്ചു. സങ്കീർണമായ അനേകം സംഘർഷങ്ങളിലൂടെ, അസ്തിത്വസമസ്യകളിലൂടെ ആടി ഉലയുന്ന മനുഷ്യർ ഇവിടെയുള്ളപ്പോൾ ഇഡ്ഡലിയുടെ ആത്മകഥ എഴുതാൻ പോകുന്നത് എത്രമാത്രം അന്യവത്കരിക്കപ്പെട്ടവരായിരിക്കും. മാത്രമല്ല, കഥയുടെ ഒടുവിൽ കുപ്പത്തൊട്ടിയിൽ കിടക്കുന്ന ഇഡ്ഡലിയെ ഇറച്ചിക്കഷണം പ്രേമിക്കാൻ ശ്രമിക്കുന്നതും അത് നിരസിക്കപ്പെടുന്നതുമൊക്കെ എഴുതിയിരിക്കുന്നു!. ഈ കഥ  ഒളിച്ചോട്ടമാണ്, ഒരു മനുഷ്യനിൽ നിന്ന്, മനുഷ്യത്വത്തിൽ നിന്ന്.

3)അന്തരിച്ച ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസെയെക്കുറിച്ച് കുറെ ലേഖനങ്ങൾ കണ്ടു. യോസയുടേതിനേക്കാൾ മികച്ച നോവൽ മലയാളത്തിലുണ്ടായാൽ അതിനെ തമസ്കരിക്കാൻ നോക്കുന്നവർ യോസയുടെ പേരിൽ കണ്ണീർവാർക്കുന്നതിലെ കാപട്യം തിരിച്ചറിയേണ്ടതാണ്.മാർകേസ് ,പ്രൂസ്ത് ,ദസ്തയെവ്സ്കി ,കാഫ്ക തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോൾ യോസ വലിയ എഴുത്തുകാരനല്ല .യോസ ഇന്നത്തെ നിലയിലേക്ക് വളർന്നതിനു പിന്നിൽ അദ്ദേഹത്തിൻ്റെ പദവിയും രാഷ്ട്രീയസ്വാധീനവും പങ്കുവഹിച്ചിട്ടുണ്ട്. 1990ലെ പെറു തിരഞ്ഞെടുപ്പിൽ യോസ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്നു; തോറ്റുപോയി. ചില രാഷ്ട്രത്തലവന്മാരുമായി അടുത്തബന്ധം ഉണ്ടായിരുന്ന യോസ പെറുവിലെ ലിബറൽ പാർട്ടിയായ ലിബർട്ടി മൂവ്മെൻ്റിൻ്റെ നേതൃനിരയിലായിരുന്നിട്ടുണ്ട്. പിന്നീട് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ അമരത്തുണ്ടായിരുന്നു.

4)ഹരികുമാർ ഇളയിടത്ത് എഴുതിയ 'കുത്തിയോട്ടം :അനുഷ്ഠാനത്തിനൊരു പദകോശം' എന്ന ലേഖനം (ഒരുമ, മാർച്ച്)ഒരു പ്രാചീനകലയുടെ ആചാരപരമായ വ്യാകരണത്തിന്റെയും സൗന്ദര്യത്തിന്റെയും അഭിരുചികൾ തേടിപ്പോവുകയാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ച് ജില്ലകളിൽ അരങ്ങേറിയിരുന്ന കുത്തിയോട്ടത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ പ്രത്യേക സംവേദനശേഷിയുള്ളവയാണ്. ഉദാഹരണത്തിനു ,ഉരു,എണ്ണയിടീൽ തുടങ്ങിയ വാക്കുകൾ .ഹരികുമാർ എഴുതിയ 'ഓണാട്ടുകരയുടെ പൂരോത്സവം'(ബോധി ബുക്സ്) ഒരു ഗ്രാമസംസ്കൃതിയുടെ ഓർമ്മകൾ സ്വാംശീകരിക്കുന്ന പുസ്തകമാണ് .

5)ഉദയശങ്കർ എഴുതിയ 'അഖ്ലസ് മൊഹ്താബ് സനോഫറിനോട് എസ്താർ മർമ്മരംകൊണ്ടു'(എഴുത്ത് ,ഏപ്രിൽ) എന്ന കഥ ആർക്കെങ്കിലും മനസ്സിലാകുമെന്നു തോന്നുന്നില്ല .ഈ ടൈറ്റിൽ തന്നെ വായനക്കാരെ  അകറ്റുകയാണ്. ഈ കഥയുടെ ഒരു വിവരണം നൽകാൻ നിവൃത്തിയില്ല. കാരണം ,ഇതിൽ യുക്തിയോ ജീവിതമോ ഇല്ലല്ലോ.

6)ഓഷോയെക്കുറിച്ച് സജി അഭിരാമം (അക്ഷിത മാസിക, മാർച്ച്)എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സ്മാരകഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഓഷോ ഒരിക്കലും ജനിച്ചില്ല ,ഒരിക്കലും മരിച്ചില്ല .ഭൂമിയെന്ന ഗ്രഹം സന്ദർശിക്കുക മാത്രമാണ് ചെയ്തത്.' ഓഷോ ചെയ്ത പ്രഭാഷണങ്ങൾ അറുനൂറിൽപ്പരം വോള്യങ്ങളിലായി മുപ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിച്ചു.'

ധാരാളം പ്രസംഗിച്ച ഓഷോ ആശയപരമായ പ്രത്യുൽപാദത്തിൽ  മുൻപന്തിയിലായിരുന്നു. എന്നാൽ അദ്ദേഹം ഭാഗവതത്തിലോ വിവേകാനന്ദനിലോ കാണുന്ന സർവ്വാശ്ളേഷിയായ സ്നേഹത്തെയോ ധർമ്മത്തെയോ ഉൾക്കൊണ്ടില്ല. അദ്ദേഹം ഒരു നഗരവാസിയുടെ ആത്മവിചാരവും ധർമ്മവുമാണ് അന്വേഷിച്ചത് .എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി അവനവലിലേക്ക് കേന്ദ്രീകരിച്ച് സുഖം തേടുന്നതിനെ ഓഷോ മഹത്വവത്ക്കരിച്ചു. മറ്റുള്ളവർക്ക് ഗുണം ചെയ്യുമ്പോഴാണ് സുഖം ലഭിക്കുന്നതെന്ന ഇന്ത്യൻ ആശയത്തിനെതിരാണിത്.

7)അർജൻ്റൈൻ എഴുത്തുകാരൻ ഫെർനാണ്ടോ സൊറെൻറിനോ പറഞ്ഞു: 'മിക്കപ്പോഴും പ്രശസ്തി വാണിജ്യത്തിൻ്റെ ഒരു ഉൽപ്പന്നമെന്നതിൽ കവിഞ്ഞൊന്നുമല്ല; അതിനു സാഹിത്യപരമായ മേന്മയുമായി യാതൊരു ബന്ധവുമില്ല.'


അക്ഷരജാലകം /എം.കെ.ഹരികുമാർ(april 20,2025)



രമ്യതയിൽ കോർത്തുകിടക്കുന്നവർ 


'ഈ പ്രപഞ്ചത്തിൽ വേറിട്ട ഒരു വചനമുണ്ട്; അത് വാക്കുകൾ ഉപയോഗിക്കുന്നില്ല എന്ന  പ്രത്യേകതയുമുണ്ട്'- ജലാലുദ്ദീൻ റൂമി എഴുതിയതാണ്. വളരെ സൂക്ഷ്മമായ കേൾവിയാണിത് .ചിലപ്പോൾ ഒരു സമൂഹമോ രാഷ്ട്രമോ കേൾക്കാൻ കൂട്ടാക്കാത്ത വചനം. എന്താണ് ആ വചനം? നിസ്സംശയം പറയാം ,അത് സ്നേഹമാണ് .സ്നേഹമെന്നു പറഞ്ഞാൽ, ഭാഷയുടെ പരിമിതി കൊണ്ട് ,നമുക്ക് എല്ലാം വ്യക്തമാവണമെന്നില്ല. സ്നേഹം പൊതുമണ്ഡലത്തിൽ ഒരു വ്യക്തിഗതമായ കാര്യമാണ്.രണ്ടുപേർക്കിടയിൽ സംഭവിക്കുന്നതാണ് .മനുഷ്യനും പ്രകൃതിക്കുമിടയിൽ സംഭവിക്കുന്ന അടുപ്പമാണ്. എന്നാൽ ഇത്  സ്നേഹിക്കാത്തവർക്ക് മനസ്സിലാകണമെന്നില്ല .എല്ലാവരും സ്നേഹിക്കുന്നില്ല .ഭൂരിപക്ഷവും യുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്;കൊടുത്താൽ എന്തു കിട്ടുമെന്ന ചിന്ത .ഇവിടെ സ്നേഹം  യുക്തിയിലാണ് പ്രവർത്തിക്കുന്നത്. എത്ര പുസ്തകങ്ങൾ വായിച്ചാലും സ്നേഹം അറിയണമെന്നില്ല. സ്നേഹിക്കുന്നവർ മാത്രമാണ് അതിൻ്റെ വേദനയറിയുന്നത്. 

ശ്രേഷ്ഠമൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് എല്ലാറ്റിനും നിയമസംവിധാനത്തെയും പോലീസിനെയുമാണ് ആശ്രയിക്കുന്നത്.  നിയമവ്യവസ്ഥയും വാദവും ശിക്ഷയുമില്ലെങ്കിൽ നമുക്ക് ഒരാളോടും സംസാരിക്കാൻ പോലും കഴിയില്ല . ജനാധിപത്യം എന്നൊക്കെ പറയുന്നത് നിയമത്തിന്റെ പിൻബലത്തിലാണ്. നിയമം കൊണ്ട് ജനാധിപത്യമാകാമെന്നാണ് വാദം . ജനാധിപത്യത്തിന്റെ മൂല്യങ്ങൾ രക്തത്തിൽ കലർന്നിട്ടില്ല. വ്യക്തികൾക്ക് ക്ഷമയോ ദയയോ ഇല്ല. എല്ലാം നിയമത്തിൻ്റെ കണ്ണിലൂടെയാണ് നോക്കി കാണുന്നത്. മനുഷ്യൻ  നിയമം കൊണ്ട് മാത്രം ജീവിക്കാനറിയുന്ന ജീവിയാണ്.

സ്നേഹിച്ചാൽ ക്ഷമിക്കില്ല 

ഒരു നായയെ സ്നേഹിക്കണമെങ്കിൽ അതിൻ്റെ അനുവാദം വേണമെന്നു ശഠിക്കുന്ന സംവിധാനമാണു ജനാധിപത്യത്തിലുള്ളത്. കാരണം , നായയ്ക്ക്  സ്നേഹിക്കപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് .നായയുടെ ആ സ്വാതന്ത്ര്യം ഒരു കേവല ആശയമാണ്. അതുകൊണ്ട് അത് ആർക്കും ലംഘിക്കാനാവുകയില്ല .നായയ്ക്ക് സ്നേഹം വേണ്ടെങ്കിൽ ആർക്കാണ് അടിച്ചേൽപ്പിക്കാനുള്ള അവകാശം? നായ ഒരു സ്വതന്ത്രജീവിയാണെന്നു പറയുമ്പോഴും അതിൻ്റെ സ്വാതന്ത്ര്യം ആകാശത്തിലെ അമ്പിളിക്കലപോലെ അപ്രാപ്യമാണ്. ഭക്ഷണവും പാർപ്പിടവും വേണം. നായയ്ക്ക് യജമാനനെ വേണം .എന്നാൽ നായയ്ക്ക് സ്നേഹം വേണ്ട; സ്നേഹിക്കാമെന്നു ആരെങ്കിലും പറഞ്ഞാൽ അത്  തള്ളിക്കളയാൻ സ്വാതന്ത്ര്യമുണ്ട്.അതുകൊണ്ട് നായയെ  സ്നേഹിക്കുന്നവൻ ശിക്ഷിക്കപ്പെടാതെ  നിവൃത്തിയില്ല .തന്നെ സ്നേഹിക്കുന്ന ഒരു ഹതഭാഗ്യനോട് ക്ഷമിക്കാനുള്ള ശീലം നായയ്ക്കില്ല .ഇതാണ് ജനാധിത്യപത്യത്തിൻ്റെ മഹത്തായ 'ആദർശം.' സ്വാതന്ത്യത്തിനായുള്ള അവകാശവും മറ്റുള്ളവർക്കെതിരെ കേസു കൊടുക്കാനുള്ള സ്വാതന്ത്ര്യവുമാണ് അതിൻ്റെ ഉച്ചഭക്ഷണം. 

റൂമി സൂചിപ്പിച്ച ആ പ്രാപഞ്ചിക വചനമുണ്ടല്ലോ. അത് സ്നേഹം തന്നെയാണ് .നമ്മുടെ പകയും വെറുപ്പും നിറഞ്ഞ സ്നേഹമല്ല. നിരുപാധികമായ സ്നേഹമെന്നു പറയുമ്പോൾ അത് ഒരു സങ്കല്പമാണ്. അങ്ങനെയൊരു സ്നേഹം ഈ ലോകത്തില്ല .മനുഷ്യർ അവരവരുടെ പ്രാപ്തിക്കും ഇഷ്ടത്തിനുമൊപ്പമാണ് സ്നേഹത്തെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് അവരവരുടെ വിധിക്കനുസരിച്ച് ദു:ഖിതരായിരിക്കും. ഈ പ്രപഞ്ചത്തിലെ മഹത്തായ ഒരു വചനമാണ് സ്നേഹം. വ്യക്തികൾ സ്വാർത്ഥമായ കാര്യങ്ങൾ നേടുന്നതിനുപയോഗിക്കുന്ന ഒരു വികാരമല്ലത്; സകല ചരാചരങ്ങളെയും  കൂട്ടിയിണക്കുന്ന ഒരു ആകർഷണമാണ്.സ്വാഭാവികമായ ആകർഷണമാണ് .യാതൊരു ലക്ഷ്യവുമില്ലാതെ രണ്ടു വസ്തുക്കൾ തമ്മിൽ അടുക്കുന്നതിൻ്റെ  അനുഭവമാണ്. 

എപ്പോഴും വൃഥാ ചിന്തിക്കുന്നതാണ് പലപ്പോഴും രോഗത്തിനു കാരണം. ഒരു അവയവത്തിനും വിശ്രമം കൊടുക്കില്ല എന്ന നയത്തിൻ്റെ ഭാഗമാണിത് .ആവശ്യമില്ലാതെ ചിന്തിക്കുകയാണ്. ചിന്താക്കുഴപ്പത്തിനും  ചിന്താദാരിദ്ര്യത്തിനും ചിന്തയുടെ അർത്ഥശൂന്യതയ്ക്കും വേണ്ടി വെറുതെ ചിന്തിച്ചുകൊണ്ടിരിക്കും.  ചിന്തിക്കാതിരിക്കുന്നു എന്നു തെളിയിക്കാൻ വേണ്ടി ചിന്തിക്കേണ്ടി വരും. അതാണ് രോഗമുണ്ടാക്കുന്നത്. സ്നേഹം അങ്ങനെയല്ല .അത് എന്തെങ്കിലും ത്യജിക്കുമ്പോഴാണ് പ്രകടമാകുന്നത്. മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കുമ്പോൾ സുഖമുണ്ടാകുന്നു .ത്യാഗത്തിലും സ്നേഹം നേടാനാകും. സ്നേഹത്തിനു വേണ്ടിയാണ് സ്നേഹിക്കുന്നത്. സ്നേഹത്തേക്കാൾ വലിയൊരു വസ്തു ഇല്ല. ഈ ലോകത്തെ സകല വസ്തുക്കളെയും സ്നേഹമെന്ന ചരടുകൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്.ആ സ്നേഹം അഭൗമമാണ്. അത് വ്യക്തികളുടെ മനസിൽ നിന്നു ചീത്ത ഉദ്ദേശത്തോടെ  പുറപ്പെടുന്നതല്ല .ഏതൊരു വസ്തുവും സ്നേഹത്തിനു അർഹമാണ്. വസ്തുക്കൾ സ്നേഹമാണ് ആഗ്രഹിക്കുന്നത്. ഒരു പുസ്തകത്തെ യോ ഉപകരണത്തെയോ  സ്നേഹിക്കാൻ നോക്കിയാൽ അത്ഭുതകരമായ പരിവർത്തനം  സംഭവിക്കുന്നത് കാണാം.

അപാരമായ ബാന്ധവം 

അതുവരെ നിശ്ചലമെന്നു തോന്നിയ ലോകം ആകർഷകമാകും. ഒരു വളര്‍ത്തുമൃഗമുണ്ടെങ്കിൽ വീടിനോട് സ്നേഹം തോന്നും. ആ മൃഗത്തോടുള്ള സ്നേഹം മറ്റു പലതിനോടുമുള്ള സ്നേഹമായി മാറും. വീടിനോടുള്ള ആകർഷണമായി അത് മാറും. സ്നേഹം നമുക്ക് ഈ ലോകത്തിൻ്റെ പ്രവർത്തനത്തിന്റെ രഹസ്യത്തിലേക്ക് വാതിൽ തുറന്നു തരികയാണ് .നമ്മുടെ സ്നേഹം ഒരു നായയോ പൂച്ചയോ മാത്രമല്ല പുസ്തകങ്ങളും  ഉപകരണങ്ങളും തിരിച്ചറിയുന്നു. അത് വാക്കുകൾക്ക് അതീതമാണ്, അപാരമാണ് .ആ സ്നേഹം നിലനിൽക്കുന്നു എന്ന വിശ്വാസത്തിലാണ് അവ ജീവിക്കുന്നതെന്നു ശ്രദ്ധിച്ചാൽ വ്യക്തമാകും .

നാം സ്നേഹിക്കുന്നപക്ഷം ഒരു പാത്രം മുഷിയാതെയും സൗന്ദര്യം നഷ്ടപ്പെടാതെയുമിരിക്കും. അതിനും നമുക്കുമിടയിൽ അസാധാരണമായ മൈത്രി ഉണ്ടായിരിക്കും. ഒരു സസ്യത്തെ ദിവസവും പരിപാലിച്ചാൽ ,നമ്മുടെ തലോടൽ കൊണ്ട് അത് വളരാൻ തുടങ്ങും. സ്നേഹബന്ധത്തിന്റെ മൃദുലമായ സ്പർശത്താൽ അത് ജീവിതത്തെ സ്നേഹിക്കും .അത് എങ്ങനെയാണ് ഈ തലോടൽ മനസിലാക്കുന്നത്  സ്നേഹം ഒരു പ്രാപഞ്ചികമായ കോഡാണ്.അത് എല്ലാ ജീവികൾക്കും  സംവേദനം ചെയ്യപ്പെടുന്നുണ്ട്. യാതൊരു പഠിപ്പും മുറയുമില്ലാതെ തന്നെ അറിയാവുന്ന സ്വാഭാവിക സൗന്ദര്യമാണ് സ്നേഹം. ഒരു കാക്കയ്ക്ക് വെള്ളം കൊടുത്തുകൊണ്ടിരുന്നാൽ അത് നമ്മെ വിട്ടുപോകില്ല. അതിൻ്റെ  സവിശേഷവും സുന്ദരവും പ്രാപഞ്ചികവുമായ സംവേദനമാണത് . അതിനെ ആഴത്തിൽ സ്പർശിക്കുന്ന സംവേദനം വേറൊന്നില്ല. ഏതൊരു ജീവിയെയും സ്നേഹത്തിൽ നിന്നു ഒഴിവാക്കേണ്ടതില്ല. സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കും. അതിനു മനസ്സിലാകുന്ന ഒരേയൊരു സത്യം ഇതാണ് .സ്നേഹത്തിനു വേണ്ടി നാം ക്ഷുദ്രമായ ആവശ്യങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോൾ അവിടെ ദൈവം പ്രസരിക്കാൻ തുടങ്ങും. പ്രശാന്തവും അനേഹികവുമായ ഒരു തരംഗം എവിടെയോ സ്പർശിച്ചു കടന്നു പോകുന്ന പോലെ തോന്നും.  വൈകാരികമായി ഇത് അനുഭവിക്കാനാകും. നമ്മളിൽ നിന്ന് അന്യമല്ല നമ്മുടെ വസ്തുക്കൾ എന്ന നിലയിലേക്കുള്ള കയറ്റമാണിത്. നമ്മിൽ തന്നെയാണ് ആ വസ്തുക്കൾ വസിക്കുന്നത്. അവയുടെ ജീവിതവും മരണവും നമ്മളിലാണ്.നാം ഉപേക്ഷിച്ചാൽ, നാം സ്നേഹിച്ചു കൊണ്ടിരുന്ന വസ്തുക്കൾക്ക് ലക്ഷ്യം നഷ്ടമാകും. അവ ജീവിതത്തോടു താല്പര്യമില്ലാത്ത വിധം സ്വയം ഉപേക്ഷിക്കും .

അന്തർലീനമായ സൗന്ദര്യം 

കഴിഞ്ഞദിവസം അന്തരിച്ച ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ മരിയോ  വർഗാസ് യോസ ഇങ്ങനെ പറഞ്ഞു: 'പ്രേമത്തിൽ വേണ്ടത് ഫ്രഞ്ചുകാർ പറയുന്ന 'ഭ്രാന്ത് പിടിച്ച പ്രേമ'മാണ്. അത് സുന്ദരമായിരിക്കില്ല. അത് സമ്പൂർണ്ണമായ പ്രേമമാണ്. അത് വികാരങ്ങളെ, പ്രവൃത്തികളെ മാത്രമല്ല ആശ്ളേഷിക്കുന്നത് ;പ്രേമത്തിന്റെ കണ്ണിലൂടെ ഈ ലോകത്തെ മനസ്സിലാക്കുന്ന പ്രക്രിയയാണത്.' പ്രേമം എന്നു വിളിക്കുന്നത് എന്തിനെയാണോ അതിൻ്റെ  പരിമിതിയെ മറികടക്കുന്ന പ്രസ്താവനയാണിത്. മനുഷ്യൻ എന്ന ജീവിയെ സ്റ്റീരിയോടൈപ്പ് എന്ന നിലയിൽ കാണുന്നതിനു പകരം വിവിധ സാധ്യതകളാണ് യോസ ആലോചിക്കുന്നത്. 

മനുഷ്യനും കുറേക്കൂടി അഗാധമായി ജീവിക്കാനാകും. ഉള്ളിൽ  വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവനാണ്  മനുഷ്യനെങ്കിൽ അവനിൽ ബാക്കിയാവുക തോക്കും മിസൈലുകളുമൊക്കെയായിരിക്കും. ഡിജിറ്റൽ രൂപാന്തരം സംഭവിക്കുന്ന  മനുഷ്യൻ ജീവിതത്തിൽ മുഖ്യലക്ഷ്യമായി കാണുന്നത് ഒരു സൈബർ വ്യക്തിത്വരൂപീകരണമാണ്. വർഷങ്ങൾക്കു മുൻപ് ഇന്തോനേഷ്യയിൽ ഒരു പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ  സമീപത്തേക്ക് കടന്നുചെന്നു കണ്ടവരെയെല്ലാം വെടിവെച്ചുകൊന്ന ഒരുവൻ ആ സമയം അതെല്ലാം ഫേസ്ബുക്കിൽ ലൈവ് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു !.അവനു കൊന്നാൽ മാത്രം പോരാ, കൊല്ലുന്നത് സ്വയം കാണാനും മറ്റുള്ളവരെ കാണിക്കാനും അവസരം വേണം. അവൻ്റെ മനസ്സിനെ ഭീകരമായ ആസക്തിയാണ് പിടികൂടിയിരുന്നത്. രക്തവും മരണവും ഹിംസയും കണ്ടുമതിവരാത്ത വിധം അവൻ്റെ മനസ്സ് പൈശാചികമെന്നു വിശേഷിപ്പിക്കാവുന്ന ഒരു യുദ്ധവ്യൂഹമാവുകയായിരുന്നു. ഇത് സ്നേഹം നഷ്ടപ്പെട്ടവരുടെ മാനസികാവസ്ഥയാണ്. എന്നാൽ അപൂർവ്വം ചിലരെങ്കിലും മനസിലാക്കുന്നുണ്ട് ,പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരം എങ്ങനെ രമ്യതയിൽ കോർത്തിണക്കാമെന്ന പദ്ധതിക്കു വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന സത്യം. അത് ലൗകികപ്രേമത്തിന്റെ തലമല്ല; ലൗകികതയ്ക്ക് ആഴം നൽകുകയും എല്ലാറ്റിലും അന്തർലീനമായ സൗന്ദര്യത്തെ അറിയുകയുമാണ്. എല്ലാ വസ്തുക്കളിലും ദൈവികമെന്നു  വിളിക്കാവുന്ന ഒരു മനോഹാരിത ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. അതിൻ്റെ മുന്നിലൂടെ വാളും പിടിച്ചു ആക്രോശിച്ചുകൊണ്ട് നടക്കുന്നവരുടേതാണ് ഈ ലോകം. ആ വാതിലിൽ ഒന്നു മുട്ടാൻ സമയമില്ല.

"പ്രേമത്തിനു മറ്റൊരു ലക്ഷ്യമില്ല .അത് സ്വയം നിറയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് പ്രേമത്തെക്കുറിച്ചുള്ള അറിവിൻ്റെ പേരിൽ മുറിവേൽക്കാനാണ് ശ്രദ്ധിക്കേണ്ടത്' - ലബനീസ് കവി ഖലിൽ ജിബ്രാൻ എഴുതി. ഈ മുറിവേൽക്കൽ ഒരു അത്യാനന്ദമാണ് .ഓരോ പൂവിനും ഈ ചങ്ങലയിൽ ഒരു സ്ഥാനമുണ്ട്. കാട്ടിൽ ആരുമറിയാതെ വിരിഞ്ഞ് കാറ്റിലാടുന്ന നീലപ്പൂക്കൾക്ക് എന്താണ് ഇത്ര സന്തോഷം ?ഈ സത്യത്തെ അറിഞ്ഞതിൻ്റെ സന്തോഷമാണത്.  പ്രപഞ്ചത്തിൽ അചേതനവസ്തുക്കളെയും പ്രകൃതിയെയും കൂട്ടിയിണിക്കുന്ന അഭൗമവും അതേസമയം സുന്ദരവുമായ സ്നേഹത്തെക്കുറിച്ച് ആശാൻ പാടുന്നത് ഇങ്ങനെയാണ്:

'സ്നേഹത്തിൽ നിന്നുദിക്കുന്നു -ലോകം 
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ - സ്വയം
സ്നേഹം താനാനന്ദമാർക്കും.'

സ്നേഹമില്ലെങ്കിൽ ലോകമില്ലെന്നാണ് കവിയുടെ മതം .പക്ഷേ ഈ സ്നേഹം ഒരു ഉടമ്പടിയല്ല, സാമ്പത്തിക ധാരണയല്ല ,ക്രയവിക്രയമല്ല .ഇത് അപാരമായ അടുപ്പത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് .നാം നമ്മുടെ തന്നെ നരകത്തിൽ നിന്നുണർന്നാൽ സ്നേഹത്തിൻ്റെ ഈ വിശുദ്ധ ധാരയിലേക്ക് പ്രവേശിക്കാം.

രജതരേഖകൾ 

1)ലാറ്റിനമേരിക്കൻ നോവലിസ്റ്റ് മരിയോ  വർഗാസ് യോസ തൻ്റെ സാഹിത്യസമീപനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു :'എനിക്കിഷ്ടപ്പെട്ട നോവലുകൾ ഞാൻ വായിക്കുന്ന രീതിയിൽ എൻ്റെ നോവലുകൾ വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം. എന്നെ ഏറ്റവുമധികം ആകർഷിച്ച നോവലുകൾ ബുദ്ധിയുടെയോ യുക്തിയുടെയോ ചാലുകളിലൂടെ എന്നിലേക്കെത്തിയവയല്ല, എന്നെ വശീകരിച്ചവയാണ്. എൻ്റെ എല്ലാ വിമർശനാത്മക സിദ്ധികളെയും പൂർണമായി ഉന്മൂലനം ചെയ്യാനും ഒരു  ഉദ്വേഗാവസ്ഥയിൽ എന്നെ നിർത്തിപ്പോ വാനും കഴിവുള്ള കഥകളാണവ. അത്തരം നോവലാണ് എനിക്ക് വായിക്കാനിഷ്ടമുള്ളതും എനിക്കെഴുതാനിഷ്ടമുള്ളതും'(രവികുമാർ വാസുദേവൻ )

ഒരു സാഹിത്യകൃതി നമ്മെ  'മുൻജന്മ'ത്തിലേ തന്നെ സ്വാധീനിക്കുകയാണ്. അത് നമ്മളിലേക്ക് എറിഞ്ഞുതരാൻ മറ്റൊരാളുടെ ആവശ്യമില്ല.

2)സ്വന്തം വായന എന്നൊരാശയമുണ്ട്.  സ്ഥാപനങ്ങളോ വ്യക്തികളോ പറഞ്ഞുതരാത്ത പുസ്തകങ്ങളും ചിന്തകളും വായനക്കാരൻ സ്വയം തേടിച്ചെല്ലുന്ന പ്രകിയയാണിത്.  ആൾക്കൂട്ടത്തിലായിരിക്കുമ്പോഴും ആ ചിന്തകൾ കൊണ്ടുനടക്കാം. അതാണ് വായിക്കാൻ പ്രേരിപ്പിക്കുന്നത്.

3)സുറാബ് എഴുതിയ കവിത (വീട്ടുകാര്യം,പച്ചമലയാളം, ഏപ്രിൽ) യിൽ രസാനുഭവം നിലനിൽക്കുന്നു.

'കണ്ട കിനാവിന്റെ കൂടെ
എഴുന്നേറ്റു പോയതെന്തിന്?
നിന്നെ ഉണർത്താതിരിക്കാൻ. 

കിടപ്പറവാതിലിനു കൊളുത്തില്ലല്ലോ. വീട്ടിലേക്ക് തന്നെ ആരും നോക്കുന്നില്ല പിന്നെയല്ലേ കിടപ്പറ '

4)ആവിഷ്കാരസ്വാതന്ത്ര്യം എന്നത് ഒരു ബ്ലാങ്ക് ചെക്കല്ല; എന്തും എഴുതുകയോ വരയ്ക്കുകയോ ചെയ്യാനവകാശമില്ല. ഷേക്സ്പിയർ യേശുദേവനെ അപമാനിക്കാൻ വേണ്ടിയല്ല നാടകങ്ങൾ എഴുതിയത്. ദൈവവുമായി ചൂതാട്ടത്തിലേർപ്പെട്ട ദസ്തയെവ്സ്കി പോലും ദൈവത്തെ അപമാനിച്ചില്ല. സമൂഹത്തിൽ മനുഷ്യൻ പവിത്രമായി ആരാധിക്കുന്നതിനെ കളിയാക്കാനും നിന്ദിക്കാനും  കലാകാരനു അവകാശമില്ല. കലാകാരൻ അതിനു വേറെ ആവിഷ്കാരമാർഗങ്ങൾ തേടുകയാണ് വേണ്ടത് .അയാളുടെ ബുദ്ധിയാണ് അവിടെ പ്രവർത്തിക്കേണ്ടത്.

3)കലാകാരനും ഒരു ഭിക്ഷാംദേഹിയാണ് .അനുവാചകരുടെ പ്രീതിയാണ് അയാൾ തേടുന്ന ഭിക്ഷ. അയാളെക്കുറിച്ച് സമൂഹം പുലർത്തുന്ന തെറ്റായ ധാരണകളെയും കേൾക്കേണ്ടിവരുന്ന വിഷം പുരട്ടിയ  വാക്കുകളെയും പൂമാല പോലെ ഏറ്റെടുത്താലേ കലാകാരനു നിലനിൽക്കാനാവൂ. തന്നെ ആളുകൾ ചീത്ത പറയുന്നത് ചങ്ങമ്പുഴ ആസ്വദിച്ചിരുന്നു. ചീത്ത പറഞ്ഞ വിവരം അറിയിക്കുന്നവരെ അദ്ദേഹം അനുമോദിക്കാറുണ്ടായിരുന്നു. 

4)സാഹിത്യത്തിൽ എല്ലാ എസ്റ്റാബ്ളിഷ്മെൻ്റുകളും  വിമർശകർക്ക് എതിരാണ് .വിമർശനം ഒരു അധികാരകേന്ദ്രമാണെന്നതാണ് കാരണം. ഏത് വലിയ സാഹിത്യകാരനായാലും വിമർശകൻ്റെ  ഒറ്റവരിയുക്തിയുടെ പ്രഹരമേറ്റ്  ചിലപ്പോൾ വാടിപ്പോയേക്കാം.

5)ദസ്തയെവ്സ്കിയുടെ ആദ്യനോവലാണ് 'പുവർ ഫോക്ക്'(പാവങ്ങൾ).അദ്ദേഹം എഴുതി:'ദാരിദ്ര്യമല്ല ഏറ്റവും വലിയ ദുരന്തം; അന്തസ്സ്  നഷ്ടപ്പെടുന്നതാണ്.'

6)ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്നേഹം, ഒരു കടലാസിൽ എഴുതുമ്പോൾതന്നെ മാഞ്ഞുപോകുന്ന അവസ്ഥയ്ക്ക് സമാനമാണ്. അത്  എഴുതുമ്പോൾ മാത്രമാണുള്ളത്. 

7)'ആത്മഹത്യ ചെയ്യുന്നവന്റെ തയ്യാറെടുപ്പ്'(ഗ്രന്ഥാലോകം, ഏപ്രിൽ )എന്ന പേരിൽ റഷീദ് ആനപ്പുറം എഴുതിയ കവിതയോടു യോജിപ്പില്ല. ആത്മഹത്യ ചെയ്യുന്നവനു ജീവിതത്തോടു കൂറുണ്ടായിരുന്നുവെന്നു സ്ഥാപിക്കാനാണ് കുറിപ്പ് തയ്യാറാക്കി വയ്ക്കുന്നത്.എന്തിനാണ് മരിക്കാൻ തീരുമാനിച്ച ശേഷം തൻ്റെ മരണം ജീവിതമായിരുന്നുവെന്ന് എഴുതിവച്ച് അറിയിക്കുന്നത് ?ഇത് ജീവിതപ്രേമമാണ് .ജീവിതത്തെ വെറുക്കുന്നവൻ ആത്മഹത്യ ചെയ്യുമ്പോൾ ഒരു രേഖയും ഉണ്ടാക്കി വയ്ക്കില്ല .എന്തിനാണ് താൻ ജീവിതത്തെ നിസാരമായല്ല കണ്ടതെന്നു ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നത്. റഷീദിൻ്റെ കവിതയിൽ നിന്ന്:

'ആത്മഹത്യ ചെയ്യുന്നവൻ 
നല്ല ഭംഗിയുള്ള ശവപ്പെട്ടി ഓൺലൈനിൽ സെർച്ച് ചെയ്യും.
സെമിത്തേരിയിൽ
വെൺകല്ലുകൊണ്ട് കല്ലറ പണിയാൻ
കൂട്ടുകാരനു വാട്സപ്പ് മെസ്സേജയയ്ക്കും.
ശ്മശാനത്തിൽ കത്തിച്ചു കളഞ്ഞ ദേഹത്തിലെ 
ബാക്കി എല്ലുകൾ 
പാപനാശിനിയിലൊഴുക്കാൻ കുറിപ്പെഴുതി പോക്കറ്റിലിടും'

എന്തിനാണ് ആത്മഹത്യയെ അപമാനിക്കുന്നത് ?ആത്മഹത്യ ഒരു കാപട്യമാണെന്നു കരുതാമോ ?ആത്മഹത്യ ദാർശനിക പ്രശ്നമാണെന്നു പറഞ്ഞ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യുവിനെ അറിയുക .

അക്ഷരജാലകം / എം.കെ.ഹരികുമാർ (apil 14, 2025)

 





ബോർഹസ്യൻ ഊരാക്കുടക്ക്


പഴയനിയമത്തിലെ ബാബേൽ ഗോപുരം സാഹിത്യരചനകളിലും അർത്ഥപരമായ ഉൾക്കാഴ്ചകൾക്ക് പ്രേരകമായിട്ടുണ്ട്. പ്രളയത്തിനുശേഷം ലോകത്തിലെ ജനങ്ങൾ ഒരുമിച്ച് താമസിക്കുന്നതിനിടയിൽ അവർ ഒരു നൂതനാശയത്തെക്കുറിച്ച് ചിന്തിച്ചു. അവർക്കെല്ലാം ഒരേയൊരു ഭാഷയാണ്  അറിയാമായിരുന്നത്. അതുകൊണ്ട് എല്ലാവർക്കും ഒരുമിച്ചുനിൽക്കാൻ എളുപ്പമായിരുന്നു. അവരുടെ നൂതനാശയം ഒരു നഗരം നിർമിക്കണമെന്നതായിരുന്നു. അതിൻ്റെ ഭാഗമായി വളരെ ഉയരമുള്ള ഒരു ഗോപുരം നിർമ്മിക്കാനും തീരുമാനിച്ചു. അത് തങ്ങളുടെ നാടിനു അഭിമാനമാകുമെന്നും അതിലൂടെ തങ്ങളുടെ വാസ്തുശില്പകലയിലുള്ള വൈദഗ്ദ്ധ്യം അനശ്വരമായി നിലനിൽക്കുമെന്നും അവർ ചിന്തിച്ചു. അവർ ഉത്സാഹത്തോടെ നിർമ്മാണം തുടങ്ങി. അത് പൂർത്തിയാക്കാനായില്ല. എന്നാൽ ഈ പ്രവൃത്തിയെ യഹോവ ഇഷ്ടപ്പെട്ടില്ല. മനുഷ്യർ സ്വന്തം നിലയിൽ ഇതുപോലുള്ള ഉഗ്രമായ നിർമിതികളിലേർപ്പെടുന്നത് ശരിയല്ലെന്നു യഹോവ ആലോചിച്ചു. യഹോവ അത് തടയാനായി ഒരു ഉപായം പ്രയോഗിച്ചു. അതിനായി അവരുടെ ഏകഭാഷ എന്ന സൗകര്യം  ഇല്ലാതാക്കി. അവർക്കിടയിൽ യഹോവ പല ഭാഷകൾ സൃഷ്ടിച്ചു ആശയപ്രകാശനം അസാധ്യമാക്കി.  ഒരാൾ പറയുന്നത് മറ്റൊരാൾക്ക് മനസ്സിലാകാതെ വന്നാൽ നിർമ്മാണത്തിനു തടസ്സങ്ങൾ ഉണ്ടാകുമല്ലോ. ആ നഗരനിർമ്മാണം ഒരു സ്വപ്നമായി അവശേഷിച്ചു. ബാബേൽ എന്നാൽ കുഴപ്പിക്കുക എന്നാണർത്ഥം .പിന്നീട് ,പൂർത്തിയാക്കാൻ കഴിയാത്ത ആ ഗോപുരത്തിനു ബാബേൽ എന്നു പേര് ലഭിക്കുകയായിരുന്നു.

ബാബേൽ ഗോപുരം മനുഷ്യൻ്റെ  സ്വപ്നത്തകർച്ചയെയാണ് ഉദാഹരിക്കുന്നത്. സഫലമാകാതെ പോയ ഉദ്യമങ്ങൾ ബാബേൽ മാതൃകയിലാണ് കാണേണ്ടത്. മനുഷ്യൻ നേരിട്ട ആശയവിനിമയത്തിൻ്റെ അസാധ്യതകളെ കാല്പനികവൽക്കരിക്കാൻ ഈ പേര്  ധാരാളമാണ്. നമ്മെ ഇന്നും ഭാഷാപരമായ ഈ പ്രതിസന്ധി പിന്തുടരുന്നു. എല്ലാവർക്കും അറിയാവുന്ന ഭാഷയില്ലല്ലോ. കൂടുതൽ പേർക്ക് അറിയാവുന്ന ഭാഷ ഉണ്ടായേക്കാം. ഭാഷാപരമായ  അസാധ്യതകൾ നമ്മെ പരസ്പരം അകറ്റിക്കളയുന്നു. മനസ്സിനും ഒരു ഭാഷയുണ്ട്. മനസ്സിന്റെ ഭാഷ തികച്ചും സ്വകാര്യമാണ് .ഒരാളുടെ ഭാഷ മറ്റൊരാൾക്ക് അറിയില്ല. ഓരോരുത്തരും സ്വന്തം സ്വകാര്യഭാഷയുടെ അസാധ്യതകളിൽ, അതാര്യതകളിൽ ഉരുകിത്തീരുകയാണ്. ഓരോരുത്തരും സ്വന്തം ഭാഷകൊണ്ട് സ്വയം പറഞ്ഞു മനസ്സിലാക്കാനാണ്  ശ്രമിക്കുന്നത്. അത് ഒരു യജ്ഞമാണ്. അത് ഒരു അനുഷ്ഠാനമായി ജീർണിക്കുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനു മുമ്പ് സ്വന്തം ഭാഷ കൊണ്ട് സ്വയം ബോധ്യപ്പെടുന്നത് മറ്റൊന്നാണ്. ഇതാണ് ഭാഷാപരമായ തകർച്ച .ഒരു സത്യത്തെ നുണയാക്കാൻ വേണ്ടി നാം നമ്മുടെ മനസ്സിൻ്റെ അപൂർവ്വമായ ഭാഷയിൽ സ്വയം മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. അങ്ങനെ സ്വയം കളവ് സൃഷ്ടിച്ചെടുക്കുന്നു. അതിൻ്റെ യുക്തിയിൽ സ്വയം ജയിക്കുന്നു. എന്നാൽ മറ്റൊരാൾക്ക് ആ ജയം വ്യക്തമാവുകയില്ല. സ്വന്തം ഭാഷയിലൂടെ അപരനെ അറിയേണ്ടതുണ്ട്. അവനു പക്ഷേ, അവന്റെ മനസ്സിന്റെ ഭാഷ മാത്രമാണ് വശമുള്ളത്. നാം ആന്തരികതയിലാണ് ഭാഷയെ വളർത്തുന്നത്. വാക്കിലാണ് ജീവിക്കുന്നത്.

സ്നേഹം ഓർമ്മകളുടെ കൂട് 

ബർട്രാൻഡ് റസ്സലിൻ്റെ 'ഹ്യൂമൻ നോളജ്' എന്ന ഗ്രന്ഥത്തിൽ എട്ടാം അധ്യായത്തിൽ 'ട്രൂത്ത് എലിമെൻററി ഫോംസ്' എന്ന ഭാഗത്ത് വിശ്വാസം, അർത്ഥം, വാക്ക് എന്നിവയെക്കുറിച്ച് വിവരിക്കുന്നുണ്ട് .അത് ഇങ്ങനെ സംഗ്രഹിക്കാം: 'ഓർമ്മകളുടെ  ബന്ധങ്ങളുള്ളപ്പോഴാണ് വാക്കുകൾക്ക് അർത്ഥമുണ്ടാകുന്നത്. നോക്കൂ ,ഒരു കുറുക്കൻ അവിടെയുണ്ട് എന്നു പറഞ്ഞാൽ ഉടനെ ഒരു കുറുക്കൻ്റെ മണം പിടിച്ചതുപോലെ നിങ്ങൾ പെരുമാറാൻ തുടങ്ങും. ഒരു  കുറുക്കനെ കണ്ടപോലെയാണ് കുറുക്കൻ എന്നു പറയുന്നത്. എന്തെന്നാൽ കുറുക്കൻ, കുറുക്കൻ എന്ന പദത്തിലേക്കും തിരിച്ചും നമ്മെ കൊണ്ടുപോകുന്നു .നിങ്ങൾ ഒരിക്കലും കുറുക്കനെ കണ്ടിട്ടില്ലെങ്കിൽ ആ വാക്ക് നിർവ്വചിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഒരു ബോധം സ്വരൂപിക്കും. അവിടെ വാക്ക് ഒരു വിശ്വാസമാണ്.ഇത് നമ്മുടെ ശരീരത്തിലും പ്രതിഫലിക്കും.' ഈ ഭാഷ എല്ലാവർക്കും അറിയാവുന്നതാകയാൽ പെരുമാറ്റത്തിലും പുറത്തുവരുന്നു. ഇതാണ് ഓർമ്മകൾ തമ്മിലുള്ള ബന്ധം.

ഇത് ഒരു വ്യക്തിയുടെ കാര്യമാണ്. ഓരോരുത്തരുടെയും മനസിൽ ദൈവം ഓരോ ഭാഷ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് അന്യോന്യം മനസ്സിലാക്കാനാവുന്നില്ല . സ്നേഹിക്കാനാകുന്നില്ല .സ്നേഹത്തിനുവേണ്ടി ജീവിക്കാനാകുന്നില്ല.വെറുതെ സ്നേഹിച്ചാൽ പോരാ. 
ഒരു ടിക്കറ്റെടുത്ത് സിനിമ കാണുന്നതുപോലെയാകരുത് സ്നേഹം. സിനിമ തീരുന്നതോടെ ആ ടിക്കറ്റ് ഉപേക്ഷിക്കുന്നു .സ്നേഹം മനസിൻ്റേതാണ്. മനസ്സിനെ ഉപേക്ഷിച്ചാലേ സ്നേഹമില്ലാതാകൂ. സ്നേഹത്തിനുവേണ്ടി ജീവിക്കുന്നത് സ്നേഹം എന്ന വികാരം ഉള്ളിലുള്ളതുകൊണ്ടാണ്. സ്നേഹം ഓർമ്മകളുടെ കൂടാണ്. അത് ഒന്നിൽ നിന്നു തൊടുത്ത് ആയിരമായി പടരുന്നു. ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ് അർജൻ്റൈൻ എഴുത്തുകാരനായ ലൂയി ബോർഹസിൻ്റെ 'ദ് ലൈബ്രറി ഓഫ് ബാബേൽ' എന്ന കഥ .ഒരു അമാനുഷികമായ ഭാവനയാണത്. ഭാവന എന്ന വാക്ക് മനസ്സിൻ്റേതാണ്. എന്നാൽ ബോർഹസ് ആ വാക്കിനു  മനുഷ്യാതീതമായ ഒരു തലം  നൽകുന്നു. മനുഷ്യന്റെ ഭാവനയുടെ അപാരതയിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഒരു വലിയ ലൈബ്രറി സങ്കല്പിക്കുന്നു. ഷഡ്ഭുജാകൃതിയിലുള്ള അറകളാണ് അതിന്റെ പ്രത്യേകത .അതിൻ്റെ ഇടനാഴിയിൽ ഒരു കണ്ണാടി വച്ചിട്ടുണ്ട്. ആ ലൈബ്രറിയാകെ നിഗൂഢതയാണ്. അവിടെ നിരത്തിയിരിക്കുന്ന പുസ്തകങ്ങൾക്ക് ഒരു പ്രഹേളികാസ്വഭാവമാണുളളത്. അത് വായനക്കാരനെ കബളിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു .ചില ഗ്രന്ഥങ്ങൾ ഉള്ളടക്കം വെളിപ്പെടുത്താത്ത വിധം ദുർഗ്രഹമാണത്രേ. ഓരോ വാചകത്തിനും ഒറ്റയ്ക്ക് അർത്ഥമില്ലാത്ത, എന്നാൽ അതിൻ്റെ അനുബന്ധം നോക്കിയാൽ വല്ലതും പിടികിട്ടിയേക്കാവുന്ന പുസ്തകങ്ങളും അവിടെയുണ്ട്. അവിടെ ഒരു ലൈബ്രേറിയനുണ്ട്. അയാൾക്ക് ഇരിക്കാൻ ഒരു പ്രതീതി ഇരിപ്പിടമാണുള്ളത്. 

നിരർത്ഥകത പോത്തിൻ്റെ കൊമ്പുപോലെ 

ലൈബ്രറി ഒരു വൈരുദ്ധ്യമാണ് .അവിടെ വിവിധ തരം പുസ്തകങ്ങൾ പരസ്പരം പോരടിക്കുകയാണ്. ലോകത്ത് ഭൂരിപക്ഷവും തെറ്റുകൾ ചെയ്യുന്നവരാണ് .ആ തെറ്റുകളെ എന്നേക്കുമായി ന്യായീകരിക്കാൻ ശ്രമിക്കുന്ന പുസ്തകങ്ങളും ആ കൂട്ടത്തിലുണ്ട് .ന്യായവാദങ്ങൾ ഒരു തുടർക്കഥയാണ്. എല്ലാറ്റിനെയും ന്യായീകരിക്കാനാവും. എന്നാൽ സത്യാന്വേഷികൾ ഇത്തരം ന്യായവാദങ്ങളെ അനുബന്ധമായി കാണും. അതിൽ യുക്തിയോ ധർമ്മമോ ഇല്ലെന്നു അവർ പ്രഖ്യാപിക്കും. അതേസമയം ബോർഹസിൻ്റെ ലൈബ്രറിയിലെ ചില പുസ്തകങ്ങൾക്ക് പുറംചട്ടയും  ഉള്ളടക്കവും തമ്മിൽ ബന്ധമില്ല. എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളും ആ ലൈബ്രറിയിലുണ്ടെന്നത് ഒരു അനുമാനമാണ്. എല്ലാ പുസ്തകങ്ങളുടെയും എല്ലാ ഭാഷകളിലുമുള്ള പരിഭാഷകളും അവിടെയുണ്ട്. അതൊക്കെ ആരാണ് വായിക്കുന്നതെന്നു വ്യക്തമല്ല. ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ ചോദിച്ചുവാങ്ങുന്നവരെ കാണുന്നില്ല. പുസ്തകങ്ങളെപ്പറ്റിയും ഉള്ളടക്കങ്ങളെപ്പറ്റിയുമുള്ള  അനുമാനങ്ങളാണ് ഏറെയും .ചില ഗ്രന്ഥങ്ങളിൽ ഒരേ വാചകങ്ങൾ തന്നെ ആവർത്തിക്കുകയാണ്. എന്തിനാണ് ഇത്തരം പുസ്തകങ്ങൾ പടച്ചുണ്ടാക്കുന്നതെന്നു ചോദിക്കരുത്. അതെല്ലാം ഈ അർത്ഥരഹിതമായ ലോകത്ത്, സന്ദിഗ്ദ്ധമായ ലോകത്ത്   സാധ്യമാണ്. 

പതിനൊന്നു പേരെ വെട്ടിക്കൊന്നവൻ അതിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാൽ ഉടനെ അത് കലാശാലയിൽ പാഠപുസ്തകമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ ബോർഹസ്യൻ ഊരാക്കുടുക്ക് എന്നു വിശേഷിപ്പിക്കാവുന്നതാണ്. ബോർഹസ്യൻ എന്നാൽ ബോർഹസിൻ്റെ കഥകളിൽ കാണുന്നതു പോലെയുള്ള ഭ്രമിപ്പിക്കുന്ന ,കുഴയ്ക്കുന്ന, അനിശ്ചിതമായ ,ആകുലപ്പെടുത്തുന്ന  സംഭവങ്ങൾ എന്നർത്ഥം. നിരർത്ഥകത പോത്തിന്റെ കൊമ്പു പോലെ എഴുന്നു നിൽക്കുന്ന ജീവിതത്തിൽ ബോർഹസ്യൻ ഊരാക്കുടുക്ക് സർവസാധാരണമാണ്.

നിയതമായ രൂപമില്ലാത്ത പുസ്തകങ്ങളെക്കുറിച്ചും ബോർഹസ് എഴുതുന്നുണ്ട്. എന്തിനാണ് ഇത്തരം പുസ്തകങ്ങൾ? എന്നാൽ ഒരു സ്വപ്നത്തിൽ ഇത്തരം പുസ്തകങ്ങൾക്ക് സാധ്യതയുണ്ട്. ഒരു പുസ്തകം ഒരിടത്ത് അവസാനിക്കുന്നു; എന്നാൽ ലോകം അവസാനിക്കുന്നില്ല. ലോകത്ത് ഇത്തരം പുസ്തകങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്.  പലരും എഴുതി വച്ച വിഷയങ്ങൾ പരിഷ്കരിച്ച് വീണ്ടും എഴുതുന്നതിനേയും പുസ്തകം എന്നു വിളിക്കാം. മൗലികമായ ഗ്രന്ഥങ്ങളില്ല. റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്', പഴയനിയമത്തിലെ 'സഭാപ്രസംഗകൻ', ഭഗവത്ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ പല രൂപത്തിൽ ആവർത്തിക്കുന്നത് കാണാം. കമ്യുവിൻ്റെ 'സിസിഫസ് പുരാണം' ഗ്രീക്ക് പുരാണത്തിൽ നിന്നെടുത്തതാണ്. എന്തുകൊണ്ടാണ് സിസിഫസിനു വലിയ ഒരു പാറ കുന്നിൻ്റെ മുകളിലേക്കു ഉയർത്തേണ്ടി വന്നത് ? അയാൾ മരണദേവനെ ചങ്ങലയിൽ ബന്ധിച്ചു മരണത്തെ തടഞ്ഞ രാജാവയിരുന്നു. അതിനുള്ള ശിക്ഷയാണ് ദൈവം കൊടുത്തത് .

ഈ ലോകം എന്ന ലൈബ്രറി 

ഒരു പുസ്തകം കാണാൻ മറ്റൊരു  പുസ്തകം നോക്കണമെന്ന വിചിത്രമായ വാദം ബോർഹസിൻ്റെ കഥയിൽ കാണാം. യഥാർത്ഥത്തിൽ ഈ പുസ്തകം അദ്ദേഹത്തിൻ്റെ ഭാവനയിൽ നിന്നുദിച്ച് മനുഷ്യാസ്തിത്വത്തിൻ്റെ സങ്കീർണമായ ദുരവസ്ഥകളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ലൈബ്രറി ഈ ലോകം തന്നെയാണ് .അവിടെ നാം ഓരോരുത്തരും ലൈബ്രേറിയന്മാരാണ്.  എന്നാൽ ലൈബ്രേറിയൻ ചിന്താക്കുഴപ്പത്തിലാണ്. ഈ ലൈബ്രറിയുടെ വ്യാപ്തിയെക്കുറിച്ചോ അതിൽ ഉൾപ്പെട്ടിട്ടുള്ള പുസ്തകങ്ങളെക്കുറിച്ചോ വ്യക്തമായ ഒരു ധാരണ അയാൾക്കില്ല. അയാൾ തന്റെ പരിമിതികൾക്കകത്ത് ഒരു വിഭ്രമത്തിനു അടിമപ്പടുകയാണ് ചെയ്യുന്നത്. ഒരു അനുഭവത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്നു നമുക്കറിയില്ല. നാം പലതരം വ്യാഖ്യാനങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയാണ് .ഈ വ്യാഖ്യാനങ്ങൾക്ക് അന്തമില്ല, ഈ ലൈബ്രറിക്ക് അന്തമില്ലാത്തതുപോലെ. നാം ഒരു പുസ്തകശേഖരമാണ് . അതിൻ്റെ തുടക്കവും ഒടുക്കവും  ക്രമീകരിക്കുന്നത് തന്നെ മൗഢ്യമാണ്. മനസ്സിലെ എണ്ണമറ്റ പുസ്തകങ്ങൾ നാം അടുക്കി വയ്ക്കാറില്ല. എന്നാൽ പരസ്പരഭിന്നമായ ചിന്താഗതികളാണ് ആ പുസ്തകങ്ങൾ. നിലവിലിരിക്കുന്ന വ്യവസ്ഥയെ നിരാകരിച്ച് പൂർവകാലത്തെ ഏതോ വ്യവസ്ഥയെ അന്ധമായി പിന്തുടരുന്ന അനേകം പുസ്തകങ്ങളുണ്ട്. ആ പുസ്തകങ്ങൾ നമ്മോട് സംവദിക്കുന്നില്ലെന്നു  കഥയിൽ ബോർഹസ് അറിയിക്കുന്നുണ്ട് .മനസ്സിനു ഉൾക്കൊള്ളാനാവാത്ത വിധം പുസ്തകങ്ങൾ പെരുകുകയാണ്. ആരാണ് വായിക്കുന്നത്? ശരിയായ ഒരു വായനക്കാരനെ പോലും  കാണാനില്ല. തനിക്ക് ഏഴ് വായനക്കാർ ധാരാളം മതിയെന്നു ബോർഹസ്  പറഞ്ഞത് ഓർക്കണം. തൻ്റെ  ഊരാക്കുടുക്കുകൾ പോലെ സംഭ്രമിക്കുന്ന മാനസികാവസ്ഥ അറിയുന്ന ഒരു വായനക്കാരനെ ബോർഹസ് പ്രതീക്ഷിക്കുന്നില്ല. ഒരു വായനക്കാരനും തൻ്റെ പുസ്തകം ഭേദിക്കുകയില്ലെന്നു അറിയാവുന്നതുകൊണ്ട് മൗനിയാകുന്നതാണ് നല്ലത് . അതുകൊണ്ടാണ് ഈ കഥയിൽ വായിക്കാനറിയാത്ത വായനക്കാരെക്കുറിച്ച് സൂചിപ്പിക്കുന്നത്.
അവർ ഏതു പുസ്തകവുമെടുത്ത് മണത്തുനോക്കുകയോ പ്രണമിക്കുകയോ ചെയ്യും .പുസ്തകം എന്ന ഉൽപ്പന്നത്തെയാണ് അവർ ഇഷ്ടപ്പെടുന്നത്.വായിക്കാവുന്നതെന്തും മഹത്തരമാണെന്നു അവർ വൃഥാ  വിചാരിക്കുന്നു .എഴുതപ്പെട്ട ആശയങ്ങൾ ഒരിക്കലും മടുക്കാത്ത യോദ്ധാക്കളാണെന്നു അവർ ചിന്തിക്കാത്തത് വെറുതെയല്ല. അങ്ങനെയുള്ള യോദ്ധാക്കളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലല്ലോ. 

മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണമുണ്ട്; മനുഷ്യൻ നശിച്ചാലും ഈ ലൈബ്രറി നിലനിൽക്കണമെന്നതാണത്. ഏതാണ് ആ ലൈബ്രറി ?അത് ഒരു യാഥാർത്ഥ്യമല്ല .അത് മനുഷ്യന്റെ അസ്തിത്വലോകത്ത് പല രൂപങ്ങളിൽ ,കാലങ്ങളിൽ, ചിന്തകളിൽ, നിരാകരണങ്ങളിൽ, പോരാട്ടങ്ങളിൽ നിലനിൽക്കുന്ന വിചാരങ്ങളും അസംബന്ധങ്ങളുമാണ്. മനുഷ്യൻ മരിച്ചാലും ആ പോരാട്ടങ്ങൾ വായനക്കാർക്ക് വേണ്ടി എഴുതപ്പെട്ട പുസ്തകങ്ങളെ പോലെ അവശേഷിക്കുന്നു.

രജതരേഖകൾ

1)അന്തരിച്ച കഥാകൃത്ത് ഇ.വി.ശ്രീധരൻ  ശാന്തപ്രകൃതിയ്ക്കുള്ളിലെ ഗംഭീരമായ ചിന്തകളുടെ പ്രകമ്പനമായിരുന്നു. മലയാളഭാഷയിൽ ആദ്യമായി റഷ്യൻ മിസ്റ്റിക്ക് ഗുർജിഫിനെക്കുറിച്ച് ലേഖനമെഴുതിയത് ശ്രീധരനാണ്.  അദ്ദേഹത്തിനു സാഹിത്യത്തെയും കലയെയും കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു .അത് വളരെ നവീനവുമായിരുന്നു .അദ്ദേഹം എഡിറ്റു ചെയ്ത എം. ഗോവിന്ദൻ സ്മരണിക അഗാധവും പ്രൗഢവുമാണ്. പദവികളോ ഇരിപ്പിടങ്ങളോ പ്രശസ്തിയോ ചാടിപ്പിടിച്ച് മുന്നേറുന്നവരുടെ ഈ കാലഘട്ടത്തിൽ ശ്രീധരൻ ചിന്താശീലമുള്ള മലയാളിപാരമ്പര്യത്തെയാണ് പ്രതീകവത്ക്കരിക്കുന്നത് .ശ്രീധരൻ്റെ 'ഏതോ പ്രാവുകൾ' എന്ന നോവലും 'ലബോറട്ടറിയിലെ പൂക്കൾ' എന്ന കഥയും നമ്മെ സൗന്ദര്യാത്മകമായി പുതുക്കാതിരിക്കില്ല.വളരെ  അകൃത്രിമവും നനവുള്ളതും പ്രസന്നവുമായ ഒരു ഗദ്യശൈലിയാണ് ശ്രീധരൻ്റെ കഥകളെ സമ്പന്നമാക്കുന്നത്. അത് യാഥാർത്ഥ്യത്തോടുള്ള ഒരു മൃദുസമീപനമായിരുന്നു. ജീവിതത്തെ മമതയില്ലാതെ നോക്കികണ്ട അദ്ദേഹം അനുഭവങ്ങളെ അകാല്പനികമായാണ് സമീപിച്ചത്. 

2)നല്ലൊരു ഗായകനും സംഗീത സംവിധായകനും ഗ്രന്ഥകാരനുമായ വി.ടി. മുരളി എഴുതിയ 'കണ്ണീരും സ്വപ്നങ്ങളും'(ലോഗോസ് ബുക്സ്) മലയാള ഗാനശാഖയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു കൃതിയാണ്. പി.ഭാസ്കരൻ്റെ ഗാനങ്ങളിലെ ലാവണ്യതലങ്ങൾ തിരയുന്ന ഈ കൃതി ഒരു കാലഘട്ടത്തിലെ ഗാനസംസ്കാരത്തിലേക്ക് നമ്മെ നടത്തിക്കുകയാണ്. പാട്ടെഴുത്തിൻ്റെ പി.ഭാസ്ക്കരൻവഴികൾ ഇഴപിരിച്ചു പരിശോധിക്കുകയാണ്. അതിൽ ചരിത്രവും സൗഹൃദങ്ങളും ഒത്തുചേരലുകളും ഓർക്കസ്ട്രയായി വർത്തിക്കുന്നു. ഭാസ്ക്കരൻ എന്ന കവിയുടെ അറിയപ്പെടാത്ത ജീവിതമാണ് ഇവിടെ അനാവൃതമാകുന്നത്. വി.ടി.മുരളി ഓർമ്മകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു മനുഷ്യനാണെന്നു തോന്നിപ്പോയി, ഇത് വായിക്കുന്ന വേളയിൽ .

3)കെടാമംഗലം പപ്പുക്കുട്ടി, പുനലൂർ ബാലൻ ,എം. ഗോവിന്ദൻ ,കടമ്മനിട്ട, കടവനാട് കുട്ടികൃഷ്ണൻ എന്നിവർ മലയാളത്തിന്റെ ഔഷധവേരുകൾ തേടിയ കവികളാണ് .പുനലൂർ ബാലൻ്റെ 'ഇരുളിൽപൊതിഞ്ഞ തിരിനാളം' എന്ന കവിത ശ്രീകാന്ത് താമരശേരി ചൊല്ലിയത് യുട്യൂബിൽ കേട്ടു .എന്തിനാണ് വി. മധുസൂദനൻ നായർ ചൊല്ലന്ന രീതി കടമെടുക്കുന്നത് ? ഓരോ കവിതയും  ആവശ്യപ്പെടുന്ന ഈണമാണ് വേണ്ടത്. ബാലൻ്റെ വരികൾ എത്ര ശക്തമാണ്. അതിൽ തന്നെ ഒരു വികാരമുണ്ട്.
'ഓർമ്മയുടെ ശവപേടകം പോലെ ഗതകാല -
ജീർണ്ണതകൾ നൽകിടും ക്ഷതവുമായി നിൽക്കുമീ സത്രം
തെരുവിലുറയൂരുന്ന മതവൈരസർപ്പമീ 
വഴിയമ്പലത്തിന്റെ മതിലുകൾ തകർക്കുന്നു.'

4)മനോജ് എഴുതിയ 'മിന്നാമിനുങ്ങുകൾ മെഴുകുതിരികൾ' എന്ന നോവൽ നല്ലൊരു അനുഭവമാണ് തന്നത് .2022 ലാണ് മനോജ് അന്തരിച്ചത് .മരണാനന്തരം, ഒടുവിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ബ്രഹ്മവിചാരത്തിന്റെ ഗൂഢാർത്ഥങ്ങൾ'(മൈത്രി ബുക്സ്) എന്ന ലേഖനസമാഹാരം. ഇന്ത്യൻ ജീവിതത്തിലെ ജാതിതട്ടുകളെയും സാംസ്കാരിക പ്രതിസന്ധികളെയും പഠനവിഷയമാക്കുന്ന ഈ കൃതിയിൽ ജാതിക്കല്യാണം, ഫ്യൂഡൽ ജ്വരബാധിതസിനിമ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. 14 ലേഖനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

5)ശ്രീജിത്ത് പെരുന്തച്ചൻ കവിത എന്ന പേരിൽ എന്തൊക്കെയോ എഴുതിയിരിക്കുകയാണ്. കവിതയുടെ പേര് വിചിത്രമാണ് 'സി.വി. ബാലകൃഷ്ണൻ എഴുതിയത്'(കലാപൂർണ, ഏപ്രിൽ). ബാലകൃഷ്ണൻ എന്തായിരിക്കും എഴുതിയതെന്നറിയാൻ കവിതയിലേക്ക് തിരിയുന്ന വായനക്കാരനെ കവി ഓടയിൽ തള്ളുന്നു.'ജീവിതമേ നീ എന്ത്' എന്നാണത്രേ ബാലകൃഷ്ണൻ എഴുതിയത്! വായനക്കാരെ ഇതിൽ കൂടുതൽ എങ്ങനെയാണ് വഞ്ചിക്കുക ? കവിതയിലെ ബാക്കി ഭാഗം വസ്തുവും പുസ്തകവും തമ്മിലുള്ള താരതമ്യമാണ്. വസ്തു കുറഞ്ഞ വിലയ്ക്ക് വിറ്റു, പുസ്തകങ്ങൾ ചീളു പ്രസാധകർക്കു വിറ്റു ,നല്ല കറികൾ ഒരുക്കിയിട്ടും സ്വാസ്ഥ്യത്തോടെ കഴിക്കാനായില്ല എന്നൊക്കെ എഴുതിയിരിക്കുന്നു. വാലും തലയുമില്ലാത്ത ഇത്തരം ഏങ്കോണിപ്പുകളെ കവിതയെന്നു വിളിക്കുന്നത് ശരിയല്ല .ഭാവനയില്ലാത്ത,ചിന്തയില്ലാത്ത കവിയാണ് ശ്രീജിത്ത് എന്നു ഇത്  ബോധ്യപ്പെടുത്തി തരും. 

6)ഇടശ്ശേരിയുടെ 'സൗന്ദര്യാരാധന' എന്ന കവിതയെക്കുറിച്ച് കെ. വി. രാമകൃഷ്ണൻ എഴുതിയ 'മർത്ത്യൻ സുന്ദരനാണ്'എന്ന ലേഖനം (കലാപൂർണ്ണ, ഏപ്രിൽ) വിരസവും ആധുനികസംസ്കാരം ഉൾക്കൊള്ളാത്തതുമാണ്. സാഹിത്യവിമർശനം ആവശ്യപ്പെടുന്ന സമകാലികത ഇതിൽ കണ്ടില്ല. ഈ രചനാരീതി തന്നെ കാലഹരണപ്പെട്ടതാണ്.ഉപപത്തി,പ്രകരണം എന്നൊക്കെ ആരെങ്കിലും എഴുതുമോ? കവിതയിൽ നിന്നു ലഭിച്ച അറിവിനെ ആധുനികമായ സൗന്ദര്യാനുഭവമായി പുനർനിർമ്മിക്കുകയാണ് വിമർശകൻ ചെയ്യേണ്ടത് .അത് അവിടെ കണ്ടില്ല.  രാമകൃഷ്ണന്റെ ഭാഷയും സമീപനവും അരനൂറ്റാണ്ട് പിറകിലാണ്. 



Monday, April 7, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (april 7, 2025)

 





മനുഷ്യൻ അനശ്വരനാകുന്നത് 


സമകാല റഷ്യയിലെ പ്രമുഖ സാഹിത്യകാരനായ മിഖയേൽ ഷിഷ്കിൻ നോവലിനെക്കുറിച്ചും  കഥയെക്കുറിച്ചും കുറേക്കൂടി ആധുനികമായ, വർത്തമാന പ്രസക്തിയുള്ള ,സർഗാത്മകമായ വീക്ഷണമാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ 'മെദെനേർ' എന്ന നോവൽ റഷ്യയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.നോവൽ ഏകശിലാഖണ്ഡമാണെന്ന സങ്കല്പത്തെ  നിരാകരിക്കുന്ന അദ്ദേഹത്തിനു പ്രമേയത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത് .മികച്ച നോവലുകളെല്ലാം ഒരിടത്ത് സന്ധിക്കുന്നുണ്ട് .അത് മരണത്തെയും സ്നേഹത്തെയും കുറിച്ചാണ് പറയുന്നത്. നോവൽ എന്ന കലയ്ക്ക് 'പ്രമേയം' തന്നെ ആവശ്യമില്ലെന്നും ഷിഷ്കിൻ വാദിക്കുന്നു. ടോൾസ്റ്റോയിയുടെ പ്രമേയമായിരുന്നോ നെപ്പോളിയൻ്റെ യുദ്ധങ്ങൾ ? അല്ലെങ്കിൽ വർലാം ഷലാമോവിൻ്റെ പ്രമേയമായിരുന്നോ സ്റ്റാലിൻ്റെ ജയിലുകൾ ? ചരിത്രം വായിക്കാനല്ല നോവൽ കൈയിലെടുക്കുന്നത്. അതിനു ചരിത്രഗ്രന്ഥങ്ങൾ തന്നെയുണ്ടല്ലോ. യുദ്ധത്തിൽ മനുഷ്യാവസ്ഥയ്ക്ക് എന്തു  സംഭവിക്കുന്നു എന്നാണ് ഈ നോവലിസ്റ്റകൾ തിരഞ്ഞത്.അത് യുദ്ധത്തിൻ്റെ വിവരണമോ പ്രമേയമോ അല്ല. ഷിഷ്കിൻ പറയുന്നു:'മനുഷ്യജീവിതത്തിനു ഒരു 'പ്രമേയ'മില്ല. നിങ്ങൾ എഴുതുന്ന നോവൽ നിങ്ങളുടെ തലച്ചോറിൽ പതിഞ്ഞ ബിംബങ്ങൾ മാത്രമല്ല, അതുവരെ ജീവിച്ചതിന്റെ പ്രതിബിംബങ്ങളും ചേർന്നതാണ്‌. കാലം ചെല്ലുമ്പോൾ ജീവിതം എന്തൊക്കെയോ ആയിത്തീരുന്നു. അങ്ങനെ നിങ്ങളുടെ എഴുത്തും മറ്റെന്തോ ആയിത്തീരുന്നു. ഇത് നിങ്ങൾ തന്നെ എഴുതുന്നതാണ്; നിങ്ങളുടെയുള്ളിലെ മറ്റൊരാൾ.'

വാക്കുകൊണ്ടു ഉയിർക്കാം 

ആരും സ്നേഹിക്കാനാല്ലാത്ത കഥാപാത്രങ്ങളോടു സ്നേഹം കാണിച്ച എഴുത്തുകാരുടെ പാരമ്പര്യമാണ് റഷ്യക്കുള്ളത്. 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിൽ ടോൾസ്റ്റോയ് അത് കാണിച്ചിട്ടുണ്ട്. 'കരമസോവ്  സഹോദരന്മാരി'ൽ ദസ്തയെവ്സ്കി അത് എഴുതിയിട്ടുണ്ട്. കഥാപാത്രങ്ങളോടു സ്നേഹം നശിക്കുന്നില്ല, അവരെ ആരും സ്നേഹിക്കാൻ ഇല്ലാത്തപ്പോഴും .വാക്കുകളിലാണ് ആ സ്നേഹം.'എഴുതപ്പെടുന്ന ഒരു വാക്ക് ലോകത്തെ സൃഷ്ടിക്കാനുള്ള വിശുദ്ധമായ മാർഗം മാത്രമല്ല, മരണത്തെ മറികടക്കാനുള്ള ഒരേയൊരു മാർഗമാണ്.' 'മെദെനേർ' എന്ന നോവലിൽ അദ്ദേഹം ബൈബിളിൽ നിന്നു (അപ്പോക്രിഫ)ഉദ്ധരിക്കുന്ന ഒരു വാക്യം ഇതാണ്:'വാക്കുകൊണ്ടു ലോകം സൃഷ്ടിക്കപ്പെടും. വാക്കുകൊണ്ടു തന്നെ നാം ഉയിർത്തെഴുന്നേൽക്കപ്പെടും.' സ്നേഹത്തിലൂടെയും വാക്കുകളിലൂടെയുമുള്ള ഉയിർത്തെഴുന്നേൽപ്പാണ് തൻ്റെ നോവൽ എന്നു അദ്ദേഹം പറയുന്നു. വെറും വാക്കുകൾ മാത്രമായാൽ പോരാ .കടലാസിൽ അച്ചടിച്ചാലും വാക്കുകൾ കാണാനാവും. എന്നാൽ അതിനു ജീവിതമുണ്ടാവണം .അത് മരണം കടന്നുവരാത്ത ലോകമാകണം. ഹെരോദ രാജാവിനെയോ അദ്ദേഹത്തിൻ്റെ അനുയായികളെയോ ഭയക്കാതെ കഴിയാവുന്ന ലോകമായിരിക്കണമത്.'

ഈ വീക്ഷണം പാടിപ്പതിഞ്ഞതല്ല; നവീനമാണ്. സാഹിത്യത്തിൻ്റെ ലോകം ജീവിതത്തിലെ യാഥാർത്ഥ്യത്തിൽ നിന്നു വിഭിന്നമാണ്. അത് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തിവിടുകയാണ് .അത് വിചാരിക്കാനും ശ്വസിക്കാനും സ്വാതന്ത്ര്യമുള്ള ഒരു ലോകമായിരിക്കണം. നിത്യേന നാം പേടിക്കുന്നു. ജീവിതം അസ്ഥിരപ്പെടുത്താൻ വരുന്ന ശക്തികൾ എപ്പോഴും മുന്നിലൂടെ കടന്നുപോകുന്നു. മനുഷ്യൻ, മഹത്തായ ആ പദത്തിൻ്റെ ഭംഗി നഷ്ടപ്പെടുത്തിയ മനുഷ്യക്കോലങ്ങൾ എല്ലാം തകർക്കാനായി, വീണ്ടുവിചാരമില്ലാതെ സമീപത്തുകൂടെ പാഞ്ഞുപോകുന്നു. അവരുടെ കൈയിലുള്ള ആയുധമോ കളിപ്പാട്ടമോ അലക്ഷ്യമായി വലിച്ചെറിഞ്ഞാലും മതി നമ്മുടെ ജീവിതം പ്രതിസന്ധിയിലാകാൻ. ഈ വിലക്കുകളും ആകുലതകളുമില്ലാത്ത ലോകത്തേക്ക് നടന്നുപോകാനാണ് വാക്കുകൾ സ്നേഹമായി അവതരിക്കേണ്ടത് .പതിതരെയെല്ലാം അവിടെ വിമോചിപ്പിക്കാനാവും. വാക്കുകൾ മൃതിയിൽ നിന്നുയർന്നു പറക്കുകയാണ് ഇവിടെ. വാക്കുകൾ മാലാഖമാരായി വരികയാണ് .

ഗദ്യത്തെ കൊല്ലുന്നത് 

തന്റെ സാഹിത്യവീക്ഷണത്തിനു പ്രമുക്തി ലഭിക്കുന്ന തരത്തിലാണ് നോവലിലെ കഥാപാത്രചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നതെന്നു നോവലിസ്റ്റ് വിവരിക്കുന്നുണ്ട് .ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഒരാളാണ് നോവലിലെ മുഖ്യകഥാപാത്രം.തൻ്റെ തടവറയുടെ ഭിത്തിയിൽ ഒരു സ്പൂൺ ഉപയോഗിച്ചു ചിരണ്ടി അയാൾ ഉണ്ടാക്കുന്ന ഒരു  ബോട്ടിൻ്റെ പടമുണ്ട്. അയാൾ ആ ബോട്ടിലിരുന്നു തടവറയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതായി സങ്കല്പിക്കുന്നു. ഇതുപോലെയാണ് എഴുത്തുകാരനും .അയാൾ തൻ്റെ ഏകാന്തതയുടെ തടവറയിലിരുന്ന്  താനൊരു ബോട്ടിൽ സഞ്ചരിക്കുകയാണെന്നു വിചാരിക്കുന്നു.തന്റെ കഥാപാത്രങ്ങളെയും വായനക്കാരെയും അതിൽ നിറച്ച് ഒരു ദിക്കിലേക്ക് തുഴഞ്ഞുപോകുന്നു .അവിടെ അവരെ കാത്തിരിക്കുന്നവരുണ്ട്, സ്നേഹിക്കുന്നവരുണ്ട്.

എഴുതുമ്പോൾ സങ്കൽപ്പിക്കുന്നത് നമ്മെ സ്നേഹിക്കുന്നവരും കാത്തിരിക്കുന്നവരും ഉണ്ടെന്നു തന്നെയാണ്. അവരെയാണല്ലോ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ അവർ ആരൊക്കെയാണെന്നു കൃത്യമായി അറിയില്ല. എഴുതുമ്പോൾ നാം കൈക്കൊള്ളുന്ന ആവേശവും സ്വാതന്ത്ര്യവും അതേപോലെതന്നെ ഉൾക്കൊള്ളാൻ ശേഷിയുള്ളവരുണ്ട്.  അവർ ഏറെക്കുറെ ഒരേപോലെ ചിന്തിക്കുന്നവരാണ്. അവർക്ക് ഒരു മനസുണ്ട് .വായിക്കാനുള്ള ബുദ്ധിയോ വിദ്യാഭ്യാസമോ അല്ല പ്രധാനം, മനസാണ്. സാഹിത്യത്തിൽ ഈ മനസ്സ് ഒരു ഉരകല്ലാണ്. അത് അഭിരുചിയുടെ സമുദ്രാന്തർഭാഗത്തേക്ക് പോകുവാനുള്ള വിസയാണ്. പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്നു, വർത്തമാനപത്രങ്ങളിലെ രാഷ്ട്രീയചിന്തകളിൽ നിന്നു അകന്നു നിൽക്കുകയാണ് നോവലിസ്റ്റ് .വാർത്താമാധ്യമങ്ങളിലെ രാഷ്ട്രീയം മരണത്തിന്റെ രൂപകമാണെന്നു ഷിഷ്കിൻ തീർത്തു പറയുന്നു .കലയും സാഹിത്യവും നോഹയുടെ പെട്ടകത്തിനു സമാനമാണ്. കാലത്തിനോട് എതിരിടാൻ ഇത് ആവശ്യമാണ്. അതുകൊണ്ട് ഈ പെട്ടകത്തിൽ ഏറ്റവും ആവശ്യമുള്ളത് മാത്രമാണ് ഉൾക്കൊള്ളിക്കുന്നത് .നോഹയുടെ പെട്ടകത്തിൽ ഓരോ ജീവിവർഗത്തിന്റെയും രണ്ടെണ്ണം വീതമാണല്ലോ പ്രവേശിപ്പിച്ചത് ,പ്രത്യുൽപ്പാദനം തുടരാൻ .

രാഷ്ട്രീയം യഥാർത്ഥത്തിൽ ഗദ്യത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്നു ഷിഷ്കിൻ അഭിപ്രായപ്പെടുന്നുണ്ട്. അത് ഗദ്യത്തെ രോഗത്തിലേക്കു തള്ളിവിടുന്നു. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ഷിഷ്കിന്റെ നിരീക്ഷണം അതുല്യവും വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതുമാണ്.

'രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ റഷ്യ ഒരു പരിഷ്കൃത ജനസമൂഹമാകുകയാണെന്നു ഞാൻ ആശ്വസിച്ചു.സാഹിത്യത്തെ സർക്കാർ പിന്തുണിച്ചിരുന്നു ,സ്വിസ് സർക്കാർ വിദേശരാജ്യങ്ങളിൽ വസിക്കുന്ന സ്വിസ് പരിഭാഷകന്മാരായ എഴുത്തുകാർക്ക് ധനസഹായം ചെയ്യുന്നതിനു സമാനമായി. റഷ്യൻ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പരിഭാഷകൾക്കു റഷ്യൻ സ്ഥാപനമായ 'പെരെവോദ' ഗ്രാൻഡ് നൽകിയിരുന്നു .എന്നാൽ രാജ്യം മറ്റൊരു ദിശയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമായിരുന്നു.ഭൂതകാലത്തിലേക്കാണ് അത് സഞ്ചരിച്ചത് .ഒരു ജനാധിപത്യപൂമുഖത്തിനു പിന്നിലായി റഷ്യ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു  ഏകാധിപത്യയുഗത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. പാശ്ചാത്യ ലോകം റഷ്യയിൽ നിന്നു കേട്ടത് വലതുപക്ഷത്തിന്റെ ശബ്ദങ്ങളായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു കാണാനോ കാണാൻ ആഗ്രഹിക്കാനോ അവർക്കായില്ല. പ്രത്യേകിച്ചും ഓർക്കേണ്ട വസ്തുത അധികാരികൾ  എഴുത്തുകാരായ ഞങ്ങളെ ഭരണകൂടത്തിന്റെ 'മനുഷ്യമുഖ'മായി ഉപയോഗിക്കുകയായിരുന്നു എന്നതാണ്. അതിനായി അവർ ഞങ്ങളെ ലോകത്തിന്റെ പ്രമുഖ പുസ്തകോത്സവങ്ങളിലേക്ക് അയച്ചു. ഭരണാധികാരിയെ പരമാവധി വിമർശിക്കൂ എന്നു അവർ ഉപദേശിച്ചുകൊണ്ടിരുന്നു. എങ്കിൽ മാത്രമേ നമുക്ക് ഒരു യഥാർത്ഥ ജനാധിപത്യമുണ്ടെന്നു സ്ഥാപിക്കാനാവുകയുള്ളൂ' - ഷിഷ്കിൻ അറിയിക്കുന്നു.

സ്വർഗമില്ല 

റഷ്യൻ ബുക്കർ പ്രൈസ് (2000)റഷ്യൻ നാഷണൽ ബെസ്റ്റ് സെല്ലർ അവാർഡ്, ബിഗ് ബുക്ക് പ്രൈസ് തുടങ്ങിയ വലിയ പുരകാരങ്ങൾ ലഭിച്ച ഷിഷ്കിൻ നവനോവൽ സാഹിത്യത്തിൻ്റെ വക്താവാണ്. റഷ്യൻ ഭാഷയ്ക്കു പുറമേ ഇംഗ്ലീഷും ജർമ്മനും വശമുള്ള ഷിഷ്കിൻ വാഷിംഗ്ടൺ ആൻഡ് ലീ യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് പ്രൊഫസറായിരുന്നു. റഷ്യൻ അനുഭവങ്ങളിൽനിന്നുണ്ടായ അതിജീവനം എന്നു വിശേഷപ്പിക്കാവുന്ന കൃതിയാണ് മെദെനെർ. റഷ്യയിൽ നിന്നു കടുത്ത ദുരിതങ്ങൾ അനുഭവിച്ച ശേഷം സ്വിറ്റ്സർലണ്ടിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിലെത്തുന്ന അവർ തങ്ങൾ നേരിട്ട പീഡനങ്ങൾ വിവരിക്കുന്നു. അവർ പറയുന്നത് കേട്ട് വ്യാഖ്യാനിക്കുകയാണ് പ്രധാന  കഥാപാത്രം ചെയ്യുന്നത്. ഇരുപതാം  നൂറ്റാണ്ടിലെ റഷ്യൻ വിപ്ലവം മുതൽ സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണം വരെ നോവൽ ചർച്ച ചെയ്യുന്നു. അനേകം കഥകൾ ആഖ്യാനം ചെയ്യപ്പെടുകയാണ് .ഓരോരുത്തരും അനുഭവകഥകൾ പറയാൻ നിർബന്ധിക്കപ്പെടുന്നു. മികച്ച കഥകൾ പറയുന്നവർക്കാണ് പ്രവേശനം. ഈ കഥകൾക്കിടയിൽ പ്രധാന കഥാപാത്രം തന്റെ മകനെഴുതുന്ന കഥകൾ കൂടി ഇതൾവിരിയുന്നു. ഇതിനിടയിൽ ഒരു റഷ്യൻ ഗായകന്റെ ഡയറിക്കുറിപ്പുകളും ചർച്ചയാകുന്നു. നോവലിൽ ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: ആരോ പറഞ്ഞു, ഒരു നരകമുണ്ടെങ്കിൽ ഒരു സ്വർഗ്ഗമുണ്ടാകാൻ കഴിയില്ലെന്ന് .  അതുപോലെ ,എവിടെയെങ്കിലും യാതനയവശേഷിക്കുന്നുണ്ടെങ്കിൽ സ്വർഗ്ഗത്തിലായിരിക്കുക അസാധ്യമാണെന്ന്. അസംബന്ധം. യാതനയെക്കുറിച്ച് അറിയുമ്പോൾ മാത്രമാണ് ജീവിതത്തിൻ്റെ ശരിയായ സന്തോഷം മനസ്സിലാക്കാനാവുകയുള്ളൂ.' ജീവിതത്തിനു യാതൊരു ഗ്യാരണ്ടിയും ഇല്ലായിരിക്കും. എന്നാൽ മരണത്തിനു മുമ്പ് ഏത് മാനസികാവസ്ഥയിൽ തുടരണമെന്നും ഏത് പാട്ട് പാടണമെന്നും അതിൽ നിന്നു എങ്ങനെ സന്തോഷം നേടണമെന്നും തീരുമാനിക്കുന്നത് നമ്മളാണ്. വിരുദ്ധരും അപകടകാരികളും മുൻവിധിക്കാരും തിന്മ തിരയുന്നവരും നശിപ്പിക്കുന്നവരും എവിടെയോ കണ്ടേക്കാം. അവർ വേഷപ്രച്ഛന്നരായി അരികിലൂടെ കടന്നു പോകുന്നുണ്ടാവാം. അപ്പോഴും നമുക്ക് കിട്ടിയ നിമിഷങ്ങളെ സ്വന്തമാക്കി അനുഭവിക്കാനാവും .ആ നിമിഷങ്ങളെ വരാനിരിക്കുന്ന ഭയത്തിനു വിട്ടുകൊടുക്കേണ്ടതില്ല .

നന്മയുടെ ഉറവകൾ 

മനുഷ്യനു പൂർണതയില്ല. സമ്പൂർണ്ണ നന്മയിൽ എത്താൻ സാധ്യമല്ല .എന്നാൽ വെട്ടി മാറ്റിയ ഒരു വലിയ മരത്തിൻ്റെ കുറ്റിയിൽ നിന്നു സാവധാനം ഊറിവരുന്ന കറപോലെ ജീവിതത്തിലെ നന്മയുടെ ചെറിയ ഉറവകൾ സാന്ദർഭികമായി പ്രത്യക്ഷപ്പെട്ടേക്കാം .വൈകാരികക്ഷമതയില്ലാത്ത ഒരാൾക്ക് പോലും ചിലപ്പോൾ മറ്റൊരാൾക്ക് ഒരു ഉപകാരം ചെയ്യാനാകും. ഉള്ളിൽ നരകമാണെങ്കിലും ചിലപ്പോൾ ദാനം ചെയ്യുവാനും  പ്രാർത്ഥിക്കുവാനും സാധിക്കും. ക്രൂരതയാണ് മനസ്സിലെങ്കിലും ആർക്കെങ്കിലും മരണാനന്തര ശുശ്രൂഷ ചെയ്യാനോ ഭക്ഷണം വാങ്ങി കൊടുക്കാനോ നല്ല വാക്ക് പറയാനോ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിഞ്ഞേക്കാം. ഇത്രയെങ്കിലും മനുഷ്യൻ എന്ന പദത്തിൽ കാണുക. അതുകൊണ്ട് നന്മയുടെ ചെറുതുണ്ടുകൾ പലരില്‍ നിന്നു പെറുക്കി കൂട്ടുന്നതാണ് മനുഷ്യത്വത്തിലേക്കുള്ള ലക്ഷ്യവും മാർഗവും. 

അമെരിക്കൻ കവി എച്ച്‌.ഡബ്ളിയൂ. ലോംഗ്ഫെലോ(1807-1882) എഴുതിയ 'ദ് ആരോ ആൻഡ് ദ് സോംഗ്' എന്ന കവിത ഇങ്ങനെയാണ് :

'ഞാൻ ആകാശത്തിലേക്ക് 
ഒരമ്പ് എയ്തു
അത് എവിടെയോ പതിച്ചു. 
എവിടെയെന്നറിയില്ല
അത് വേഗത്തിൽ പറന്നു
ആ പറക്കലിൻ്റെ കാഴ്ച തുടരാനായില്ല 

ഞാൻ അന്തരീക്ഷത്തിലേക്ക് നോക്കി
ഒരു പാട്ടുപാടി 
അതും എവിടെയോ മാഞ്ഞുപോയി.
എത്ര സൂക്ഷ്മമായ കാഴ്ചശക്തിയുള്ളവർക്കും
ഒരു പാട്ടിൻ്റെ സഞ്ചാരത്തെ കാണാനാവുകയില്ല .

വർഷങ്ങൾക്ക് ശേഷം,
ഒരു ഓക്കുമരത്തിൽ
ഞാൻ പണ്ട് അയച്ച ആ അമ്പു കണ്ടെത്തി.
അത് ഭദ്രമായിരുന്നു.
ആ ഗാനം ,വർഷങ്ങൾക്കു ശേഷം,
ആദ്യവസാനം, ഞാൻ ഒരു സുഹൃത്തിൻ്റെ 
ഹൃദയത്തിൽ കണ്ടെത്തി.'

നമ്മൾ തൊടുത്തുവിടുന്നതൊന്നും  നശിക്കുന്നില്ല. നമ്മൾ ചെയ്യുന്ന പ്രവൃത്തികളുടെ നന്മകൾ എവിടെയോ ശേഖരിക്കപ്പെടുന്നു. അതിനർത്ഥമുണ്ട്. അത് നാം അറിയണമെന്നില്ല .അത് എവിടെയോ അതിൻ്റെ അലകൾ ഉണർത്തിക്കൊണ്ടിരിക്കും. അതിൽ നിന്നു പ്രചോദനം നേടാൻ പലരും ഉണ്ടാകും .അങ്ങനെയാണ് മനുഷ്യൻ അനശ്വരനാകുന്നത് .

രജതരേഖകൾ 

1)നാടകത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്  യാഥാർത്ഥ്യമാവുകയാണെന്നു തോന്നുന്നു .കെപിഎസിയുടെ പ്ളാറ്റിനം ജൂബിലി ,തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനം എന്നീ പ്രത്യേകതകൾ പരിഗണിച്ച് കോട്ടയം  പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ ഫെബ്രുവരിയിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി','ഒളിവിലെ ഓർമ്മകൾ','ഉമ്മാച്ചു' എന്നീ നാടകങ്ങൾ അവതരിപ്പിച്ചു .കോട്ടയത്ത് ഒരു നാടകനവോത്ഥാനമാണ് സംഭവിച്ചിരിക്കുന്നതെന്നു പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ ലൈബ്രറി വാർത്താപത്രിക (ഫെബ്രുവരി)യിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു .200 നാടകങ്ങൾ സംവിധാനം ചെയ്തവരെ പോലും കേരളീയസമൂഹം ആദരവോടെ കാണാത്ത വർത്തമാനകാല സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ പ്രവർത്തനത്തിനു പ്രസക്തിയുണ്ട്.

2)യുദ്ധവെറി പിടിച്ച സായിപ്പിനെ ചൂണ്ടി ദേശമംഗലം രാമകൃഷ്ണൻ പാടുന്നു:
'വാല്മീകിയാവുക വേട്ടക്കാരാ
നിന്നെ നീ തന്നെ 
പിറകോട്ട് പിടിച്ചു വലിക്കുക .
ആരുമീ പാപത്തിനു 
പങ്കാളിയാവില്ല നിഷാദരേ
ബുദ്ധനാണു നീയും
ബുദ്ധനാണു ഞാനും 
ബുദ്ധരാണു സർവ്വരും:
ഓം ബുദ്ധമദ: ബുദ്ധമിദം 
ബുദ്ധാൽ ബുദ്ധ മുദച്യതേ 
ബുദ്ധസ്യ ബുദ്ധമാദായ
ബുദ്ധമേവാവശിഷ്യതേ."
(പ്രസാധകൻ ,ഏപ്രിൽ) 

എന്നാൽ കവിക്കു നല്ല ബോധമുണ്ട് ,ഒരു കവിത കൊണ്ടൊന്നും ഇക്കൂട്ടരെ ചെറുക്കാനാവില്ലെന്ന് .വേണമെങ്കിൽ കവിതയെ തന്നെ അവർ നശിപ്പിക്കും. 

3)റഷ്യൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ്റെ പുസ്തകപ്രേമത്തെയും അറിയപ്പെടാത്ത ചിന്തകളെയും പരിചയപ്പെടുത്തുന്ന 'സ്റ്റാലിൻസ് ലൈബ്രറി - ആൻഡ് ഹിസ് ബുക്സ്' എന്ന പുസ്തകത്തെപ്പറ്റിയാണ് വൈക്കം മുരളി എഴുതുന്നത് (ഏകാധിപതിയുടെ പുസ്തകശേഖരം, പ്രഭാതരശ്മി,ഏപ്രിൽ).ദീർഘകാലം റഷ്യയിൽ താമസിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് ചരിത്രകാരനായ ജിയോഫ്രെ റോബർട്സ് എഴുതിയ ഈ പുസ്തകത്തിൽ വിക്ടർ യുഗോയുടെ ഗ്രന്ഥശാല ചുട്ടുകരിച്ചതിനോടു സ്റ്റാലിൻ വേദനയോടെ പ്രതികരിക്കുന്ന ഭാഗം ഇതാണ് :'പുസ്തകങ്ങളാണ് നിങ്ങളുടെ വിമോചകനെന്നുള്ള കാര്യം മറന്നുവോ? നോക്കൂ ,പുസ്തകങ്ങൾ അങ്ങുയരത്തിൽ വരെ അടുക്കിവെച്ചിരിക്കുന്നു. അത് തട്ടുകളുടെ വിന്യാസത്തെയും യുദ്ധത്തെയും ദാരിദ്ര്യത്തെയും തകർത്തുകളയുന്നു.പിന്നീടത് സംസാരിക്കുന്നു.' അറിയപ്പെടാത്ത ഒരു സ്റ്റാലിനെ ഈ ലേഖനത്തിൽ കാണാം. 

4)കൽപ്പറ്റ നാരായണൻ ഒരു ആശയത്തെക്കുറിച്ച് ചിന്തിച്ച് അത് കവിതയുടെ രൂപത്തിലേക്ക് മാറ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. സ്വാഭാവികമായ കവിത അതിലുണ്ടാവില്ല. 'ഡൈനസോറുകൾ ഇല്ലാതായിട്ടില്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 6) എന്ന കവിതയിലെ വരികൾ ഇതിനു തെളിവാണ്.ദിനോസറുകൾ പുതിയ രൂപത്തിൽ ഇപ്പോൾ ജീവിക്കുന്നു എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത് .മാൾ ,പഞ്ചനക്ഷത്ര ഹോട്ടലുകൾ, വലിയ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ അതാണത്രേ സൂചിപ്പിക്കുന്നത്.

'ഇടമില്ലാത്തവരുടെ ഇടം 
ഇത്രമേൽ ചുരുങ്ങിയത് 
അതിൻ്റെ ഇടം 
അത്രമേൽ വർദ്ധിച്ചതിനാലാണ് .
അത് മാളായി മാറി 
പട്ടാപ്പകൽ പുറത്തിറങ്ങി 
ചില്ലറ വ്യാപാരശാലകളെ 
ചവച്ചു തിന്നുന്നത് കാണുന്നില്ലേ?'

ഇതൊക്കെ ഏത് ചെറുകിട കച്ചവടക്കാരനും അറിയാവുന്ന കാര്യമാണ്. കവി പറയേണ്ടതില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ല എഴുതേണ്ടത്. നിശ്ചയമില്ലാത്തതാ ണ് അന്വേഷിക്കേണ്ടത്. കവിത ജീവതത്ത്വപരമായ രഹസ്യങ്ങൾ തേടാനുള്ള കലയാണ്. കല്പറ്റയുടെ കവിതകളിൽ അത് കാണാനില്ല. 

5)മറ്റു സ്ത്രീകളെ സഹായിക്കാത്ത സ്ത്രീകൾക്ക് നരകത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്നു പറഞ്ഞത് മുൻ അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മതേലിൻ ആൾബ്രൈറ്റാണ്. 

6)അമെരിക്കയിലെ വിഖ്യാത ചലച്ചിത്ര സംവിധായകനും കോമേഡിയനുമായ വൂഡി അല്ലൻ പറഞ്ഞു: 'എൻ്റെ ജീവിതത്തിലെ ഒരു ദുഃഖം ഇതാണ്: എനിക്കു മറ്റൊരാളായിരിക്കാൻ കഴിയുന്നില്ല.'

7)ഷാജി വെങ്കടത്ത് എഴുതിയ 'ദ്  സോള്‍ ഓഫ് സോയിൽ'(ഗ്രാൻഡ്ബുക്സ് ,കോട്ടയം)എന്ന നോവൽ 1924 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി ഒരു കർഷകകുടുംബത്തിൻ്റെ കഥ പറയുകയാണ് .മണ്ണിനോടും  പ്രകൃതിയോടും അതിക്രമം മതിയാക്കൂ എന്നാണ് ഈ കൃതി വിളിച്ചു പറയുന്നത് .ഹൃദയത്തോടു സംവദിക്കുന്ന കൃതിയാണിത്. ഭാവിയിൽ വിശ്വസിക്കുന്നവർക്ക് ഇത് വായിക്കാം. മണ്ണിൻ്റെ മനസ് കാണണം. സി. എബ്രഹാം ഇട്ടിച്ചെറിയ ആമുഖം എഴുതിയിരിക്കുന്നു.

8)തമിഴ് ഭാഷാപണ്ഡിതനും വിമർശകനുമായ തമിഴവൻ എഴുതിയ 'ഷംപാല'(ഫെബിയൻ ബുക്സ്) മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു .ഡോ.ത.വിഷ്ണുകുമാരനും സുരേഷ് നൂറനാടും ചേർന്നാണ് പരിഭാഷപ്പെടുത്തിയത്. ഹിറ്റ്ലർ എന്ന ഫാസിസ്റ്റ് കഥാപാത്രത്തിലൂടെ  അടിച്ചമർത്തപ്പെട്ടവരെ ഒന്നൊന്നായി കാണിച്ചുതരുന്നു. എഴുത്തുകാരന്റെ ചിന്തയെയും ആവിഷ്കാരത്വരയെയും  നശിപ്പിക്കാനാവില്ലെന്നു നോവൽ പ്രഖ്യാപിക്കുന്നു. എഴുത്തുകാരൻ മനസിൽ പേറുന്ന ഭാരം ഈ കൃതി അനുഭവിപ്പിക്കുന്നു .

9)നിഷ വിനോദ് എഴുതിയ കവിതകളുടെ സമാഹാരമാണ് 'നിയോബി'(മലയാള സാഹിത്യ അക്കാദമി). യുദ്ധത്തിൽ മക്കൾ നഷ്ടപ്പെട്ട് സങ്കടശിലയായി മാറിയ, ഗ്രീക്ക് സാഹിത്യത്തിലെ അമ്മ നിയോബിയെ ഓർക്കുന്ന ഒരു കവിതയുണ്ട് ഇതിൽ .കവിതയിലൂടെ ചിന്തിക്കാൻ അറിയാവുന്ന കവിയെ ഈ രചനകളിൽ കാണാം.

'കടലിനെ പോലാരുണ്ട് ?
സർവതും നെഞ്ചിലേറ്റുന്നോൾ.
നുണയല്ല അമ്മമാരുണ്ട് 
കടലേ നിന്നെപ്പോലെ.'

'എച്ചിൽ പാത്രം പെറുക്കി 
പെറുക്കിയായ പെണ്ണ്.'

തുടങ്ങിയ വരികൾ യാഥാർത്ഥ്യത്തെ നിശിതമായി കാണാൻ കഴിവുണ്ടെന്നു തെളിയിക്കുന്നു.

അക്ഷരജാലകം /എം കെ.ഹരികുമാർ(march 31, 2025)

 


 

മഹാഭാരതദർശനം 


സാഹിത്യരചയിതാക്കൾക്ക് പൊതുവേ സംവേദനക്ഷമത നഷ്ടപ്പെട്ട ഒരു കാലമാണിത്. അതുകൊണ്ടാണ് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാത്ത വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ഒരാൾ എഴുതാൻ വേണ്ടി എഴുതരുത്; നമ്മെ മഥിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ സത്യം. അതാണ് എഴുതേണ്ടത്. എന്നാൽ പത്രവാർത്തകളുടെയും പലരുടെയും  വർത്തമാനങ്ങളിലൂടെയും സുപരിചിതമായ ഒരു വിഷയത്തെ പരിചയപ്പെടുത്താൻ വേണ്ടി എഴുതുന്നത് വ്യർത്ഥമാണ്. ഒരു സാഹിത്യസൃഷ്ടി  കലാനുഭവത്തിൽ നിന്നു പിൻവാങ്ങിയാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.സംവേദനക്ഷമതയ്ക്ക് ക്ഷയം സംഭവിച്ചതുകൊണ്ട് വൈകാരിക സത്യസന്ധ്യത നഷ്ടപ്പെട്ടിരിക്കയാണ്.  മനുഷ്യൻ്റെ ജീവിതത്തെ അനുഭവിക്കാൻ കഴിയാത്തതാണ് ദുരന്തം. വൈക്കം മുഹമ്മദ് ബഷീറിനു വലിയൊരു സിദ്ധിയുണ്ടായിരുന്നു. ഒരിടത്തിരുന്ന് ലോകജീവിതത്തെ ദീർഘദർശനം  ചെയ്യുന്ന സിദ്ധിയാണത്. 

വൈകാരികമായി അതീതബുദ്ധിയാണിത്. അതീന്ദ്രിയസിദ്ധി എന്നു  വിളിക്കാവുന്നതാണ് .ഒരു സാധാരണക്കാരനെ ബഷീർ അനുഭവിക്കുന്നു. എഴുതുമ്പോൾ ആ സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് ബഷീർ താമസംമാറ്റുന്നു. അവിടെയുള്ള സംഘർഷങ്ങളും സന്ദേഹങ്ങളും ആകുലതകളും നേരിൽ കണ്ടു ബോധ്യപ്പെടുന്നു. ആ മനുഷ്യവേദനകൾ എഴുത്തുകാരൻ്റേതായി മാറുന്നു. ഇതാണ് സംവേദനക്ഷമതയുടെ കാതൽ. ഒരു വ്യക്തിയുടെ എന്നപോലെ ഒരു സമൂഹത്തിന്റെയും ആന്തരികചലനങ്ങൾ അറിയാനുള്ള ജ്ഞാനസംവിധാനം വേണം. ഇപ്പോൾ ഇതാണ് നഷ്ടമായിരിക്കുന്നത്.  ഇപ്പോൾ എഴുത്തുകാരനു തന്റെ കുടുംബത്തെക്കുറിച്ചോ ഷോപ്പിംഗിനെക്കുറിച്ചോ, അടുത്തുകണ്ട സിനിമകളെക്കുറിച്ചോ മാത്രമാണ്  അറിയാവുന്നത്. ആഴത്തിലുള്ള അനുഭവങ്ങളുടെ സ്വാംശീകരണം സംഭവിക്കുന്നില്ല .കഴിഞ്ഞ പ്രളയത്തെക്കുറിച്ച് ഒരു മുതിർന്ന കഥാകൃത്ത് ഒരു കഥയെഴുതി .എന്നാൽ പ്രളയത്തിലെ മനുഷ്യാനുഭവങ്ങളോ ദുരിതങ്ങളോ ഒറ്റപ്പെടലോ ഒന്നും അദ്ദേഹത്തിൻ്റെ കഥയിൽ കണ്ടില്ല. അദ്ദേഹം എഴുതിയത് ഒരു വലിയ തറവാട്ടുകാരുടെ പുരയിടത്തിനടുത്ത് കെട്ടിയിട്ടിരുന്ന ഒരു ഇരുട്ടകുത്തി വെള്ളത്തിൽ ഒഴുകിപ്പോയതിനെക്കുറിച്ചാണ്.ആ ഇരുട്ടുകുത്തിയിൽ ഒരാൾ തൻ്റെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയതാണത്രേ .ഇരുട്ടുകുത്തി തിരിച്ചുകിട്ടുന്നതോടെ കഥ അവസാനിക്കുന്നു.

ഇതുപോലെ വളരെ ഉപരിതത്തിലുള്ള  വിവരങ്ങൾ കൊണ്ട് മലയാളകഥ വളരാനാകാതെ തപ്പിത്തടയുകയാണ്. സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും', ഒ.വി.വിജയൻ്റെ  അരിമ്പാറ, വി. പി.ശിവകുമാറിൻ്റെ  'പന്ത്രണ്ടാം മണിക്കൂർ', യു.പി.  ജയരാജിന്റെ 'ബിഹാർ' തുടങ്ങിയ കഥകൾ കൊണ്ടുവരുന്ന വൈകാരിക താണ്ഡവം ഇപ്പോൾ എവിടെയും കാണാനില്ല.


മഹാപണ്ഡിതനും വിമർശകനും തത്ത്വചിന്തകനുമായ കൃഷ്ണചൈതന്യ 'സംസ്കൃതത്തിലെ സാഹിത്യതത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ മഹാഭാരതത്തിന്റെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. മഹാഭാരതം ഒരു കവി സൃഷ്ടിച്ച പുരാണമാണെന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചർച്ച അത്ഭുതകരമായ സാരസ്വതമായിത്തീരുന്നു.

ഇത്രയും ഗാഢവും അർത്ഥസാന്ദ്രവുമായ ആലോചനകൾ നമ്മുടെ സാഹിത്യവിചിന്തനത്തിലില്ല എന്നു പറയാവുന്നതാണ്.ഇത് സംവേദനക്ഷമതയുടെ ഒരു ആരോഹണമാണ്. പ്രബുദ്ധത എങ്ങനെയാണ് സംവേദനക്ഷമമാകുന്നതെന്നു കൃഷ്ണചൈതന്യ എഴുതുന്നതു ശ്രദ്ധിച്ചാൽ മനസിലാകും. വ്യാസൻ്റെ രചന അബോധസർഗക്രിയയിൽ നിന്നു
സർഗാത്മകത്തിലേക്കുള്ള പരിവർത്തമാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

വ്യാസൻ പ്രകൃതിയെ കണ്ടെത്തുകയായിരുന്നു. വ്യാസനു  പ്രകൃതി അസ്തിത്വത്തിൽ നിന്നുള്ള അപഭ്രംശമായിരുന്നില്ല. മറിച്ച്,അത് ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നു അറിയിക്കുന്നു. അത് നിറവേറ്റാൻ മനുഷ്യൻ ഒരു ഉപകരണമാകുമ്പോൾ അവൻ ആത്മസാക്ഷാത്കാരത്തിലേക്കുയരുന്നു.
പ്രകൃതിയിൽ നമ്മുടെ യാത്രകൾ അലിഞ്ഞുചേരുന്നു. അത് പരിവർത്തനത്തിൻ്റെ സന്ദർഭമൊരുക്കുന്നു. അതറിയുന്ന മനുഷ്യചേതന സ്വന്തം വ്യാപ്തിയുടെ മണ്ഡലം തിരിച്ചറിയുന്നു.

സംവേദനപരമായ ഒരു വികാസമാണ് ഇവിടെ കാണാനാവുന്നത്. ലോകവും മനുഷ്യചേതനയും ദൈവവും  തമ്മിലുള്ള ഒരു സിംഫണിയായി ആ ആഖ്യാനം രൂപാന്തരപ്പെടുന്നു. ഐന്ദ്രിയമായ അറിവുകളെ പ്രാപഞ്ചികമായ ഒരു സിംഫണിയുടെ ഭാഗമാക്കുകയാണ് വ്യാസൻ ചെയ്തത്.

കൃഷ്ണചൈതന്യ എഴുതുന്നു:'തൻ്റെ ബന്ധുവും മന്ത്രിയുമായ ഉദ്ധവനെ  കൃഷ്ണൻ ഉപദേശിക്കുന്നു: നിയന്ത്രിതമായ മനസ്സോടും ഇന്ദ്രിയങ്ങളോടും കൂടി ഈ ലോകത്തെ കാട്ടുവാൻ അങ്ങയുടെ ഹൃദയത്തിലും അങ്ങയെ സർവ്വേശ്വരനായ എന്നിലും കാണുക. സ്വപ്രയത്നംകൊണ്ടാണ് വിവേകികൾ ആത്രക്കർഷം നേടുന്നത്. ആത്മാവാണ് സർവ്വോത്തമഗുരു.'

ലോകത്തെ ഹൃദയത്തിൽ കാണുവാനാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. അത് വിവേകിയുടെ ദൗത്യമാണ്. പ്രകൃതിപുരാണം കഥനവൈഭവം അതിനാവശ്യമാണ്. അദ്ദേഹം തുടർന്ന് കൃഷ്ണന്റെ ഭാഷണം ഉദ്ധരിക്കുന്നു: 'പ്രകൃതിയുടെ ഈ പ്രതിഭാസങ്ങളിൽ നിന്നു പഠിക്കുക... ലോകസൗഖ്യത്തിനു വേണ്ടി ധാതുക്കൾക്കും മറ്റു വസ്തുക്കൾക്കും പ്രഭവമായി നിൽക്കുന്ന ഈ പർവതങ്ങളിൽ നിന്നു നീ നിനക്ക് വേണ്ടിയല്ല ,അന്യനു വേണ്ടിയാണ് ജീവിക്കുന്നതെന്നു പഠിക്കുക.അനന്തവും സർവ്വസ്പർശിയും എന്നാൽ സ്വയം അസ്പഷ്ടവുമായ ആകാശമാണ് യോഗിക്കുള്ള ഉപമേയം.നിർമ്മലവും  പരിശുദ്ധവും പരിപൂതവും സുഖപ്രദവും ക്ളമാപഹാരകവുമായ ജലത്തെപ്പോലെയാകണം. അശുദ്ധ പദാർത്ഥങ്ങളെല്ലാം എരിച്ചു ചാമ്പലാക്കുന്ന തീ പോലെ വിജ്ഞാനം കൊണ്ടുദീപ്തമാകണം. അഗാധവും  അപാരവുമായ സമുദ്രം പോലെ തന്നിൽ വന്നുചേരുന്ന വസ്തുക്കൾ കൊണ്ട് വൃദ്ധിപ്പെടുകയോ തന്നിൽ നിന്നു നിർഗമിക്കുന്നവകൊണ്ട് ക്ഷയപ്പെടുകയോ ചെയ്യാതിരിക്കണം. നന്മകളിൽ നിന്നും തിന്മകളിൽ നിന്നും എല്ലാം കുറേശ്ശെയെടുത്ത് തേനീച്ച തേനുണ്ടാക്കുന്നതുപോലെ ഉത്തമാംശം  സംഗ്രഹിക്കുക.'

സ്വാംശീകരണം എന്നത് ഒരു തുടർപ്രക്രിയയാകണമെന്നാണ് സാരം. പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നു നാം അനശ്വരമായ, മഹത്തായ ജീവിതാദർശം ഉൾക്കൊള്ളേണ്ടതുണ്ട്. അഗ്നി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അഗ്നി ഒരിക്കലും മലിനമാകുന്നില്ല. ജലം എല്ലാറ്റിനെയും നിലനിർത്തുകയാണ്. വ്യാസൻ തന്റെ ചുറ്റുപാടിനെ, ലോകത്തെ ,പ്രപഞ്ചത്തെ എങ്ങനെയാണ് സമ്മോഹനവും നിത്യപ്രസക്തവുമായ ഒരു സംവേദനവ്യൂഹമാക്കി പരിവർത്തിപ്പിക്കുന്നതെന്നാണ് കൃഷ്ണചൈതന്യ വിശദമാക്കുന്നത്. 

ഒരു കവി അല്ലെങ്കിൽ എഴുത്തുകാരൻ തന്റെ നിമിഷങ്ങളെ, അനുധ്യാനങ്ങളെ വ്യാമിശ്രമായ ,നിരന്തരം വികസിക്കുന്ന ഒരു സംവേദനാത്മകവ്യൂഹമാക്കുകയാണ് വേണ്ടത് .ഓരോ വസ്തുവിനോടും സുവേദനം ചെയ്യാനാകണം.

15


അതിഥികമായി ലക്ഷ്യമാക്കുന്നത് ഒന്നാണ് ഈ മാർഗങ്ങൾ എല്ലാം വ്യാസൻ സമ്മേളിപ്പിക്കുന്നു ഈ സമീപനങ്ങൾക്ക് വേദപശ്ചാത്തലം ഉണ്ടായിട്ടും അതിന് പൂർണ്ണത ലഭിക്കുന്നില്ല ലഭിക്കുന്നില്ല എന്നാണ് വ്യാസ ചിന്തിച്ചത് വേദത്തെ വാക്കുകൾ വച്ച് അർത്ഥം തിരയുന്ന രീതിക്ക് പകരം കുറെക്കൂടി വലിയ ഒരു രംഗവേദി ഉണ്ടാക്കി കൃഷ്ണൻ ആ രംഗവേദിയുടെ മഹത്തായ രൂപമാണ് മുഹൂർത്തമായ കേവലമ വേദങ്ങളിൽ അറിയപ്പെട്ടവൻ ഞാനാണ് എന്നെ അറിയുന്നവൻ എന്നെ ആരാധിക്കുന്നു എന്നിൽ മനുഷ്യൻ ഉറപ്പിക്കുക എന്നിൽ തന്നെ ബുദ്ധിയും അർപ്പിക്കുക ബ്രഹ്മവുമായി ഒരു മുഖാമുഖം സാധ്യമല്ല എന്നാൽ കൃഷ്ണനുമായി സാധ്യമാണ് ഇതാണ് വ്യാസന്റെ ദക്ഷിണയുടെ പ്രത്യേകത എന്താണ് കൃഷ്ണന്റെ ഭാഷ ഭാഷ അനുസരിച്ച് ജൈവ ലോകവും അതീതവും ഒന്നാണ് ദൈവവും ജൈവ ശാസ്ത്രവും ഒന്നാണ് മനുഷ്യന് ദൈവം ഒന്നാണ് കൃഷ്ണൻ ലോകത്തോട് തന്റെ തന്നെ ആരാധിക എന്ന് പറയുമ്പോൾ ഓരോരുത്തരും സ്വയം കണ്ടെത്തണം എന്നാണ് നിർദ്ദേശിക്കുന്നത് കൃഷ്ണനിൽ സ്വയം അർപ്പിക്കുന്നത് കൊണ്ട് അത് മലിനമാകുന്നില്ല സ്വാർത്ഥമാക്കുന്നില്ല തിന്മയാകുന്നില്ല അർപ്പിക്കുമ്പോൾ അത് സർവ്വസ്തുക്കളോടുമുള്ള സമഭാവനയാണ് അവിടെ കാര്യകാരുണ്യവും ആഗ്രഹവുമാണ് തെളിയുന്നത് കൃഷ്ണൻ അതേസമയം ചരിത്രസംഭവങ്ങളുടെ തലത്തിൽ മർത്യനായ ആവർത്തിക്കുന്നത് അതിനാൽ പോവുക തന്നെ വേണം എന്ന് കൂട്ടിച്ചേർക്കുന്നു വ്യാസന്റെ കലാപരവും ദാർശനവുമായി ദാഹമാണ് കൃഷ്ണന്റെ കൃഷ്ണനെ ഉത്തമപുരുഷൻ ബിംബമായി അവതരിപ്പിക്കാൻ പേരകം ആകുന്നത് കൃഷ്ണൻറെ ചരിത്രപരമായ പ്രസക്തി അവസാനിക്കുന്നതോടെ പിൻവാങ്ങുന്നത് അതുകൊണ്ടാണ് ചരിത്രം ഈശ്വര പരിപാടി ആണെന്ന് ആണെങ്കിൽ മനുഷ്യന് അതിനുള്ള ഉപകരണമാണ് ഉപകരണത്തിന് പ്രകൃതിയുടെ നശ്വരതയെ അതിജീവിക്കാൻ സാധ്യമല്ല ഒരു കർമ്മ ദർശനമാണെന്ന് ചൂണ്ടിക്കാട്ടുന്നു ബ്രഹ്മം കർമ്മത്തിൽ ആണ് ഇരിക്കുന്ന കർമ്മം ഇല്ലാതായ ഈ വിഷം നിന്നുപോകും കർമ്മം ചെയ്യാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു അപ്പോഴാണ് ബ്രഹ്മമുള്ളത് കൃഷ്ണൻറെ വാക്കുകൾ ഉദ്ധരിക്കുന്നു കർമ്മപരിധിയിലൂടെയാണ് കാറ്റ് വീശുന്നത് കർമ്മപരിധിയിലൂടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിർണയനായ സൂര്യൻ എന്ന് ഉദിക്കുന്നു ചന്ദ്രനും അതിൻറെ പക്ഷങ്ങളിലൂടെ കൃത്യമായി ചിരിക്കുന്നു കർമ്മപരിതയിൽ വിറക് തീപിടിച്ച് ജീവികളുടെ നന്മയ്ക്ക് വേണ്ടി കത്തുന്നു വസന്ത ഭീമാ ഭീമഭാരം വഹിക്കുന്നു ക്ഷീണങ്ങളായ വാഹിനികൾ ജീവികളുടെ ആവശ്യം നിർവഹിക്കുന്ന ജലവും വഹിച്ച വേഗതയോടെ ഒഴുകുന്നു. ഉച്ചകാലത്തിൽ മഴപെയ്ത നിബന്ധങ്ങൾ ഒക്കെ ശബ്ദമുഹരിതമാക്കുന്നു ഇതാണ് വ്യാസന്റെ സംഭവം സഭാ വികസിക്കുന്ന ദൈവ സംവേദനത്തിന്റെ മഹാലോകം ഇതാണ് കർമ്മ ദർശനത്തിന്റെ അടിയിലുള്ള ജരാചരവും അനശ്വതമായ കർമ്മപരിധിയിൽ അധപതനം ഇല്ല പരിവർത്തനം മാത്രമേയുള്ളൂ പല ദശകശകളിലൂടെ കടന്ന് പരിവർത്തനം നീളുന്നു ഇതാണ് വിശ്വാത്മകമായ സൗന്ദര്യം അല്ലെങ്കിൽ പ്രാപഞ്ചികമായ സിംഫണി ഇതാണ് വ്യാസൻ സൃഷ്ടിക്കുന്ന കലാ ദൃശ്യം


വെറുതെ രേഖകൾ എഴുതിയ കവികൾ പ്രഭാതലക്ഷ്മി ആശയപരമായ വർഗീയത മഹാമാരി മനുഷ്യജന്മം ഓർമ്മ ഇതാണ് അലിയുടെ ഒരു കുറവ് ഇത് കവിത എന്ന് വാക്കിന് തന്നെ അപമാനമാക്കുക ഇത് കവിതയ്ക്ക് എന്നെ അപമാനമാണ് കുറെ വാക്കുകൾ എഴുതി വച്ചാൽ കവിതയാകില്ല മറ്റൊരു കവിത നോക്കൂ മതഭ്രാന്ത് മതം പൊട്ടിയ മനസ്സ് വിഡ്ഢികളുടെ അടിമിക്കുന്നതാണ് കവിതയും തെറ്റിദ്ധരിക്കുന്നതാണ്


വായനക്കാരനൊരു കൃതി വായിച്ചശേഷം അത് പുനസൃഷ്ടിക്കുകയാണ് ചെയ്തത് നാശൻ പറയുന്ന കഴിവുണ്ട്. എഴുത്തുകാരനും വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ സർഗാത്മകതയുടെ വായനക്കാരൻ തയ്യാറാവുന്നു എന്ന നിരീക്ഷണ സത്യമാണ്

കാളിദാസന്റെ മേഘസന്ദേശം ലോകത്തെ തന്നെ അപൂർവമായ ഒരു കാവ്യമാണ് അതിനെ മ്യൂസിക് ഓഫ് എന്ന് വിളിക്കുന്നുണ്ട് സങ്കടത്തിന്റെ സംഗീതം സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നത് കനാൽമകഥയാണ് അതുപോലെ വിരഹവും കാനാത്മകമാണ്

നോവൽ എന്ന വാക്ക് എഴുതിയത് എഴുതുക എന്ന് അധ്വാനമാണ് ആഹ്വാനമാണ് നൽകുന്നത് നിരന്തരം നവീകരിക്കപ്പെടുന്നതാണ് നോവൽ ഒരു നോവൽ മറ്റൊരു നോവൽ പോലെ ആയിരിക്കരുത് ബഷീറിൻറെ സ്മൃതികാവ്യം ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റ് മധുരം ബഷീറിൻറെ മാന്ത്രിക പൂച്ച ദേവിന്റെ ഓടയിൽ നോവലുകൾ നോക്കൂ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത് നോവൽ ഇത് ആവശ്യപ്പെടുന്നുണ്ട്

കുമാരനാശാന് കരുണ എന്ന കാവ്യത്തിന് പേരിട്ടത് എന്തുകൊണ്ടാണ് കുമാരനാശാൻ കരകരണങ്ങൾ കിടക്കുന്ന വാഹനത്തോട് സന്യാസി കരുണ കാണിക്കുന്നു എന്നു പറയാനല്ല ഒരു സ്ത്രീ സ്നേഹം ആഭിമുഖ്യത്തിൽ അത് മാനിക്കാതെ ഒഴുകി നടന്ന ഒരു സന്യാസി അവൾ ചോരയിൽ കുളിച്ചു കിടക്കുമ്പോൾ കാണാൻ വരുന്നില്ല ചൂണ്ടിക്കാണിക്കുക ആശാന്റെ ലക്ഷ്യമായിരുന്നു മനുഷ്യത്വത്തോട് കരുണ കാണിക്കണമെന്നാണ് ആശാൻറെ ആഹ്വാനം

മലയാളത്തിൽ ഏറ്റവും വലിയ നോവൽ എഴുതിയ വിലാസിനിക്കി ഇനിയും വേണ്ടപോലെ ആളുകൾ നൽകിയിട്ടില്ല ഊഞ്ഞാലിങ്ങാത്ത കണ്ണുകൾ എന്ന നോവലുകളിൽ വിലാസിനി അത് വായിച്ച് കാത്ത് വരെ വായിപ്പിച്ചു വേണം സംഘടിപ്പിക്കാൻ

ആധുനിക സാഹിത്യകാരനായ വിന്താം ലവിസ് ആൾക്കൂട്ടം ഒരു വിചിത്ര ജീവിയാണ് അത് ദുർഗമാണ് അതിന് പലരൂപങ്ങൾ അർപ്പിക്കാൻ കഴിയും. ഇത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആൾക്കൂട്ടത്തോടൊപ്പം കഴിയണം അല്ലാത്ത ഒരു ലോകത്തെ കൈകാര്യം ചെയ്യണമെങ്കിൽ നിങ്ങൾ പരമാവധി സ്വതന്ത്രമാക്കണം നിങ്ങളുടെ ഒരു പ്രക്ഷോഭമാണ്

എഴുത്തുകാരന്റെ പരാജയമില്ല അവൻ പരാജയത്തെ ഓരോ നിമിഷവും കാണുന്നുണ്ട്. ഓരോ നിമിഷവും പരാജയത്തെ കടിച്ചിറക്കുന്നു ഓരോ പരാജയത്തിൽ നിന്നും ഉയർന്നു പറക്കാൻ അവൻ വീണ്ടും എഴുതിക്കൊണ്ടിരിക്കും എഴുതിയ ചരിത്രമാണ് അത് നശിപ്പിക്കാൻ ആർക്കും കഴിയില്ല